കൊച്ചി: നാമനിര്‍ദേശ പത്രികകള്‍ തള്ളിയതിനെതിരെ തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബിജെപി സ്ഥാനാര്‍ഥികള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രത്യേക സിറ്റിംഗ് നടത്തി ഇന്നലെ ഹര്‍ജികള്‍ പരിഗണിച്ച ജസ്റ്റിസ് എന്‍ നഗരേഷ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദമായ നിലപാടുതേടി ഹര്‍ജികള്‍ ഇന്നത്തേക്ക് മാറ്റുകയിയിരുന്നു.
സംസ്ഥാനത്തു പലര്‍ക്കും പല നീതിയാണെന്ന് ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്മണ്യന്റെ അഭിഭാഷകന് വാദിച്ചു. പിറവത്തെ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി റോബിന് മാത്യൂവിന് പത്രികയ്ക്കൊപ്പം ഹാജരാക്കേണ്ട ഫോം എയും ബിയും നല്കാന് ഇന്നു രാവിലെ വരെ സമയം നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
സമാനമായ വാദമാണ് തലശ്ശേരിയിലെ സ്ഥാനാര്‍ഥി എന്‍ ഹരിദാസിന്റെ അഭിഭാഷകനും നടത്തിയത്. റിട്ടേണിംഗ് ഓഫിസര്‍മാര്‍ക്ക് ഓരോ സ്ഥലത്തും ഓരോ അളവുകോലാണെന്നും കൊണ്ടോട്ടിയില്‍ സൂക്ഷ്മ പരിശോധന മാറ്റിയെന്നും അഭിഭാഷകന് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി സത്യവാങ്മൂലം ആവശ്യപ്പെട്ടത്. ഉച്ചയ്ക്ക് 12-നാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: