തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങളിലൂടെയും മറ്റും എൽഡിഎഫ് സർക്കാർ കേരളത്തിലെ യുവാക്കളെ വെല്ലുവിളിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ഇടതും വലതും മാറിമാറി ഭരിച്ചതിനെ തുടർന്ന് കേരളത്തിൽ സംഭവിക്കുന്നത് മസ്തിഷ്‌ക ചോർച്ചയാണ്. ഇടതുസർക്കാർ പിൻവാതിലിലൂടെ പാർട്ടി അണികളെയും ക്രിമിനലുകളെയും നിയമവിരുദ്ധമായി സർക്കാർ ഉദ്യോഗങ്ങളിൽ നിയമിച്ചതുകൊണ്ട് കഴിവുള്ള കേരളത്തിന്റെ യുവത്വം നിലനിൽപ്പിനായി വിദേശങ്ങളിലേക്ക് കുടിയേറുന്നു. പുതിയ വ്യവസായങ്ങൾ ഒന്നും തന്നെ ആരംഭിക്കുന്നില്ല. ഉള്ളവയെ അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് നശിപ്പിക്കുന്നു. തൊഴിലില്ലായ്‌മ രൂക്ഷമായ സാഹചര്യത്തിൽ യുവാക്കൾ തൊഴിൽതേടി വിദേശങ്ങളിലേക്ക് പോവുക സ്വാഭാവികമാണ്. അങ്ങനെ നമ്മുടെ മസ്തിഷ്‌ക ചോർച്ച സംഭവിക്കുന്നു.
ക്രിമിനലുകൾക്കും സിപിഎം ഗുണ്ടകൾക്കും സർക്കാർ ഒത്താശയോടെ പോലീസിൽ പോലും ജോലി ലഭിക്കുന്നു. ഇത്തരത്തിൽ സംസ്ഥാന സർക്കാർ കേരളത്തിലെ യുവാക്കളെ വെല്ലുവിളിക്കുകയാണ്. പിന്നാക്ക വിഭാഗക്കാർക്കെതിരെ അതിക്രമം വർധിക്കുന്നു. കേന്ദ്ര പദ്ധതികളും കേന്ദ്രം നൽകുന്ന പണവും സംസ്ഥാനത്തിന്റെ പുരോഗതിക്കായി പിണറായി സർക്കാർ പ്രയോജനപ്പെടുത്തുന്നില്ല. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ കേരളം പരാജയപ്പെട്ടു. കേരള സർക്കാർ ഇതുസംബന്ധിച്ച് വിദേശരാജ്യങ്ങളിലെ വിദേശ ഏജൻസികൾ വഴി പരസ്യം ചെയ്യുന്നതല്ലാതെ ജനങ്ങളെ രക്ഷിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ല.
കേന്ദ്രം ഇക്കഴിഞ്ഞ ഏഴു വർഷവും കേരളത്തെ കൈയയച്ച് സഹായിച്ചു. നൽകാവുന്നതിന്റെ പരമാവധി ആനുകൂല്യങ്ങളും സഹായങ്ങളും നൽകി. റവന്യൂ കമ്മി നികത്താൻ യുപിഎ സർക്കാർ 29,841 കോടിയാണ് നൽകിയതെങ്കിൽ എൻഡിഎ ഭരണത്തിൽ 2014-19 കാലയളവിൽ 71,713 കോടി രൂപ നൽകി. ഗ്രാന്റ് ഇൻ എയ്ഡായി യുപിഎ സർക്കാർ 15,297 കോടി രൂപ നൽകിയപ്പോൾ എൻഡിഎ സർക്കാർ മൂന്നിരട്ടി തുകയായി 44,856 കോടി രൂപയാണ് കേരളത്തിന് നൽകിയത്. ഫിനാൻസ് കമ്മീഷന്റെ ഗ്രാന്റ് യുപിഎ കാലത്ത് 602 കോടി രൂപ നൽകിയെങ്കിൽ മോദി സർക്കാർ 1800 കോടി രൂപ നൽകി. കുടിവെള്ള വിതരണത്തിന് ജൽജീവൻ പദ്ധതി, അമൃത് പദ്ധതി, എല്ലാ പാവപ്പെട്ട സ്ത്രീകൾക്കും ഉജ്ജ്വൽ യോജന വഴി ഗ്യാസ് കണക്ഷൻ, കൊവിഡ് കാലത്ത് പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ, പാവപ്പെട്ട സ്ത്രീകൾക്ക് 1500 രൂപ എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് കേന്ദ്രം ചെയ്തത്. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി പതിനായിരം രൂപ ലഭിക്കാത്ത നിരവധി ആൾക്കാർ ഇപ്പോഴും കേരളത്തിലുണ്ട്.
ശങ്കരാചാര്യരുടെ നാടായ കേരളത്തിൽ വിശ്വാസങ്ങളും ആചാരങ്ങളും തകർക്കുന്ന ഹിന്ദു വിരുദ്ധ സർക്കാരാണുള്ളത്. അഴിമതി സാർവത്രികമാക്കിയതിനൊപ്പം ഒരു പ്രത്യേക മതവിഭാഗത്തെ പ്രീതിപ്പെടുത്തുകയാണ്. മതാചാരമായ ഹലാൽ പിന്തുടരാൻ ഇതരമതസ്ഥരെയും നിർബന്ധിക്കുന്നു. കേരളത്തിന്റെ പാരമ്പര്യവും പൈതൃകവും സംസ്‌കാരവും നശിപ്പിക്കാനാണ് നീക്കം. ശബരിമലയിലെ ആചാരലംഘനം അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ഭീകരപ്രവർത്തനമായ ലൗ ജിഹാദ് അവസാനിപ്പിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. ക്രിസ്ത്യൻ പെൺകുട്ടികളെയും ഹിന്ദു പെൺകുട്ടികളെയും കാണാതാകുന്ന സംഭവങ്ങളിൽ ഒരന്വേഷണവുമില്ല. ദേശസുരക്ഷയ്‌ക്ക് ഭീഷണിയായ സംഘടനകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തിന് ഭീഷണിയായ അവർക്കെതിരെ പിണറായി സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: