യാങ്കൂണ്‍: മ്യാന്‍മറിലെ ജനകീയ പ്രക്ഷോഭം പട്ടാള ഭരണകൂടം അടിച്ചമര്‍ത്തുന്നതിനിടെ ഏഴു വയസുകാരി വെടിയേറ്റു മരിച്ചു. മാന്‍ഡലെ നഗരപ്രാന്തത്തില്‍ പട്ടാളം സമരക്കാര്‍ക്കു നേരെ വെടിവയ്‌ക്കുന്നതിനിടെ വീട്ടിനുള്ളിലാണ് പെണ്‍കുട്ടിക്കു വെടിയേറ്റത്. വെടിവയ്പില്‍ മറ്റൊരാളും കൊല്ലപ്പെട്ടു.
ജനാധിപത്യ നേതാവ് ആങ് സാന്‍ സൂചിയെ പുറത്താക്കി പട്ടാളം ഭരണം പിടിച്ച ഫെബ്രുവരി ഒന്നു മുതല്‍ നിരവധി പേരാണ് സൈന്യത്തിന്റെ തോക്കിനിരയായത്. പട്ടാളത്തിന്റെ ആക്രമണത്തില്‍ 261 പേര്‍ മരിച്ചതായും 2,258 പേര്‍ അറസ്റ്റിലായതായും 1,938 പേര്‍ പിടിയിലായതായും രാഷ്‌ട്രീയ തടവുകാര്‍ക്കിടെയില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംഘടന അറിയിച്ചു. ഇരുപതിലധികം കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സന്നദ്ധസംഘടന ‘സേവ് ദ ചില്‍ഡ്രന്‍’ പറയുന്നു.
കടുത്ത അടിച്ചമര്‍ത്തലിലും പ്രക്ഷോഭം ശക്തമായി തുടരുകയാണ്. രാജ്യത്ത് ജനാധിപത്യ സര്‍ക്കാര്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് രാജ്യത്ത് യുവാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നത്. പട്ടാള ഭരണത്തിനെതിരേ പ്രതിഷേധം ശക്തമായതോടെ മാധ്യമപ്രവര്‍ത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നുണ്ട്. 40 മാധ്യമപ്രവര്‍ത്തകരെ പട്ടാളം ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതേസമയം, പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നതിനെ ന്യായീകരിച്ച പട്ടാള ഭരണകൂടം ജനാധിപത്യ നേതാവ് ആങ് സാന്‍ സൂ ചിക്കെതിരെ അഴിമതി ആരോപണവും ഉന്നയിക്കുന്നു. അക്രമത്തിനു പ്രതിഷേധക്കാര്‍ ഉത്തരവാദികളാണെന്നും സൈനിക വക്താവ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: