കൊച്ചി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും പാര്‍ട്ടിയുടെ താര പ്രചാരകനുമായ രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തില്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലും ആസാമിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിലാണെന്നും ഒരേ മുന്നണിയില്‍ നിന്ന് ഒരുമിച്ചാണ് മത്സരിക്കുന്നതെന്നുമുള്ള സത്യം മറച്ചുവയ്ക്കാന്‍ കേരളത്തിലെ ഇടതു സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചാണ് രാഹുലിന്റെ പരിപാടികള്‍.
ആസാമിലും തമിഴ്നാട്ടിലും സിപിഎം ഉള്‍പ്പെട്ട മുന്നണിക്കുവേണ്ടി വോട്ടു തേടിയ രാഹുല്‍, പക്ഷെ ബംഗാളില്‍ ഇതുവരെ പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. കേരളത്തില്‍ കോണ്‍ഗ്രസിന് ദോഷകരമാകുമെന്നു കണ്ടാണ് ഇറങ്ങാത്തത്. കേരളത്തിലെ തെരഞ്ഞെടുപ്പിനു ശേഷം, ഏപ്രില്‍ ആറു കഴിഞ്ഞ് ബംഗാളിലും ഇടത്-കോണ്‍ഗ്രസ് സഖ്യത്തിനു വേണ്ടി രാഹുല്‍ ഇറങ്ങുമെന്നാണ് സൂചന. ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ്, സിപിഐ, തീവ്ര ഇസ്ലാമിക വാദിയായ അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടുമായി ചേര്‍ന്ന് ഒരു മുന്നണിയായാണ് മത്സരിക്കുന്നത്. അവിടെ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മിനു വേണ്ടി പ്രചാരണം നടത്തുന്നുണ്ട്. ആസാമിലും സ്ഥിതി വ്യത്യസ്തമല്ല. കോണ്‍ഗ്രസ്, സിപിഎം, സിപിഐ എന്നിവര്‍ ബദറുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫുമായി ചേര്‍ന്ന് ഒരു മുന്നണിയായാണ് മത്സരിക്കുന്നത്. തമിഴ്നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണിയിലാണ് കോണ്‍ഗ്രസും സിപിഎമ്മും.
തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചില്‍ നാലു സംസ്ഥാനങ്ങളിലും ഒരേ മുന്നണിയില്‍ മത്സരിക്കുന്നവരാണ് കേരളത്തില്‍ പരസ്പരം എതിര്‍ക്കുന്നത്. ആദര്‍ശത്തില്‍ അടക്കം ഇവര്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കേരളത്തില്‍ എത്തിയ രാഹുല്‍ പൊതുപരിപാടികളില്‍ സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനം ഉന്നയിക്കുന്നത് പരിഹാസ്യമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: