Categories: Kerala

സൂര്യതേജസ്സായി തേജസ്വി സൂര്യ

Published by

ളന്നുമുറിച്ച വാക്കുകളില്‍ പറയാനുള്ളത് മാത്രം പറഞ്ഞ് യുവാക്കള്‍ക്ക് ആവേശമാവുകയാണ് തേജസ്വി സൂര്യ. യുവമോര്‍ച്ച ദേശീയ പ്രസിഡന്റും ബെംഗലൂരു സൗത്തില്‍ നിന്നുള്ള എംപിയുമായ ഈ യുവാവ് രണ്ട് ദിവസം കൊണ്ട് കവര്‍ന്നത് കേരളത്തിലെ യുവാക്കളുടെയാകെ മനസ്സാണ്.

ചടുലമായ  നടത്തം, കുറിക്കുകൊള്ളുന്ന വാക്കുകള്‍, വന്‍ജനക്കൂട്ടത്തെവരെ യാതൊരു അലോസരവുമില്ലാതെ പിടിച്ചിരുത്താനുള്ള കഴിവ്. ലളിതമായ ഇംഗ്ലീഷില്‍ സ്പഷ്ടവും വ്യക്തവുമായ പ്രസംഗം. ഇതെല്ലാമാണ് തേജസ്വിയെ പ്രിയങ്കരനാക്കിയത്.  

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെയാണ് ഇരുപത്തൊന്‍പതുകാരനായ ഈ അയല്‍ക്കാരനെ മലയാളി ശ്രദ്ധിച്ചു തുടങ്ങിയത്. പാര്‍ലമെന്റിന് അകത്തും പുറത്തും നടത്തുന്ന തീപ്പൊരി പ്രസംഗങ്ങള്‍ തേജസ്വിയെ മലയാളിക്ക് സുപരിചിതനാക്കി. സിഎഎ വിരുദ്ധ സമരങ്ങള്‍ക്കെതിരെ, തീവ്രവാദശക്തികള്‍ക്കെതിരെ, കമ്മ്യൂണിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ ആ ശബ്ദം ഉയര്‍ന്നുകൊണ്ടിരുന്നു.

യുവമോര്‍ച്ച ദേശീയ പ്രസിഡന്റായി ചുമതലയേറ്റശേഷം തേജസ്വി സൂര്യ ആദ്യമെത്തിയത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ ചെങ്ങന്നൂരിലെ പൊതുയോഗത്തില്‍ പങ്കെടുക്കാനായിരുന്നു. ചേര്‍ത്തലയില്‍ എസ്ഡിപിഐക്കാര്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുവിന്റെ വീടും അന്ന് അദ്ദേഹം സന്ദര്‍ശിച്ചു.  

പുതിയ കേരളത്തിനായി സമര്‍പ്പിത യുവത്വം എന്ന പേരില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച പ്രഭാഷണ – സംവാദ പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ 20, 21 തീയതികളിലെ വരവ്. ആദിശങ്കര ജന്മഭൂമിയായ കാലടിയിലെ ശൃംഗേരിമഠവും കീര്‍ത്തിസ്തംഭവും സന്ദര്‍ശിച്ചശേഷമാണ് സന്ദര്‍ശനത്തിന് തുടക്കമിട്ടത്.  

കസവുമുണ്ട് ഉടുത്ത് ഉത്തരീയമിട്ട് കൈകൂപ്പി ചുണ്ടില്‍ ചെറുപുഞ്ചിരിയോടെയാണ് അദ്ദേഹം വേദികളിലെത്തിയത്. കേരളത്തിന്റെ വികസനത്തെകുറിച്ചായിരുന്നു പ്രസംഗത്തിലും സംവാദത്തിലും നിറയെ. കേരളത്തിലെ യുവാക്കളുടെ കഴിവ് കേരളത്തില്‍ തന്നെ വിനിയോഗിക്കുന്ന രീതിയില്‍ കേരളത്തെ മാറ്റിയെടുക്കാന്‍ കഴിയണം. അതിന് ബിജെപി അധികാരത്തിലെത്തണം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിട്ടും ഭരിച്ചവരുടെ കാഴ്ചപ്പാടുകളിലെ അപാകത കൊണ്ടുള്ള കേരളത്തിന്റെ ഇന്നത്തെ അവസ്ഥയ്‌ക്ക് മാറ്റമുണ്ടാക്കാന്‍ ബിജെപിക്കേ കഴിയൂ എന്നദ്ദേഹം ഉറപ്പിച്ചു പറയുന്നു.  

കോണ്‍ഗ്രസ്സുകാരെയും കമ്മ്യൂണിസ്റ്റുകാരെയും കണക്കിന് വിമര്‍ശിച്ച അദ്ദേഹം തീവ്രവാദശക്തികള്‍ക്കെതിരെ പോരാടാന്‍ യുവാക്കളോട് ആഹ്വാനം ചെയ്തു. ഇ. ശ്രീധരനപ്പോലെയുള്ളവരെ കഴിവ് കേരളം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവസംഗമങ്ങളില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാള്‍ യുവാക്കള്‍ മാത്രമല്ല വിവിധ മേഖകളിലെ പ്രമുഖരും ഒഴുകിയെത്തുകയായിരുന്നു. രണ്ടു ദിവസങ്ങളിലായി കോഴിക്കോട്, പാലക്കാട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളിലെ ഒന്‍പത് പരിപാടികളിലാണ് അദ്ദേഹം പങ്കെടുത്തത്.

തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായി വീണ്ടും കേരളത്തില്‍ എത്തുമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍കൃഷ്ണനും ജനറല്‍ സെക്രട്ടറി കെ. ഗണേഷിനും ഉറപ്പുനല്‍കിയാണ് അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് യാത്രയായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by