സിംഹാസനാധീശ്വരനായ ഛത്രപതിയുടെ യാത്ര വൈഭവത്തോടുകൂടിയതായിരുന്നു. യാത്രയില്‍ മാര്‍ഗത്തില്‍ കോലാഹലമോ പിടിച്ചുപറിയോ ഒന്നും തന്നെയുണ്ടായിരുന്നില്ല. ശാന്തഗംഭീരമായ യാത്രാവിവരണം കേട്ട് കുതുബുശാഹ വളരെ സന്തുഷ്ടനായി. ഛത്രപതിയുടെ സ്വാഗതത്തിനായി മുഴുവന്‍ ഭാഗാനഗവും അണിഞ്ഞൊരുങ്ങി. നഗരത്തിന് പുറത്ത് നാല് ഗ്രാമങ്ങള്ക്കപ്പുറത്ത് ചെന്ന് ശിവാജിയെ സ്വീകരിക്കാന്‍ കുതുബശാഹ സന്നദ്ധത പ്രകടിപ്പിച്ചു. അതിനു മറുപടിയായി ശിവാജി പറഞ്ഞു, താങ്കള്‍ എന്റേ ജ്യേഷ്ഠ തുല്യനാണ് താങ്കള്‍ മുന്നോട്ടുവരേണ്ടതില്ല. ഞാന്‍ തന്നെ താങ്കളുടെ അടുത്തേക്ക് വരാം. കൂടിക്കാഴ്ച സമയത്ത് ഛത്ര ചാമരങ്ങളുമായി വന്നാല്‍ മതി. ഞാനും അതുപോലെ ചെയ്യാം. ഇത്തരത്തില്‍ ഛത്രപതി തന്റെ സാര്‍വഭൗമ ഛത്രപതി സ്ഥാനം (പദവി) കുതുബശാഹയെ ഓര്‍മിപ്പിച്ചു.
ഭാഗാനഗരത്തിലേക്കുള്ള യാത്രാ മദ്ധ്യേ, ദക്ഷിണത്തിന്റെ പ്രവേശനദ്വാരം എന്ന് പ്രസിദ്ധമായ കൊപ്പള പ്രദേശത്തിലെ ഹിന്ദുക്കള്‍, ശിവാജി കര്‍ണാകടത്തിലേക്ക് യാത്ര പുറപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത കേട്ട്, ശിവാജിയെ വന്ന് കണ്ട് അവരുടെ നിവേദനം അര്‍പ്പിച്ചു. കൊപ്പള പ്രദേശത്ത് ബീജാപ്പൂരിന്റെ രണ്ട് സര്‍ദാര്‍മാര്‍ ഉണ്ടായിരുന്നു. അബ്ദുള്‍ റഹീംഖാനും ഹുസേന്ഖാനും. ഇവര്‍ രാക്ഷസന്മാരായ പഠാണികളായിരുന്നു. ഇരുവരും അമാനുഷികമായ ക്രൂരകൃത്യങ്ങളില്‍ ആനന്ദമനുഭവിക്കുന്നവരായിരുന്നു. ഹിന്ദുക്കളുടെ മേല്‍ അവരുടെ എല്ലാ ക്രൂരവിനോദങ്ങളും അത്യാചാരങ്ങളും നടത്തിക്കൊണ്ടിരിക്കയായിരുന്നു. ഈ അവസരത്തില്‍ റായഗഢില്‍ ശിവാജിയുടെ സിംഹാസനാരോഹണം നടന്ന വിവരം അവര്‍ അറിഞ്ഞിരുന്നു. അപ്പോള്‍ മുതല്‍ ശിവാജിയെ പ്രതീക്ഷിച്ചിരിക്കയായിരുന്നു. ആ ഹിന്ദുക്കളുടെ പ്രതിനിധികളാണ് ഇപ്പോള്‍ ശിവാജിയെ വന്നുകണ്ട് തങ്ങളുടെ ദുഃഖങ്ങളും ദുരിതങ്ങളും നിവേദന രൂപത്തില്‍ ഛത്രപതിയുടെ മുന്നില്‍ അവതരിപ്പിച്ചത്.
കൊപ്പള പ്രദേശത്തെ ഹിന്ദുക്കളുടെ ദുരവസ്ഥ കേട്ട ഉടനെ ശിവാജി ധാര്‍വാഡ് മാര്‍ഗത്തില്‍ കൂടി സഞ്ചരിച്ചുകൊണ്ടിരുന്ന സര്വ്വസൈന്യാധിപന് ഹംബീരറാവ് മോഹിതേക്ക് സൂചന കൊടുത്തു, കൊപ്പള പ്രദേശത്തെ ഹിന്ദുക്കളെ രാക്ഷസന്മാരില്‍നിന്നും മോചിപ്പിക്കാന്‍. ഹംബീരറാവുവിന്റെ കൂടെ സര്‍ജേറാവ് ജേധേ അദ്ദേഹത്തിന്റെ മകന് ധവാജിജാധവ് മുതലായ യുവവീരന്മാരും ഉണ്ടായിരുന്നു. ശിവാജിയുടെ സേനാപതി സൈന്യസമേതം വരുന്നുണ്ടെന്ന വിവരം ലഭിച്ച ഹുസേര്ഖാന് തന്റെ രാക്ഷസാകാരന്മാരായ പഠാന് സൈനികരുമായി കോട്ടയ്ക്ക് പുറത്ത് അടിവാരത്തു വന്നുനിന്നു. എന്നാല്‍ അയാളുടെ സൈന്യത്തിന് മറാഠാ സൈനികരുടെ യുദ്ധാവേശത്തിനു മുന്നില്‍ പിടിച്ചുനില്ക്കാന് സാധിച്ചില്ല. പഠാന് സൈനികര്‍ അരിഞ്ഞു തള്ളപ്പെട്ടു. ഹുസൈന് ഖാന് ബന്ധിതനായി. അബ്ദുള്ള കൊല്ലപ്പെട്ടു.
ഈ യുദ്ധത്തില്‍ യുവവീരനായ നാഗോജി ജേധേയുടെ നെറ്റിയില്‍ അമ്പുകൊണ്ടു. പിതാവായ സര്‍ജേറാവു പുത്രനെ മടിയില്‍ക്കിടത്തി നെറ്റിയില്‍ നിന്നും അമ്പുവലിച്ചെടുത്തു. അച്ഛന്റെ മടിയില്‍ തന്നെ മകന്റെ പ്രാണന് വിച്ഛേദിക്കപ്പെട്ടു. ഗ്രാമത്തില്‍ നാഗോജിയുടെ ഭാര്യ വിവരമറിഞ്ഞു. എന്നാല്‍ ആ വീരപത്നി ഒരിറ്റു കണ്ണീരൊഴുക്കിയില്ല. വീരസ്വര്‍ഗത്തില്‍ പതിയുമായി കൂടിച്ചേരാന്‍ സ്വയം ചിതയില്‍ പ്രവേശിച്ചു. താരുണ്യത്തിന്റെ ആരംഭത്തില്‍ തന്നെ ഇരുവരുടെയും സുഖവും സന്തോഷവും ചിതയില്‍ ദഹിച്ചു. കൊപ്പളത്തിലെ ആയിരക്കണക്കിന് ഹിന്ദു കുടുംബത്തിന്റെ കണ്ണീരൊപ്പാനായി ഇരുവരും ആത്മാഹുതി ചെയ്തു.
ധര്‍മരക്ഷണവും സമാജത്തിന്റെ സുഖവും എല്ലാം ആരെങ്കിലും സ്വജീവനം അതിനായി അര്‍പ്പിക്കാന്‍ തയ്യാറാവുമ്പോള്‍ മാത്രം സൃഷ്ടിക്കപ്പെടുന്നതാണ്. പുത്രനെയും പുത്രവധുവിനെയും സ്വരാജ്യത്തിനായി ആഹുതിയാക്കിയശേഷം സര്‍ജേറാവു വീണ്ടും മഹാരാജാവിന്റെ സൈന്യത്തില്‍ വന്നുചേര്‍ന്നു. ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം കണ്ഠകാകീര്ണമാണ്, അതാകട്ടെ സ്വയം സ്വീകൃതവും. കൊപ്പള പ്രദേശം വിജയിച്ചതിനുശേഷം ഹംബീര്റാവു സൈന്യസമേതം ശിവാജിയുടെ സൈന്യത്തോടൊപ്പം വന്നുചേര്‍ന്നു.
ഛത്രപതി ശിവാജിയുടെ കീര്‍ത്തിയാല്‍ പ്രഭാവിതരായ ഭാഗാനഗരത്തിലെ ജനങ്ങള്‍ അദ്ദേഹത്തിന്റെ ദര്‍ശനത്തിനുള്ള അവസരം പ്രതീക്ഷിച്ചുകൊണ്ടിരിക്കയായിരുന്നു. നഗരത്തിനു പുറത്തുതന്നെ അക്കണ്ണ, മാദണ്ണ, രണ്ട് രാജ്യത്തിന്റെ രാജദൂതന്മാര് എന്നിവര്‍ കുടുംബസമേതം വന്നു മഹാരാജാവിനെ സ്വാഗതം ചെയ്തുകൊണ്ട് ആദരവ് പ്രകടിപ്പിച്ചു. തുടര്‍ന്നു നഗരത്തില്‍ മഹാരാജാവിന്റെ ശോഭായാത്ര (നഗരപ്രദക്ഷിണം)നടന്നു. അസംഖ്യം കണ്ഠങ്ങളില്‍ നിന്നുമുള്ള ജയഘോഷംകൊണ്ട് അന്തരീക്ഷം മുഖരിതമായി. ഭാഗാനഗരത്തിന്റെ രാജവീഥിയില്‍ നടന്ന ശിവാജിയുടെ ശോഭായാത്രയുടെ വൈഭവം പറഞ്ഞറിയിക്കാവുന്നതല്ല. ശിവാജിയുടെയും അദ്ദേഹത്തിന്റെ മാവളി സൈന്യത്തിന്റെയും അദ്ഭുത-സാഹസിക-പരാക്രമങ്ങള്‍ കേട്ട ജനങ്ങള്‍ ഇപ്പോള്‍ ആ സൈനികരെ പ്രത്യക്ഷത്തില്‍ കണ്ട് രോമാഞ്ചംകൊള്ളുകയായിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ വീഥിയില്‍ ശിവരാജേയുടെ മേല്‍ പുഷ്പവര്ഷണം നടന്നു. മംഗളവാദ്യങ്ങളും സ്ത്രീജനങ്ങളുടെ ആരതിയും, താലപ്പൊലിയും വഴിനീളെ ജനങ്ങള്‍ ആഹ്ലാദഭരിതരായിരുന്നു. ശിവാജിയും രണ്ടു കരങ്ങള്‍കൊണ്ടും ജനങ്ങളുടെ മദ്ധ്യത്തിലേക്ക് സ്വര്‍ണനാണയങ്ങളും വെള്ളിനാണയങ്ങളും എറിഞ്ഞുകൊണ്ടേയിരുന്നു. ഹൈദരാബാദിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ സംഭവമായിരുന്നു അത്.
അവസാനം ശിവഛത്രപതി കുതുബശാഹയുടെ ദാദാമഹല് എന്ന് പ്രസിദ്ധമായ കൊട്ടാരത്തില്‍ പ്രവേശിച്ചു. അവിടെ കുതുബശാഹ സ്വീകരിക്കാന്‍ തയ്യാറായി പ്രതീക്ഷിച്ചിരിക്കയായിരുന്നു. അത്യന്തം സ്നേഹാദരത്തോടുകൂടി ശിവാജി അദ്ദേഹത്തെ ആലിംഗനം ചെയ്തു. കുതുബശാഹ തന്റെ ഇരിപ്പിടത്തോട് ചേര്‍ന്ന് മഹാരാജാവിന് ഇരിക്കാന്‍ വേറെ ഉയര്‍ന്ന ഇരിപ്പിടം തയ്യാറാക്കിയിട്ടുണ്ടായിരുന്നു. യവനികയുടെ പിന്നിലിരുന്ന് സ്ത്രീകള്‍ ആ വിചിത്ര പുരുഷനെ നോക്കിക്കൊണ്ടിരിക്കയായിരുന്നു. ബാദശാഹയാകട്ടെ ശിവാജിയോടൊപ്പം തുറന്നു സംസാരിച്ചുകൊണ്ടിരുന്നു. മഹാരാജാവിന്റെ അദ്ഭുത സാഹസപ്രവൃത്തികളെക്കുറിച്ച് അനേകം ചോദ്യങ്ങള്‍ അദ്ദേഹം ചോദിച്ചു. ബാദശാഹ ചിത്രത്തില്‍ മാത്രമാണ് രണാങ്കണം കണ്ടിട്ടുള്ളത്. പ്രത്യക്ഷത്തില്‍ ഒരിക്കലുമില്ല. അതുകൊണ്ട് ശിവാജി തന്റെ അനുഭവങ്ങള്‍ പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ ബാദശാഹ ആശ്ചര്യംകൊണ്ട് ഭ്രമിച്ചുപോയി. കൂടിക്കാഴ്ചയുടെ കാലാവധിക്കുശേഷം ബാദശാഹ ശിവാജിക്ക് ആന, കുതിര, വസ്ത്രം മുതലായവ സമ്മാനമായി കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: