തിരുവല്ല: കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ പാവങ്ങള്‍ക്ക് സൗജന്യമായി നല്‍കിയത് 4.64 ലക്ഷം മെട്രിക് ടണ്‍ അരി. ലോക്ഡൗണിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരമാണ് അരി നല്‍കിയത്.
എഎവൈ (മഞ്ഞ കാര്‍ഡ്), മുന്‍ഗണന വിഭാഗം (പിങ്ക് കാര്‍ഡ്) എന്നിവയുള്ളവര്‍ക്ക് ആളൊന്നിന് അഞ്ച് കിലോ അരി സൗജന്യമായി നല്‍കിയതിനൊപ്പം കാര്‍ഡൊന്നിന് ഓരോ കിലോ ധാന്യവും കൊടുത്തു. എഎവൈ, മുന്‍ഗണനാ വിഭാഗം എന്നീ രണ്ട് വിഭാഗങ്ങളിലായി 1.54 കോടിയോളം ആളുകള്‍ക്കാണ് ആനുകൂല്യം ലഭിച്ചത്. ജൂണ്‍ മുതല്‍ നവംബര്‍ വരെയാണ് അരിയും ധാന്യവും സൗജന്യമായി കൊടുത്തത്. ആദ്യം മൂന്ന് മാസത്തേക്കായായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. പിന്നീട് മൂന്ന് മാസത്തേക്ക് കൂടി നീട്ടി.
സംസ്ഥാനത്ത് എഎവൈ വിഭാഗത്തില്‍ 5.92 ലക്ഷം കുടുംബങ്ങളാണുള്ളത്. ഈ കുടുംബങ്ങളിലായി 23,47,403 പേരാണുള്ളത്. മുന്‍ഗണനാ വിഭാഗത്തില്‍ 31.5 ലക്ഷം കുടുംബങ്ങളും. ഈ കുടുംബങ്ങളിലായി 1.30 കോടി ആളുകളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്കിയ കിറ്റ് ഒരു കുടുംബത്തിനായിരുന്നുവെങ്കില് പ്രധാനമന്ത്രി കല്യാണ്‍ യോജന പ്രകാരം കുടുംബത്തിലെ ഓരോത്തര്‍ക്കുമായിരുന്നു അഞ്ച് കിലോ അരി ലഭിച്ചത്.
വിതരണം ചെയ്യാതെ കേരളം
കേന്ദ്രം സൗജന്യമായി നല്കിയ അരിയും കടലയും വിതരണം ചെയ്യാതെ കേരള സര്‍ക്കാര്‍. പദ്ധതിയുടെ കാലയളവ് അവസാനിച്ചിട്ടും ലോഡ് കണക്കിന് അരിയും ഗോതമ്പും കടലയുമാണ് റേഷന്‍ കടകളില്‍ കെട്ടിക്കിടക്കുന്നത്. റേഷന്‍ വ്യാപരികളുടെ സംഘടന മുഖേന നടത്തിയ അന്വേഷണത്തില്‍ ഒരു ജില്ലയില്‍ ശരാശരി 60 ലോഡ് അരിയെങ്കിലും വിതരണം ചെയ്യാതെ കിടപ്പുണ്ട്. ഒരു ലോഡ് അരി പതിനായിരം കിലോയോളം വരും. ഇത് കൂടാതെ ഓരോ ജില്ലയിലും അഞ്ച് ലോഡ് ഗോതമ്പും ആറ് ലോഡ് കടലയും ശരാശരി വിതരണം ചെയ്തിട്ടില്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
റേഷന്‍ കടകളില്‍ വിതരണം ചെയ്യാതെയിരിക്കുന്ന കടല ഇതിനോടകം പൂപ്പല്‍ ബാധിച്ച് ഉപയോഗശൂന്യമായതായി റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഗുണം ലഭിക്കാതെയിരിക്കാന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിതരണം അട്ടിമറിക്കുകയായിരുന്നു എന്നാണ് ആരോപണം. സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത സൗജന്യ കിറ്റില്‍ കടലയ്ക്കും പയറിനും ക്ഷാമം നേരിട്ടപ്പോള്‍ കേന്ദ്രം നല്കിയ ധാന്യം കിറ്റിലേക്ക് വകമാറ്റുകയായിരുന്നു. ഇത് പിന്നീട് ഏറെ വിവാദമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: