അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച മഹാനഗരമാണ് മുംബൈ. എണ്ണമറ്റ സിനിമകളാണ് ഇതിനെക്കുറിച്ച് ഇറങ്ങിയിട്ടുള്ളത്. എന്നാല്‍ അധോലോക സിനിമകളെയും വെല്ലുന്ന വിവരങ്ങളാണ് ഇപ്പോള്‍ മുബൈ പോലീസിനെതിരെ വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഒന്നാം നമ്പര്‍ വ്യവസായി മുകേഷ് അംബാനിയുടെ വസതിക്കു മുന്നില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയതിനെക്കുറിച്ചുള്ള കേസിന്റെ അന്വേഷണം സ്ഫോടനാത്മകമായ വിവരങ്ങള്‍ പുറത്തുവരാന്‍ ഇടയാക്കിയിരിക്കുന്നു. സ്ഫോടക വസ്തു നിറച്ച കാറിന്റെ ഉടമയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി. ഇതിനു പിന്നില്‍ അസിസ്റ്റന്റ് പോലീസ് ഇന്‍സ്പെക്ടര്‍ സച്ചിന് വസേയാണെന്ന് കണ്ടെത്തി ദേശീയ അന്വേഷണ ഏജന്‍സി-എന്‍ഐഎ അറസ്റ്റു ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെ മുംബൈ പോലീസ് മേധാവി പരംബീര്‍ സിങ് നടത്തിയ വെളിപ്പെടുത്തലുകളാണ് രാജ്യത്തെ നടുക്കിയത്. മാസംതോറും വ്യവസായികളില്‍നിന്ന് ബാറുടമകളില്‍നിന്നും മറ്റും 100 കോടി രൂപ പിരിക്കാന്‍ സച്ചിന് വസേക്ക് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും, ഇതിനു തക്കവിധം പ്രമുഖ കേസുകളുടെ ചുമതല വസേക്കു നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് നല്കിയ കത്തില്‍ പരംബീര്‍ സിങ് പറഞ്ഞിരിക്കുന്നു. വസേയുടെ ആഡംബര വാഹനത്തില്‍നിന്ന് കണക്കില്‍പ്പെടാത്ത ലക്ഷക്കണക്കിനു രൂപയും, നോട്ടെണ്ണുന്ന മെഷീനും കണ്ടെടുത്തത് അതീവ ഗുരുതരമായ ഈ ആരോപണത്തെ അക്ഷരംപ്രതി ശരിവയ്ക്കുകയും ചെയ്തിരിക്കുകയാണ്.
കാക്കിയിട്ട ശിവസേനക്കാരനായാണ് സച്ചിന് വസേ മുംബൈ പോലീസില്‍ അറിയപ്പെടുന്നത്. വിവാദ പുരുഷനായ ഈ പോലീസുദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികളുണ്ടായിട്ടുണ്ട്. ശിവസേന സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് ഇയാള്‍ വീണ്ടും കരുത്തനാവാന്‍ തുടങ്ങിയത്. ഉദ്ധവ് താക്കറെയുടെ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായ അനില്‍ ദേശ്മുഖ് എന്‍സിപിക്കാരനും ശരത് പവാറിന്റെ വലംകയ്യുമാണ്. കോണ്‍ഗ്രസ്സുകാരനായിരുന്ന ദേശ്മുഖ് പിന്നീട് എന്സിപിയിലെത്തുകയായിരുന്നു. നേരത്തെ മന്ത്രിയെന്ന നിലയ്ക്ക് പറയത്തക്ക നേട്ടങ്ങളൊന്നും കാഴ്ചവയ്ക്കാതിരുന്ന ദേശ്മുഖിനെ കോണ്‍ഗ്രസ്സ്-ശിവസേന-എന്‍സിപി സഖ്യത്തില്‍ ആഭ്യന്തര മന്ത്രിയാക്കിയതിനു പിന്നില്‍ ശരത്പവാറായിരുന്നു. ഇപ്പോള്‍ ദേശ്മുഖിനെതിരെ ഉയര്‍ന്നിരിക്കുന്ന അതീവ ഗുരുതരമായ ആരോപണങ്ങള്‍ പവാറിനെതിരെയുമാണ്. എന്നാല്‍ ഇതില്‍നിന്ന് സമര്‍ത്ഥമായി ഒഴിഞ്ഞുമാറാനാണ് രാഷട്രീയ താപ്പാനയായി അറിയപ്പെടുന്ന പവാര്‍ നോക്കുന്നത്. അനില്‍ ദേശ്മുഖ് രാജിവയ്ക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണെന്ന് പ്രസ്താവിച്ച് പന്ത് തന്റെ കോര്‍ട്ടില്‍നിന്ന് തട്ടിമാറ്റുകയാണ് പവാര്‍. സച്ചിന് വസേയുമായുള്ള ബന്ധത്തില്‍ കുടുങ്ങിക്കിടക്കുന്ന ശിവസേന പവാറിനെതിരെ ഒന്നും പറയാനാവാത്ത അവസ്ഥയിലാണ്.
ജനവിധി അനുകൂലമായിരുന്നിട്ടും ബിജെപിയെ അധികാരത്തിനു പുറത്തു നിര്‍ത്തി ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസ്സും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതു തന്നെ അഴിമതി നടത്താനാണ്. അഴിമതിയുടെ കാര്യത്തില്‍ തിന്നുകയും തീറ്റിക്കുകയുമില്ല എന്ന നയം സ്വീകരിച്ചിട്ടുള്ള നരേന്ദ്ര മോദിയുമായി ബന്ധം നിലനിര്‍ത്തി സര്ക്കാരുണ്ടാക്കുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ലെന്ന് ശിവസേന ചിന്തിച്ചു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരം നഷ്ടമായതോടെ കാലിയായ പണപ്പെട്ടി നിറയ്ക്കാനാണ് ശിവസേനയുമായി അവസരവാദ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ്സ് തീരുമാനിച്ചത്. വര്‍ഷങ്ങളായി മഹാരാഷ്ട്രയെ കൊള്ളചെയ്തുകൊണ്ടിരിക്കുന്ന ശരത്പവാറിനും എന്‍സിപിക്കും ഭരണം എന്നു പറഞ്ഞാല്‍ തന്നെ അഴിമതിയാണ്. അധികാരത്തില്‍ വന്ന നിമിഷം മുതല്‍ ഒരു അധോലോക സംഘത്തെപ്പോലെയാണ് മഹാവികാസ് അഘാഡി സഖ്യം പ്രവര്‍ത്തിക്കുന്നത്. മാധ്യമ പ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിക്കും സിനിമാതാരം കങ്കണ റണാവത്തിനുമെതിരെ ഈ സര്‍ക്കാര്‍ നടത്തിയ വേട്ടയാടല്‍ അധോലോക സംഘം കുടിപ്പക തീര്‍ക്കുന്നതുപോലെയായിരുന്നു. ഇക്കൂട്ടരുടെ തനിനിറമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം ഈ സര്‍ക്കാരിനില്ല. പക്ഷേ അവസാന നിമിഷംവരെ അധികാരത്തില്‍ കടിച്ചുതൂങ്ങി അഴിമതി നടത്താനാണ് ഈ വിചിത്രമായ ഭരണ സഖ്യം ശ്രമിക്കുക. ലഭിക്കുന്ന ആദ്യ അവസരത്തില്‍ തന്നെ ജനങ്ങള്‍ ഇവരെ പുറന്തള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: