ന്യൂദല്‍ഹി: മഹാരാഷ്‌ട്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന് തന്നെ വധിക്കുമെന്ന് ശിവസേന നേതാവ് ഭീഷണിപ്പെടുത്തി എന്ന ആരോപണവുമായി അമരാവതിയില്‍ നിന്നുള്ള എംപിയും നടിയുമായ നവ്‌നീത് കൗര്‍ റാണ. ശിവസേന എംപി അരവിന്ദ് സാവന്തിനെതിരെയാണ് നവ്‌നീത് കൗര്‍ റാണ രംഗത്തുവന്നിരിക്കുന്നത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയക്ക് നവ്‌നീത് പരാതി നല്‍കി.
മുകേഷ് അംബാനിയുടെ ഭവനത്തിന് നേരെയുണ്ടായ ബോംബ് ഭീഷണി കേസില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസിന്റെ വിഷയം കൗര്‍ സഭയില്‍ ഉന്നയിച്ചിരുന്നു. വിഷയത്തില്‍ മഹാരാഷ്‌ട്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും സഭയില്‍ ഉയര്‍ത്തി. ഉദ്ദവ് താക്കറെ രാജിവെക്കണം എന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ക്ഷുഭിതനായ അരവിന്ദ് സാവന്ത് ലോക്‌സഭയില്‍വെച്ചു തന്നെ റാണയെ അധിക്ഷേപിച്ചു. ഇതേ തുടര്‍ന്നാണ് നവ്‌നീത് കൗര്‍ റാണക്ക് നേരെ വധഭീഷണികള്‍ വന്നു തുടങ്ങിയത്. മനോഹരമായ മുഖത്ത് ഞങ്ങള്‍ ആസിഡ് ഒഴിക്കുമെന്നതുള്‍പ്പെടെ ഭീഷണിമുഴക്കി കാളുകളും കത്തുകളും റാണയ്‌ക്ക് ലഭിച്ചു.
ഉദ്ദവ് താക്കറെയ്‌ക്കെതിരെ പ്രതികരിച്ചതിന് തന്നെ ജയിലിലടയ്ക്കുമെന്നാണ് സേനാ എംപി ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഉദ്ദവ് താക്കറെയ്‌ക്കെതിരെ സംസാരിച്ചാല്‍ കൊന്നുകളയുമെന്ന് ഉള്‍പ്പെടെ ഭീഷണികള്‍ മുമ്പും തനിക്ക് വന്നതാണ്. അന്ന് പോലീസിനോട് പരാതിപ്പെട്ടെങ്കിലും നടപടികള്‍ ഒന്നും തന്നെ കൈക്കൊള്ളാന്‍ അവര്‍ തയ്യാറായില്ല. അഭിപ്രായ പ്രകടനം നടത്തിയതിന് ഒരു സ്ത്രീ ഇത്തരത്തില്‍ ആക്രമിക്കപ്പെടുകയാണ്. ഇത് രാജ്യത്തെ എല്ലാ സ്ത്രീകളെയും അപാമാനിക്കുന്നതിന് തുല്യമാണെന്നും നവ്‌നീത് കൗര്‍ റാണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക