ദുബായ്: ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ഷേഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം (75) അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സഹോദരനാണ്. ഷേഖ് മുഹമ്മദാണ് വിയോഗ വാര്‍ത്ത രാവിലെ ലോകത്തെ അറിയിച്ചത്.
രാജ്യത്ത് 10 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അനുശോചന സൂചകമായി ദുബായില്‍ ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടും. സർക്കാർ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മഗ്‌രിബ് നമസ്കാരത്തിനു ശേഷം പള്ളിയില്‍ പ്രത്യേക പ്രാര്‍ഥന നടക്കും. കോവിഡ്19 വ്യാപനം പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുടുംബാംഗങ്ങള്‍ക്കു മാത്രമേ പങ്കെടുക്കാനാകൂ.
കുറച്ചു മാസങ്ങളായി ഷേയ്ഖ് ഹംദാന്‍ അസുഖ ബാധിതനായിരുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. സഹോദരന് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും മാര്‍ച്ച് 9ന് അദ്ദേഹം അറിയിച്ചിരുന്നു. യുഎഇ സ്ഥാപിതമായ 1971 മുതല്‍ ധനകാര്യ മന്ത്രിസ്ഥാനം വഹിച്ചുവരികയായിരുന്നു. സാമ്പത്തിക നയങ്ങളും സര്‍ക്കാര്‍ ചെലവുകളും വികസിപ്പിക്കുന്നതില്‍ അദ്ദേഹം ഒഴിച്ചുകൂടാനാകാത്ത പങ്ക് വഹിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: