ഇരിങ്ങാലക്കുട: അഴിമതിരഹിതമായ വികസിത ഇന്ത്യ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ എല്ലാ സംസ്ഥാനങ്ങളും വികസനക്കുതിപ്പിലേക്ക് പോകുകയാണെന്ന് ദല്‍ഹി എംപിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. ബിജെപി കേരള ഐടി സെല്‍ ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തിന്റെ സ്വന്തം നാടായ കേരളം എല്ലാംകൊണ്ടും അനുഗ്രഹീതമായിട്ടും ദുരിത കേരളമായി. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കള്ളക്കടത്തിന്റെയും മാഫിയാ ഭരണത്തിന്റെയും നാടായി കേരളം മാറി. എല്‍ഡിഎഫും യുഡിഎഫുമാണ് ഇതിനുത്തരവാദികളെന്നും ദുരിതകേരളത്തില്‍ നിന്ന് പുതിയ കേരളം സൃഷ്ടിക്കാനായി എന്‍ഡിഎ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.
പുതിയ കേരളസൃഷ്ടിക്കായി അഴിമതി തുടച്ചുനീക്കണമെന്ന് ‘പുതിയ കേരളം’ എന്ന വിഷയമവതരിപ്പിച്ച് ഇരിങ്ങാലക്കുട മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസ് പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, ടൂറിസം, തുടങ്ങിയ മേഖലകള്‍ അടിമുടി പൊളിച്ചെഴുതണമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് നടക്കുന്നത് മാഫിയാ ഭരണമാണ്. ഇത് അവസാനിപ്പിക്കണം. കേന്ദ്രത്തിലെ പോലെ സംശുദ്ധവും ശക്തവുമായ നേതൃത്വം കേരളത്തില്‍ ഉണ്ടാകണം. അതിനായി ശ്രമിക്കുന്നത് ബിജെപി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുടയുടെ സാംസ്‌കാരിക തനിമയെ കുറിച്ച് തപസ്യ സംസ്ഥാന ജോ. ജനറല്‍ സെക്രട്ടറി സി.സി. സുരേഷ് സംസാരിച്ചു. പരിപാടിക്ക് മുന്നോടിയായി പുതിയ കേരളം വീഡിയോ പ്രദര്‍ശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: