ഹരിപ്പാട്: കേരളത്തിലെ തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് മല്‍സ്യ ബന്ധന ഉപകരണങ്ങള്‍ മോഷിടീക്കുന്ന സംഘത്തെ പിടികൂടി. മോഷണം നടത്തിയ എന്ജിന് വില്ക്കാന് ശ്രമിക്കുന്നതിനിടെ തൃക്കുന്നപ്പുഴ പോലീസാണ് പ്രതികളെ വലയിലാക്കിയത്. ആലപ്പുഴ പാതിരപ്പള്ളി തെക്കനാര്യാട് തെക്കേ പാലക്കല്‍ വീട്ടില്‍ ബിജു (40) ആലപ്പുഴ കൊറ്റംകുളങ്ങര വാര്‍ഡില്‍ കാളാത്ത് വെളിയില്‍ ശ്യാംലാല്‍ (45)തെക്കനാര്യാട് ഒറ്റക്കണ്ടത്തില്‍ ലിജോ ചാക്കോ (43) എന്നിവരാണ് പിടിയിലായത്.
ഇവര്‍ മോഷണം നടത്തി വിറ്റ മൂന്ന് മല്‍സ്യ ബന്ധന എന്‍ജിനുകള്‍, 200 കിലോയോളം ഈയം കൊണ്ട് നിര്‍മിച്ച വലമണികളും വിവിധ സ്ഥലങ്ങളില്‍ നിന്നായി പോലീസ് കണ്ടെടുത്തു. പ്രതികള്‍ക്കെതിരെ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആറാട്ടുപുഴ ബിജുവാണ് മോഷണത്തിന്റെ സൂത്രധാരന്‍. സമാന കേസില്‍ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്ക് 14 കേസുകള്‍ നിലവിലുണ്ട്. തോട്ടപ്പള്ളി കോസ്റ്റല്‍ സ്റ്റേഷനില്‍ നാലു കേസടക്കം ആലപ്പുഴ ജില്ലയില്‍ ഏഴ് കേസുകളിലെ പ്രതിയാണ്.
ആഡംബരകാറുകള്‍ വാടകക്കെടുത്താണ് മോഷണത്തിനിറങ്ങുന്നത്. ഗുരുവായൂര്‍ മുതല്‍ അഴീക്കല്‍ വരെയുള്ള സ്ഥലങ്ങളാണ് പ്രധാന മോഷണ കേന്ദ്രങ്ങള്‍. ആലപ്പുഴയിലും എറണാകുളത്തും വൈപ്പിനിലും തൃക്കുന്നപ്പുഴയിലും ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. ഹൗസ് ബോട്ടിന്റെ ഉടമയെന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്. നല്ല വേഷവിധാനങ്ങളോടെ ആഡംബര കാറുകളില്‍ എത്തുന്ന ഇയാളെ ആരും സംശയിച്ചിരുന്നില്ല. ഹൗസ് ബോട്ടിന് ഉപയോഗിച്ച എന്‍ജിനുകള്‍ വില്പനക്കുണ്ടെന്ന് സുഹൃത്തുക്കളെ അറിയിക്കുകയും ആവശ്യക്കാര്‍ ചോദിക്കുന്ന എന്ജിന് മോഷ്ടിച്ച് തുഛവിലക്ക് വിലപന നടത്തുകയുമാണ് പതിവ്.
അടുത്തിടെ തൃക്കുന്നപ്പുഴ ആറാട്ടുപുഴ തീരദേശങ്ങളില്‍ നടന്ന മോഷണങ്ങളില്‍ ലക്ഷങ്ങളുടെ മല്‍സ്യബന്ധന ഉപകരണങ്ങളാണ് നഷ്ടമായത്. തുടര്‍ന്ന് എസ്പി ജി. ജയദേവിന്റെ നിര്‍ദേശപ്രകാരം കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തില്‍ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ആറാട്ടുപുഴ തൃക്കുന്നപ്പുഴ ഭാഗങ്ങളില്‍ നിന്നും അടുത്തിടെ മാഷണം നടത്തിയ മല്‍സ്യ ബന്ധന ഉപകരണങ്ങളില്‍ കുറഞ്ഞ അളവില്‍ വലമണികള്‍ മാത്രമാണ് കണ്ടെത്തിയത് എന്‍ജിനുകള്‍ ഒന്നും കണ്ടെത്താനായില്ല.
റിമാന്റിന്ശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടൂപ്പ് നടത്തും. പതികളെ പിടിച്ചതറിഞ്ഞ് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളില്‍ നിന്നും നിരവധി മല്‍സ്യതൊഴിലാളികള്‍ തൃക്കുന്നപ്പുഴ സ്റ്റേഷന് മുന്നില്‍ തടിച്ച് കൂടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പോലീസ് ശ്രമിച്ചിട്ടും നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ കരയോഗം ഭാരവാഹികളുടെകൂടി സഹായത്തോടെ ഏറെ പണിപ്പെട്ടാണ് രോഷാകുലരായ ജനക്കൂട്ടത്തെ ശാന്തരാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: