തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ക്ഷേത്ര ദര്‍ശനം നടത്തി പ്രസാദം സ്വീകരിക്കുന്നതിനെ ട്രോളി സമൂഹ മാധ്യമങ്ങള്‍. തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയരുന്നത്. കഴക്കൂട്ടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് കടകംപള്ളി.
ശ്രീകാര്യം കുരുമ്പകോണം മുടിപ്പുര ദേവീക്ഷേത്രത്തില്‍ കടകംപള്ളി ദര്‍ശനം നടത്തി പ്രസാദവും സ്വീകരിച്ച് മടങ്ങുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഉത്സവം നടന്ന ക്ഷേത്രത്തില്‍ തിങ്കളാഴ്ച രാവിലെയാണ് പ്രചാരണത്തിനിടെ കടംകംപള്ളി എത്തിയത്.
തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല വിഷയത്തില്‍ കടകംപള്ളി മലക്കം മറിഞ്ഞിരുന്നു. അന്നത്തെ നിലപാടില്‍ കടകംപള്ളിയുടെ ഖേദ പ്രകടനം വിവാദമാവുകയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ക്ഷേത്ര ദര്‍ശന ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കുടുംബാംഗങ്ങളുടെ പേരില്‍ വഴിപാട് നടത്തിയിരുന്നു. തുടര്‍ന്ന് ഗുരൂവായൂര്‍ സന്ദര്‍ശനത്തില്‍ കടംകംപള്ളിക്ക് ജാഗ്രതകുറവുണ്ടായി എന്നതായിരുന്നു സിപിഎം വിലയിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാണ് സിപിഎം തീരുമാനം. അതുകൊണ്ടുതന്നെ കടകംപള്ളിയില്‍ നിന്നും വിശദീകരണം തേടുകയോ മറ്റോ പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ തെരഞ്ഞെടുപ്പില്‍ അത് ഇടതു പക്ഷത്തിന് പ്രതികൂലമായ മനോഭാവം ജനങ്ങള്‍ക്കിടയില്‍ ഉടലെടുക്കാന്‍ കാരണമാകുമെന്നാണ് സിപിഎം വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: