ചെന്നൈ: തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് ഏറ്റവും വലിയ വാഗ്ദാനങ്ങള്‍ നല്കി തമിഴ്നാട്ടിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി. എല്ലാ കുടുംബങ്ങള്‍ക്കും സ്ഥിര നിക്ഷേപമായി ഒരു കോടി രൂപ വീതം, സൗജന്യ ഹെലികോപ്ടര്‍, വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കാന്‍ ഓരോ വീട്ടിലും റോബോട്ട്, ഐ ഫോണ്‍, ചന്ദ്രനിലേക്ക് ഉല്ലാസയാത്ര തുടങ്ങി വാഗ്ദാനങ്ങളാണ് തമിഴ്നാട് സൗത്ത് മധുരൈ മണ്ഡലത്തില്‍ നിന്നുള്ള ശരവണന് എന്ന സ്വതന്ത്ര സ്ഥാനാര്‍ഥി തന്റെ പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഇതിനു പുറമെ സ്വിമ്മിംഗ് പൂളുള്ള മൂന്ന് നില വീട്, ബഹിരാകാശ ഗവേഷണ കേന്ദ്രം, റോക്കറ്റ് ലോഞ്ച് സൈറ്റ്, വേനലിലെ ചൂട് ചെറുക്കാന്‍ സ്വന്തം മണ്ഡലമായ മധുരയില്‍ കൃത്രിമ മഞ്ഞുമല എന്നീ വാഗ്ദാനങ്ങളും അദേഹം പ്രകടന പ്രതികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തില്‍ യുവജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയാണ് തന്റെ മുഖ്യ ലക്ഷ്യമെന്നും പൊള്ളയായ വാഗ്ദാനങ്ങളില്‍ വീഴാതിരിക്കാന്‍ ആളുകളില്‍ അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും ശരവണന് പറയുന്നു. ചവറ്റുകുട്ടയാണ് തന്റെ ചിഹ്നം. വോട്ട് ചെയ്ത് വിജയിപ്പിച്ചാല്‍ മാറ്റം ഉറപ്പാണെന്നും അദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ നല്കുന്ന സൗജന്യങ്ങളില്‍ വീഴുന്ന ആളുകളില്‍ അവബോധം വളര്‍ത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് മാധ്യമ പ്രവര്ത്തകന് കൂടിയായ ശരവണ്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: