ഛണ്ഡീഗഡ്: രോഹിംഗ്യ സമുദായത്തിന്റെ ജനസംഖ്യ ഹരിയാനയില്‍ ക്രമാതീതമായി വര്‍ധിക്കുന്നതില്‍ ആശങ്ക. രാജ്യത്തെ മറ്റു പല ഭാഗങ്ങളിലും രോഹിംഗ്യകളുടെ സാന്നിധ്യം വളരുകയാണെന്നും ഇത് രാജ്യത്തെ സുരക്ഷയ്‌ക്കും ക്രമാസമാധാനത്തിനും ഭീഷണിയാണെന്നും വിശ്വഹിന്ദു പരിഷത്ത് പറയുന്നു.
ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം അനധികൃത നുഴഞ്ഞുകയറ്റക്കാരായ രോഹിംഗ്യ സമുദായത്തിലെ 40,000 പേര്‍ രാജ്യത്തുണ്ടെന്നാണ് കണക്കെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ കണ്‍വീനര്‍ വിനോദ് ബന്‍സാല്‍ പറഞ്ഞു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവരുടെ യഥാര്‍ത്ഥ എണ്ണം ലക്ഷക്കണക്കിന് വരുമെന്ന് പറയപ്പെടുന്നു. ജമ്മുകശ്മീര്‍, ഹൈദരാബാദ്, യുപി, രാജസ്ഥാന്‍ , ദല്‍ഹി എന്‍സിആര്‍, ഹരിയാന എന്നിവിടങ്ങളിലാണ് ഇവരുടെ സാന്നിധ്യമുള്ളതെന്നും അതിന് മതിയായ തെളിവുകളുണ്ടെന്നും വിശ്വഹിന്ദുപരിഷത്ത് പറയുന്നു.
ഹരിയാനയിലെ മേവത് പ്രദേശത്ത് 600 മുതല്‍ 700 വരെ രോഹിംഗ്യ കുടുംബങ്ങള്‍ താമസിക്കുന്നതായി ബന്‍സാല്‍ പറഞ്ഞു. ഇവര്‍ അഭയാര്‍ത്ഥികളെപ്പോലെ ചെറിയ ചെറിയ സംഘങ്ങളായി ചേരപ്രദേശങ്ങളിലാണ് വസിക്കുന്നത്. ഇവരെ കൃത്യമായി കണ്ടെത്തി സംസ്ഥാനത്ത് നിന്നും പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. മേവത്ത് പ്രദേശത്തുള്ള ഒരു കൂട്ടം ആളുകള്‍ ഇവര്‍ക്ക് അഭയവും പിന്തുണയും നല്‍കുന്നതിനാല്‍ രോഹിംഗ്യകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രോഹിംഗ്യകുടുംബങ്ങള്‍ അഭയാര്‍ത്ഥികളായാണ് ഹരിയാനയില്‍ എത്തിയത്. അവര്‍ രണ്ട് വര്‍ഷം മുമ്പ് 200 താല്‍ക്കാലിക കുടിലുകളിലായാണ് താമസിച്ചുവന്നിരുന്നത്. പിന്നീട് ഒരു ദുരൂഹസാഹചര്യത്തില്‍ ഈ കുടിലുകള്‍ക്ക് തീപിടിച്ചു. പകരം ഹരിയാന സര്‍ക്കാര്‍ ഇവര്‍ക്ക് വീടുകള്‍ വച്ചുനല്‍കുമെന്ന പ്രതീക്ഷയോടെയായിരുന്നു ഈ ഗൂഢനീക്കം. എന്നാല്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ സത്യം കണ്ടുപിടിക്കുകയും ഈ കുടുംബങ്ങള്‍ ക്രമേണ മറ്റ് ജില്ലകളിലേക്ക് ചെറിയ സംഘങ്ങളായി മാറിപ്പോവുകയും ചെയ്തു.
ഇപ്പോഴും മേവത്ത് പ്രദേശത്തെ ചേരികളില്‍ 2000 രോഹിംഗ്യകള്‍ താമസിക്കുന്നതായി വിശ്വഹിന്ദുപരിഷത്ത് ദേശീയ സെക്രട്ടറി ഡോ. സുരീന്ദര്‍ ജെയിന്‍ പറഞ്ഞു. മറ്റു രോഹിംഗ്യകള്‍ ഫരീദാബാദ്, ഗുരുഗ്രാം, യമുനാനഗര്‍ ജില്ലകളിലേക്ക് മാറി. എല്ലാവര്‍ക്കും വ്യാജമായി എടുത്ത ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ് എന്നിവ ഉള്ളതിനാല്‍ രോഹിംഗ്യ കുടുംബക്കാരെ വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് സംസ്ഥാനസര്‍ക്കാര്‍ വക്താവ് പറയുന്നു.
2008ലാണ് രോഹിംഗ്യകള്‍ ഇന്ത്യയില്‍ എത്തിയത്. അവര്‍ ദല്‍ഹിയിലെ പിന്നോക്കപ്രദേശങ്ങളില്‍ അനധികൃതമായി താമസിച്ചുവരികയായിരുന്നു. എന്നാല്‍ വിശ്വഹിന്ദുപരിഷത്ത് ഇവര്‍ക്കെതിരെ പ്രചരണം തുടങ്ങിയതോടെ അവര്‍ ദല്‍ഹി വിട്ട് ഹരിയാനയിലെ മേവത്തിലേക്ക് മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: