ഇസ്താംബുള്‍: 2022ലെ ഖത്തര്‍ ലോകകപ്പില്‍ സീറ്റ് ഉറപ്പിക്കാനുള്ള യൂറോപ്യന്‍ യോഗ്യതാ മത്സരങ്ങള്‍ക്ക് തുടക്കമായി. ഗ്രൂപ്പ് ജിയില്‍ വന്‍ അട്ടിമറി നടന്നു. തുര്‍ക്കിയാണ് വമ്പന്‍ അട്ടിമറിയിലൂടെ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് തുടക്കമിട്ടത്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് നെതര്‍ലന്‍ഡ്സാണ് തുര്‍ക്കിയോട് തകര്‍ന്നത്. മുന്നേറ്റതാരം ബുറാക്ക് യില്‍മാസിന്റെ ഹാട്രിക്കാണ് തുര്‍ക്കിക്ക് അത്യുജ്ജ്വല ജയം സമ്മാനിച്ചത്. യില്‍മാസിന് പുറമെ ഹക്കാന്‍ ചാലനോഗ്ലുവും തുര്‍ക്കിക്കായി വലകുലുക്കി. ഡാവി ക്ലാസന്, ലൂക്ക് ഡിജോങ് എന്നിവരാണ് ഡച്ച് പടയ്ക്കായി വലകുലുക്കിയത്. 15-ാം മിനിറ്റിലും 31-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 81-ാം മിനിറ്റിലുമാണ് യില്‍മാസ് ഗോളടിച്ചത്. 46-ാം മിനിറ്റിലായിരുന്നു ചാലനോഗ്ലുവിന്റെ ഗോള്‍. 75, 76 മിനിറ്റുകളിലായിരുന്നു നെതര്‍ലന്‍ഡ്സിന്റെ ഗോളുകള്‍.
ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ നോര്‍വേയും മോണ്ടെനെഗ്രോയും ജയം നേടി. നോര്‍വേ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജിബ്രാള്‍ട്ടറിനെയും മോണ്ടെനെഗ്രോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലാത്വിയയെയുമാണ് പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: