ഗോലാഘട്ട്: നിരന്തരം കള്ളങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുക എന്നതു മാത്രമാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മന്ത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നുണകള്‍ പറയുക, പാവങ്ങള്‍ക്ക് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുക, എന്നിട്ട് അധികാരം കൈക്കലാക്കുക. ഇതു മാത്രമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ആസാമിലെ ഗോലാഘട്ടില്‍ എന്‍ഡിഎ സംഘടിപ്പിച്ച തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകവെ പ്രധാനമന്ത്രി പറഞ്ഞു.
ആസാമിനെ പുരോഗതിയിലേക്ക് നയിക്കാന്‍ അഞ്ചു കാര്യങ്ങളുടെ പദ്ധതിയാണ് കോണ്‍ഗ്രസ് അവതരിപ്പിക്കുന്നത്. ഏതു സാഹചര്യത്തിലും അധികാരം നേടണം, സ്വന്തം നേതാക്കളുടെ പോക്കറ്റ് വലുതാകണം എന്നു മാത്രം ചിന്തിക്കുന്ന ഒരു പാര്‍ട്ടിക്ക് എങ്ങനെ ആസാമിനെ ഉയരങ്ങളിലേക്ക് നയിക്കാന്‍ കഴിയും? പ്രധാനമന്ത്രി ചോദിച്ചു. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ ആസാമില്‍ സമാധാനമുണ്ടായിരുന്നോ എന്നതാണ് ചോദ്യം. എന്‍ഡിഎ ഭരണകാലത്താണ് ആസാമില്‍ സമാധാനമുണ്ടായത് എന്നതാണ് ഉത്തരം. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ ആസാമിനെ കൊള്ളയടിക്കുന്നത് തടഞ്ഞോ എന്നതാണ് ചോദ്യം. എന്‍ഡിഎ വന്നപ്പോള്‍ ആസാമിനെ പുരോഗതിയുടെ പുത്തന്‍ മേഖലകളിലേക്ക് നയിച്ചു എന്നതാണ് ഉത്തരം.
ലോകത്തിനു മുന്നില്‍ ആസാമിന്റെ അടയാളമായിരുന്ന ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗത്തെ കോണ്‍ഗ്രസിന്റെ കാലത്ത് സംരക്ഷിച്ചിരുന്നോ എന്നാണ് ചോദ്യം. എന്‍ഡിഎ വന്നപ്പോള്‍ ഇവയെ വേട്ടയാടുന്നവരെ ജയിലിലാക്കി എന്നാണ് ഉത്തരം. ആസാമിന്റെ പൈതൃകം, കല, സംസ്കാരം, ഭാഷ, ഉത്സവങ്ങള്‍, അഭിമാനം… ഇതിനെല്ലാം പ്രാധാന്യം കൊടുത്ത ഭരണമാണ് എന്‍ഡിഎ മുന്നോട്ടു വച്ചത്, പ്രധാനമന്ത്രി വിശദീകരിച്ചു. ആസാമിന്റെ മഹാനായ പോരാളി ലചിത് ബര്ഫുക്കാനെ ആദരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത് എന്‍ഡിഎയാണ്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ലചിതിന്റെ പേരില്‍ സ്വര്‍ണ മെഡല്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞ ആറു വര്‍ഷക്കാലം ആസാമിലെ എണ്ണ, പാചകവാതക മേഖലകളില്‍ മാത്രം നാല്‍പ്പതിനായിരം കോടി രൂപയാണ് നിക്ഷേപിച്ചതെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: