ന്യൂദല്‍ഹി: രോഹിത് ചൗധരി, ടിട്ടു എന്നീ പിടികിട്ടാപുള്ളികളായ രണ്ടു കുറ്റവാളികളെ ദല്‍ഹി പൊലീസിന്റെ ക്രൈം ബ്രാഞ്ച് ഏറ്റുമുട്ടലിലൂടെ അറസ്റ്റ് ചെയ്തു. മക്കോക്ക കേസിലെ പ്രതികളാണ് പിടിയിലായവര്‍. സംഘാംഗങ്ങളെ കാണാനായി ദല്‍ഹിയിലെ ഭൈറോണ്‍ റോഡില്‍ ഇരവരും എത്തുന്നുവെന്ന വിവരം വ്യാഴാഴ്ച പുലര്‍ച്ചെ ക്രൈംബ്രാഞ്ച് ഡിസിപി ഭിഷം സിംഗിന്റെ സംഘത്തിനാണ് ലഭിക്കുന്നത്. എസിപി എസ്ടിഎഫ് പങ്കജിനും സംഘത്തിനുമാണ് ഇവരെ വലയിലാക്കാനുള്ള ചുമതല ലഭിച്ചത്.
വനിതാ സബ് ഇന്‍സ്‌പെക്ടര്‍ പ്രിയങ്ക ശര്‍മയും സംഘത്തിനൊപ്പം ചേര്‍ന്നു. ആദ്യമായിട്ടായിരുന്നു വനിതാ സബ് ഇന്‍സ്‌പെക്ടര്‍ ഒരു ഏറ്റുമുട്ടലില്‍ സജീവമായി പങ്കെടുക്കുന്നത്. ഒടുവില്‍ രണ്ടു കുറ്റവാളികളും പൊലീസിന്റെ പിടിയിലായി. രോഹിത് ചൗധരിയും കൂട്ടാളിയും കാറില്‍ സഞ്ചരിക്കുമെന്ന വിവരം ലഭിച്ചതോടെ പെട്ടെന്നു തന്നെ പൊലീസ് സംഘത്തെ അയച്ചു.
കാറ് ശ്രദ്ധയില്‍ പെട്ടയുടന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും വെടിയുതിര്‍ത്തും ബാരിക്കേഡുകള്‍ ഇടിച്ചിട്ടും രക്ഷപെടാന്‍ ഇരുവരും ശ്രമിച്ചു. തുടര്‍ന്നാണ് പൊലീസ് വെടിവച്ചതെന്ന് ഡിസിപി ഭിഷം പറഞ്ഞു.സബ് ഇന്‍സ്‌പെക്ടര്‍ പ്രിയങ്കയ്‌ക്കു നേരെ കുറ്റവാളികള്‍ വെടിയുതിര്‍ത്തുവെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് അണിഞ്ഞിരുന്നതിനാല്‍ പരിക്കേറ്റില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെടിയേറ്റ് പരിക്കുപറ്റിയ രണ്ടു കുറ്റവാളികളെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: