ഭുമിയിലെ സ്വര്‍ഗ്ഗത്തില്‍ നിന്ന് ദൈവത്തിന്റെ നാട്ടിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ജാംയാങ് സെറിങ് നംഗ്യാല്‍ സംസാരം തുടങ്ങിയത് അതിനു അവസരം നല്കിയ തന്റെ പാര്‍ട്ടിയോടുള്ള നന്ദിയും സൂചിപ്പിക്കാന്‍ മറന്നില്ല. നരേന്ദ്രമോദിയും അമിത് ഷായും ഒക്കെ ചേര്‍ന്ന് കശ്മീരിനെ ഭീകരരുടെ കയ്യിന് നിന്ന് മോചിപ്പിക്കുമ്പോള്‍ തീവ്ര മതമൗലികവാദികളും ഇടതുപക്ഷവും ചേര്‍ന്ന് ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കേരളത്തെ കശ്മീരാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ലഡാക്കില്‍ ബിജെപിയുടെ വിജയപതാക പാറിച്ച യുവ എംപി നങ്യാല്‍ വിലയിരുത്തുന്നത്. ലോകത്താകമാനം തകര്‍ന്ന തത്ത്വശാസ്ത്രമായ കമ്മ്യൂണിസം ഇവിടെയും തകരും എന്ന് ഉറപ്പു പറയുന്ന നങ്യാല്‍ തെരഞ്ഞെടുപ്പു നടന്നാല്‍ കാശ്മീര്‍ ബിജെപി ഭരിക്കുമെന്നും ഉറപ്പു പറയുന്നു. എന്‍ഡിഎ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ ജാം യാങ് സെറിങ് നംഗ്യാല്‍ ജന്മഭൂമി പ്രത്യേക ലേഖകന്‍ പി. ശ്രീകുമാറിനോട് സംസാരിക്കുന്നു.
- കശ്മീര്‍ സന്തോഷത്തില്‍; കശ്മീരികള്‍ ആഗ്രഹിക്കുന്നത് സമാധാനം
ഭാരതത്തില്‍ ഏറ്റവും അവഗണിക്കപ്പെട്ട പ്രദേശമായിരുന്ന കശ്മീര്‍ ഇന്ന് സന്തോഷത്തിന്റെ പാതയിലാണ്. വിഘടനവാദശക്തികള്‍ ഇല്ലാതായി. എല്ലായിടത്തും സമാധാനത്തിന്റേയും സൗഹൃദത്തിന്റേയും അന്തരീക്ഷമാണ്. വികസനത്തിന്റെ കുതിപ്പിലാണ് കശ്മീര്‍. വലിയ തോതിലുള്ള കേന്ദ്രഫണ്ടാണ് സംസ്ഥാനത്ത് എത്തുന്നത്.
റോഡ്, വൈദ്യുതി, പുതിയ ഡാം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിലൊക്കെ വലിയ മുതല്‍ കുടക്കാണ് നടക്കുന്നത്. ക്ഷേമ പദ്ധതികളുടെ ഗുണം എല്ലാവര്ക്കും ലഭിക്കുന്നു. 40 ലക്ഷം കശ്മീരികള്‍ക്കാണ് ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് കിട്ടിയത്. സാധാരണക്കാരായ കശ്മീരികള്‍ ആഗ്രഹിക്കുന്നത് സമാധാനമാണ്. അതിനു വേണ്ടതെല്ലാം കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. നല്ലവരായ മുസ്ലിങ്ങളെല്ലാം മോദിക്കും കേന്ദ്ര സര്‍ക്കാറിനും ഒപ്പമാണ്.
- തെരഞ്ഞെടുപ്പു നടന്നാല്‍ ബിജെപി കശ്മീര്‍ ഭരിക്കും
തെരഞ്ഞെടുക്കപ്പെട്ട ഭരണ സംവിധാനം കശ്മീരില്‍ കൊണ്ടുവരാനാണ് കേന്ദ്രം ശ്രമിക്കുന്നത്. മണ്ഡലം പുനര്‍ നിര്‍ണയമാണ് ഇപ്പോള്‍ നടക്കുന്നത്. അത് പൂര്‍ത്തിയായാല്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കും. എപ്പോള്‍ തെരഞ്ഞെടുപ്പു നടന്നാലും അധികാരത്തിലെത്തുക ബിജെപിയാകും കശ്മീരില്‍ അധികാരത്തിലെത്തുക.
- ഗുലാംനബി ആസാദും നാഷണല്‍ കോണ്‍ഫറന്‍സും
മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ് ബിജെപിയില്‍ ചേരുമോ ഇല്ലയോ എന്നറിയില്ല. താന്‍ കോണ്ഗ്രസുകാരന് തന്നെ എന്നാണ് അദ്ദേഹം പറയുന്നത്. പക്ഷേ അദ്ദേഹത്തിന്റെ പല പ്രസ്താവനകളിലും കശ്മീരിലെ കോണ്‍ഗ്രസ്സുകാരുടെ മനസ്സ് പ്രതിഫലിക്കുന്നുണ്ട്. അത് നരേന്ദ്ര മോദിയോടുള്ള സ്നേഹമാണ്. കശ്മിര് ഭരിച്ച നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ല. അധികാരത്തിലെത്തിയാല്‍ 370-ാം വകുപ്പ് എടത്തുകളയുമെന്ന അവരുടെ പ്രഖ്യാപനം പൊള്ളയാണെന്ന് ജനം തിരിച്ചറിയുന്നു. ഒരിക്കലും അതു സാധ്യമാകില്ല എന്നത് എല്ലാവര്ക്കും അറിയാം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ലഡാക്കിലെത്തിയപ്പോള്‍ അവിടുത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് ലഡാക്ക് കേന്ദ്രഭരണ പ്രദേശമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചതാണ്. ലഡാക്കിലും ലെയിലും കാര്ഗിലുമുള്ള ജനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിക്കുന്നു.
- തകര്‍ന്ന തത്ത്വശാസ്ത്രം
ലോകത്താകമാനം തകര്‍ന്ന തത്ത്വശാസ്ത്രമാണ് കമ്മ്യൂണിസം. ഇവിടെയും അതുതന്നെ സംഭവിക്കും. ദൈവത്തിന്റെ സ്വന്തം നാടായി അറിയപ്പെടുന്ന കേരളം എങ്ങനെ അരാജവാദികളും അവിശ്വാസികളുമായ കമ്മ്യൂണിസ്റ്റുകാരെ സഹിക്കുന്നു എന്നു മനസ്സിലാകുന്നില്ല. കശ്മീരില്‍ കമ്മ്യൂണിസം പച്ചപിടിക്കില്ല.
- രാഷ്ട്രീയം മോശമല്ല
രാഷ്ട്രീയം മോശപ്പെട്ടത് എന്ന ചിന്ത വളര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ബഹിഷ്ക്കരണവും മറ്റു അതിന്റെ ഭാഗമാണ്. കശ്മീരിലെ യുവാക്കള്‍ ജനാധിപത്യ പ്രക്രിയയിലേക്ക് തിരിച്ചു വരുന്നു. രാഷ്ട്രീയമാണ് ജനാധിപത്യ സംവിധാനത്തില്‍ രാജ്യത്തിന്റേയും ജനങ്ങളുടേയും ഭാവി നിര്‍ണയിക്കുന്നത്. അതിനാല്‍ യുവാക്കള്‍ കൂടുതലായി രാഷ്ട്രീയത്തില്‍ വരണം. ആദര്‍ശ ശാലികളും ദേശസ്നേഹികളുമായ യുവാക്കളായിരിക്കണം രാഷ്ട്രീയത്തിലെ ചാലകശക്തിയാകേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: