പൂനെ: ഇന്ത്യന്‍ പര്യടനത്തിലെ ഒരു പരമ്പരയെങ്കിലും സ്വന്തമാക്കി നാട്ടിലേക്ക് മടങ്ങണമെന്നാണ് ഇംഗ്ലണ്ടിന്റെ ആഗ്രഹം. എന്നാല്‍ മിന്നുന്ന ഫോം തുടരുന്ന കോഹ്ലി പട്ടാളം അത് അനുവദിക്കുമോയെന്ന് കണ്ടുതന്നെ അറിയണം. ഇരു ടീമുകളും തമ്മിലുള്ള അവസാന പരമ്പരയായ ഏകദിന പോരാട്ടങ്ങള്‍ക്ക്് തുടക്കം കുറിക്കുകയാണ്. ആദ്യ മത്സരം ഇന്ന് ഉച്ചകഴിഞ്ഞ് 1.30 ന് ആരംഭിക്കും. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
ടെസ്റ്റ് പരമ്പരയും ടി 20 പരമ്പരയും പോക്കറ്റിലാക്കിയ ഇന്ത്യ ഏകദിന പരമ്പരയും സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ടി 20 യിലെ മിന്നുന്ന വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് കോഹ്ലിയും കൂട്ടരും. ഓപ്പണര്‍ ശിഖര്‍ ധവാന്റെ മോശം ഫോമാണ് ഇന്ത്യയെ അലട്ടുന്ന ഏകപ്രശ്നം. ആദ്യ ടി 20 യില്‍ തിളങ്ങാന്‍ കഴിയാതെപോയതിനെ തുടര്‍ന്ന് പിന്നിട് അവസരം ലഭിച്ചില്ല. എന്നാല്‍ ആദ്യ ഏകദിനത്തില്‍ ശിഖര്‍ ധവാന് ,രോഹിത് ശര്‍മയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും . ധവാന് ഫോമിലേക്ക് തിരിച്ചുവരാനുള്ള സുവര്‍ണാവസരമാണിത്.
രോഹിത് ശര്‍മയും ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും മികച്ച ഫോമിലാണ്. ടി 20 യില്‍ ഇംഗ്ലണ്ടിനെതിരായ പ്രകടനം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് കോഹ്ലിയും രോഹിതും.
2019 ല്‍ പോര്‍ട്ട് ഓഫ് സ്പെയിനില്‍ വിന്‍ഡീസിനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയശേഷം കോഹ്ലി ഏകദിനത്തില്‍ നൂറ് തികച്ചിട്ടില്ല. ഈ കുറവ് ഈ പരമ്പരയില്‍ കോഹ്ലി നികത്തുമെന്നാണ് കരുതുന്നത്.
മധ്യനിരയില്‍ ഹാര്‍ദിക് പാണ്ഡ്യ ഉണ്ടാകുമെന്ന് ഉറപ്പാണ്. എന്നാല്‍ പുതുമുഖം സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവരില്‍ ഒരാള്‍ക്കേ അവസരം ലഭിക്കൂ. അരങ്ങേറ്റത്തില്‍ തന്നെ ടി 20 യില്‍ അര്‍ധ സെഞ്ചുറി കുറിച്ച താരമാണ് സൂര്യകുമാര്‍ യാദവ്.
ടി 20 പരമ്പരയില്‍ തിളങ്ങിയ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യ പേസ് നിരയെ നയിക്കുക. ഷാര്‍ദുല്‍ താക്കുര്‍ ഭുവനേശ്വറിന് മികച്ച പിന്തുണ നല്‍കും. സ്പിന്നര്‍മാരായി യുസ്വേന്ദ്ര ചഹലും വാഷിങ്ടണ്‍ സുന്ദറും അവസാന ഇലവനില്‍ ഇടം പിടിക്കും.
ഒരു പരമ്പരയിലെങ്കിലും വിജയം നേടാനുള്ള തയ്യാറെടുപ്പിലാണ് ഇയോന്‍ മോര്‍ഗന്റെ ഇംഗ്ലീഷ്പട. ടെസ്റ്റ് പരമ്പര 1-3 നും ടി 20 പരമ്പര 2-3 നും അവര്‍ ഇന്ത്യക്ക് അടിയറവച്ചു. ഏകദിന പരമ്പരയെങ്കിലും നേടണമെന്ന വാശിയിലാണവര്‍.
ജോസ് ബട്ലര്, ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്സ്, മോള്‍ഗന്‍ എന്നവരാണ് അവരുടെ ബാറ്റിങ് ശക്തി. ബൗളിങ്ങില്‍ ജോഫ്ര ആര്‍ച്ചറുടെ അഭാവം ബാധിച്ചേക്കും. പരിക്കേറ്റ ഈ പേസറെ ടീം തെരഞ്ഞെടുപ്പില്‍ പരിഗണിച്ചില്ല. ആര്‍ച്ചറുടെ അഭാവത്തില്‍ പേസ് ബാറ്ററിയുടെ ചുമതല മാര്‍ക്ക് വുഡിന്റെ ചുമലിലാകും. ക്രിസ് ജോര്‍ദാനും സാം കറനും മികച്ച പിന്തുണ നല്‍കും.
ടീമിലെ സ്പിന്നര്‍മാരായ മൊയിന്‍ അലിക്കും ആദില്‍ റഷിദിനും ഇതുവരെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ കുഴപ്പത്തിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പുതിയ തന്ത്രവുമായി പന്തെറിഞ്ഞാലേ ഇവര്‍ക്ക് വിക്കറ്റ് നേടാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: