കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധന വിവാദങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഓഫീസിനെ കളങ്കിതമാക്കാന്‍ കഴിയില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല്ക്കും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവര്‍ക്കും ഇതില്‍ പങ്കുണ്ട്. ഗൂഢാലോചനകള്‍ തെളിയുമെന്നും കൊല്ലത്തെ വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി അറിയിച്ചു.
വിവാദങ്ങളിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴയ്‌ക്കുകയാണ്. തുടക്കം മുതല്‍ ഗൂഢാലോചനയുണ്ട്. എന്നാല്‍ ഇത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ താന്‍ കൂടുതലൊന്നും സംസാരിക്കുന്നില്ല. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി മേഖല, തീരദേശം വലിയ തോതില്‍ സര്‍ക്കാര്‍ നടപടികളെ അനുകൂലിക്കുന്നു. ഇത് തങ്ങള്‍ക്കുള്ള ഒരു വോട്ട് ബാങ്കിന്റെ നിര നഷ്ടപ്പെട്ടുപോകുകയാണെന്ന ആശങ്ക ഒരു കൂട്ടര്‍ക്കുണ്ടാക്കുന്നു.
മത്സ്യത്തൊഴിലാളികള്‍ നല്ല നിലയ്‌ക്ക് വികാരപരമായി ചിന്തിക്കുന്നവരാണ്. അവരുടെ ജീവിതപ്രശ്‌നമാണ് ഇത്. കടലിന്റെ അവകാശവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തെറ്റായ നടപടി സ്വീകരിക്കുന്നു എന്ന ബോധ്യം അവര്‍ക്കിടയില്‍ ഉണ്ടാക്കിയാല്‍ വലിയ വികാരം ഉണ്ടാകും. ഇതിന് വേണ്ട ഗൂഢാലോചന ആദ്യം അരങ്ങേറിയിരുന്നു. ഇതില്‍ ദല്ലാള്‍ എന്ന പേരിലറിയപ്പെടുന്ന ആളടക്കം ഇടപെട്ടുവെന്നാണ് കേള്‍ക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഗൂഢാലോചനയില്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ കൂടെയുള്ള ആളും നേരത്തെ ഉള്ള ആളും പങ്കുവഹിച്ചുകൊണ്ടാണ് കാര്യങ്ങള്‍ നടത്തിയത്. ഈ പറയുന്ന മഹാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുന്നതില്‍ അയാള്‍ ഇരിക്കുന്ന പദവി പ്രകാരം തെറ്റില്ല.ഔദ്യോഗിക പദവിയില്‍ ഇരിക്കുന്ന ഒരാള്‍ അഡീഷണല്‍ സെക്രട്ടറിയെ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ അപാകതയൊന്നുമില്ല. പക്ഷേ ബന്ധപ്പെട്ടത് ദുരുദ്ദേശത്തോടെയാണ്. ഇങ്ങനെയാണ് കാര്യങ്ങള്‍ എന്ന് ഈ മഹാന്‍ അറിയിക്കുകയാണ്. അപ്പോള്‍ ഒരു സ്വാഭാവിക മറുപടി കൊടുക്കുമല്ലോ, അതാണ് രേഖ എന്ന് പറയുന്നത്. അതുകൊണ്ടൊന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കിതമാക്കാന്‍ സാധിക്കില്ലെന്ന് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എംഡി എന്‍.പ്രശാന്തിനേയും പേരെടുത്ത് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: