കൊച്ചി: ലോകമാകെ കമ്യൂണിസം തകരുകയാണെന്നും കേരളത്തിലേത് ഇന്ത്യയിലെ അവസാന കമ്യൂണിസ്റ്റ് സര്‍ക്കാരായിരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുഖ്യമന്ത്രി പിണറായി വിജയന് സ്വര്‍ണ – ഡോളര്‍ കടത്തു കേസില്‍ എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് വേണ്ടതെന്നും തൃപ്പൂണിത്തുറയില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോയ്ക്കിടെ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഡോളര്‍ – സ്വര്‍ണക്കടത്തു കേസില്‍ കേരളത്തിലെ ജനങ്ങളോടും എന്റെ ചോദ്യങ്ങളോടും പിണറായി വിജയന് മറുപടി പറയണം. ലോകത്താകെ ജനങ്ങള്‍ക്കറിയാം ഈ ഇടപാടുകളില്‍ പിടികൂടപ്പെട്ടവരുമായി മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക്. കേസില്‍ പങ്കില്ലെങ്കില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ രാജി ആവശ്യപ്പെട്ടതെന്തിനാണ്. ഇന്ത്യയില്‍ ഒരു കേസുണ്ടായാല്‍ അന്വേഷിക്കുന്നത് യുഎന്‍ ഏജന്‍സിയല്ല, ഇന്ത്യയിലെ അന്വേഷണ ഏജന്‍സികളാണ്, ഇ ഡി രാഷ്ട്രീയ പക പോക്കലാണെന്ന ആരോപണത്തിന് അമിത് ഷാ മറുപടി പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫ് – യുഡിഎഫ് മുന്നണി ഭരണത്തില്‍ വലഞ്ഞിരിക്കുകയാണ്. അവര്‍ ബദലായി ബിജെപി മുന്നണിയെ കാണുന്നു. ബിജെപി കേരളത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കും. ചില പത്രികകള്‍ തള്ളിയത് സാങ്കേതിക പ്രശ്നങ്ങളാലാണ്. അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. കോണ്‍ഗ്രസ് കണ്‍ഫ്യൂസ്ഡ് പാര്‍ട്ടിയാണ്. പാര്‍ട്ടിയും നേതൃത്വവും ആശയക്കുഴപ്പത്തിലാണ്. അവര്‍ ഇവിടെ കമ്യൂണിസ്റ്റുകാരെ എതിര്‍ക്കുന്നു, ബംഗാളില്‍ ഒന്നിച്ചു മത്സരിക്കുന്നു, അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: