കൊച്ചി : പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഇരട്ടവോട്ടുള്ളതായി കണ്ടെത്തല്‍. രായമംഗലം പഞ്ചായത്തിലെ 142-ാം ബൂത്തിലും മാറാടിയിലെ 130-ാം ബൂത്തിലുമാണ് വോട്ടുള്ളത്. എല്‍ദോസിനൊപ്പം ഭാര്യയ്‌ക്കും ഈ രണ്ട് ബൂത്തിലും വോട്ടുണ്ട്.
എന്നാല്‍ തനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് എല്‍ദോസിന്റെ പ്രതികരണം. മാറാടിയിലെ ബൂത്തില്‍ അഞ്ച് വര്‍ഷം മുമ്പ് തനിക്ക് വോട്ടുണ്ടായിരുന്നു. അവിടെ നിന്നും വോട്ട് മാറ്റി. നിലവില്‍ രായമംഗലം പഞ്ചായത്തിലാണ് തനിക്കും ഭാര്യയ്‌ക്കും വോട്ടുള്ളത്. രണ്ട് ബൂത്തില്‍ തനിക്ക് വോട്ടുള്ളത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തു നിന്നുള്ള പാളീച്ചയാണെന്നും എല്‍ദോസ് കുന്നപ്പിള്ളി അറിയിച്ചു.
ഇത് കൂടാതെ തൃശൂര്‍ കയ്‌പ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശോഭ സുബിന് മൂന്ന് വോട്ടും രണ്ട് തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. കയ്പമംഗലം പഞ്ചായത്തിലും നാട്ടിക മണ്ഡലത്തിലെ വലപ്പാട് പഞ്ചായത്തിലും വോട്ടുണ്ടെന്നാണ് കണ്ടെത്തിയത്.
അതേസമയം ഇരട്ട വോട്ട് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം തേടിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയിലാണ് വിശദീകരണം തേടിയിരിക്കുന്നത്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: