യുവജനങ്ങളെ ദുരിതത്തിലാക്കിയ സര്‍ക്കാര്‍ എന്ന ഖ്യാതിയാണ് അധികാരത്തില്‍ നിന്ന് പുറത്താവുന്ന പിണറായി സര്‍ക്കാരിനുള്ളത്. തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാളും കുത്തനെ വര്‍ധിച്ചുവെന്ന് മാത്രമല്ല അഭ്യസ്തവിദ്യരായ യുവാക്കളുടെ ഏക പ്രതീക്ഷയായ പിഎസ്സിയെ പാര്‍ടി സര്‍വ്വീസ് കമ്മീഷന് എന്ന നിലയിലേക്ക് അധ:പതിപ്പിച്ചുവെന്ന ഖ്യാതിയും ഇടത് സര്‍ക്കാരിന്റേത് തന്നെ. മറ്റൊരു ഭാഗത്ത് കോടികളുടെ ധൂര്‍ത്തും അഴിമതിയും നടത്തി തങ്ങള്‍ യുഡിഎഫിനേക്കാള്‍ ഒട്ടും പിന്നിലല്ല എന്ന് തെളിയിക്കാനും ഇടത് സര്‍ക്കാരിനായി. ഒരു സമൂഹത്തെ പ്രതീക്ഷയോടെ മുന്നോട്ടു നയിക്കുന്നതില്‍ യുവജനതയുടെ ആത്മവിശ്വാസവും ഊര്‍ജസ്വലതയുമാണ് പങ്ക് വഹിക്കുന്നതെങ്കില്‍ യുവ ജനതയെ ആത്മഹത്യയുടെ വക്കിലെത്തിക്കുന്ന ദുരന്തമായി പിണറായി സര്‍ക്കാര്‍ മാറി. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പേരില്‍ ഒരു കാലത്ത് സമരം നയിച്ച പാരമ്പര്യം അവകാശപ്പെടുന്ന ഡിവൈഎഫ്ഐ തുടങ്ങിയ ഇടത് യുവ സംഘടനകളാകട്ടെ അഴിമതിയുടെ പങ്ക് പറ്റി പാര്‍ടി നേതൃത്വത്തിന്റെ അടിമത്തൊഴിലാളികളായി മാറി. ഈ സാഹചര്യത്തിലാണ് കേരളം ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വോട്ടര്‍മാരില്‍ ഗണ്യമായ പ്രാതിനിധ്യമുള്ള യുവ സമൂഹത്തിന് ഇടത്-വലത് മുന്നണികളുടെ യുവജന വിരുദ്ധ സമീപനത്തിനെതിരെ പ്രതികരിക്കാനുള്ള ജനാധിപത്യപരമായ അവസരമാണ് കൈവന്നിരിക്കുന്നത്.
തൊഴിലില്ലായ്മ അതിന്റെ പാരമ്യത്തിലെത്തിയെന്ന് ഇടത് സര്‍ക്കാര്‍ തന്നെ അംഗീകരിച്ചു കഴിഞ്ഞു.2019 ജൂണ്‍ 17ന് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന് നിയമസഭയില്‍ നല്കിയ വിവരങ്ങള്‍ ഇത് വ്യക്തമാക്കുന്നുണ്ട്- ‘കേരളത്തിലെ ജനസംഖ്യ 2011 ലെ സെന്‍സസ് പ്രകാരം 3.34 കോടിയാണ്. നിലവിലെ കണക്കനുസരിച്ച് കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന തൊഴില്‍ രഹിതരുടെ എണ്ണം 35,63477 ആണ്. 2017-18ലെ കണക്ക് പ്രകാരം ദേശീയ ശരാശരി തൊഴിലില്ലായ്മ നിരക്ക് 6.1 ആണ്. കേരളത്തിന്റെ ജനസംഖ്യയുടെ 10.67 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ത്രിപുര, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങള്‍ മാത്രമാണ് കേരളത്തേക്കാള്‍ കൂടുതല്‍. 2019 ല്‍ മന്ത്രി നിരത്തിയ കണക്കുകള്‍ ആണിത്. കോറോണാനന്തര കേരളത്തില്‍ ഈ നിരക്ക് കൂടുതലായിട്ടുണ്ടെന്ന് വ്യക്തം. കേരളത്തേക്കാള്‍ കൂടുതല്‍ തൊഴിലില്ലായ്മ നിരക്ക് കൂടുതല്‍ ഉള്ള ത്രിപുര പതിറ്റാണ്ടുകളായി സിപിഎം ഭരണത്തിലായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നടത്തിയപീരിയോഡിക് ലേബര്‍ ഫോര്‍സ് സര്‍വ്വേ പ്രകാരം കേരളത്തില്‍ 15നും 29നും ഇടയില്‍ പ്രായമുള്ളവരില്‍ തൊഴിലില്ലാത്തവരുടെ എണ്ണം 40.5 ശതമാനമാണ്. 2020 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്തെ കണക്കാണിത്. ധനമന്ത്രി തോമസ് ഐസക് പറഞ്ഞത് പ്രകാരം കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 36 ശതമാനമാണ്. ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയാണിത്.ദേശീയ ശരാശരി 17 ശതമാനം മാത്രമാണിത്. തൊഴിലില്ലായ്മ അനുദിനം വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2019 ഒക്ടോബറിനും ഡിസംബറിനും ഇടയില്‍ 36.3 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഇതില്‍ 11.57 ശതമാനം വര്‍ധനവാണ് തൊട്ടടുത്ത പാദ വാര്ഷികത്തിലുണ്ടായത്.പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ വ്യവസായിക ,കാര്‍ഷിക, വിവര സാങ്കേതിക, വിനോദ സഞ്ചാര മേഖലകളിലെ കേരളത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്താനോ സര്‍ക്കാരിനായില്ല. സരിതയും സ്വപ്നയും സൃഷ്ടിക്കുന്ന മായിക വലയങ്ങളില്‍ പെട്ടു പോയ ഭരണകൂടങ്ങളാണ് കേരളത്തിന്റെ ശാപം. കണ്ണിലെണ്ണയൊഴിച്ച്, രാത്രികളെ പകലുകളാക്കി പഠിച്ച് ഉദ്യോഗം തേടുന്ന യുവതീ യുവാക്കളുടെ ജീവിത പ്രശ്നം കാണാന്‍ കണ്ണില്ലാത്തവരാണ് ഭരണ സിരാ കേന്ദ്രങ്ങളില്‍ അടയിരിക്കുന്നത്.
എന്നാല്‍ ധൂര്‍ത്തിലൂടെ കോടികളാണ് സംസ്ഥാന സര്‍ക്കാര്‍ ഒഴുക്കിക്കളഞ്ഞത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ദിവസം മുതല്‍ കോടികളുടെ ദുര്‍വ്യയം ആരംഭിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിന് മാത്രം ചെലവഴിച്ചത് 3.71 കോടി രൂപയാണ്. നൂറാം ദിവസം ആഘോഷിക്കാന്‍ ചെലവഴിച്ചത് 2.24 കോടിയും ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ തുലച്ചു കളഞ്ഞത് 18.6 കോടി രൂപയുമാണ്. ആയിരം ദിവസം ആഘോഷിക്കാന്‍ ചെലവഴിച്ചതാകട്ടെ 10.27 കോടി രൂപയാണ്. ഒരു ശുപാര്‍ശ പോലും നല്കാന് കഴിയാതെ പിരിഞ്ഞു പോയ ഭരണ പരിഷ്കാര കമ്മീഷന് 2019 വരെ ചെലവഴിച്ചത് 71336666 രൂപയാണ്. യുവജനങ്ങളുടെ പേരില്‍ നിലകൊള്ളുന്ന കമ്മീഷനില്‍ ഡിവൈഎഫ്ഐ നേതാവിനെ കുടിയിരുത്തി 2019വര്‍ഷത്തില്‍ ബജറ്റില്‍ വകയിരുത്തിയത് 1 കോടി 10 ലക്ഷം രൂപയാണ്.അതില്‍ ധൂര്‍ത്തില്‍ മുങ്ങിയിട്ടും ആ വര്‍ഷം 39 ലക്ഷം ചെലവാക്കാന്‍ പോലും കമ്മീഷന് കഴിഞ്ഞില്ല. ശമ്പളച്ചെലവിലേക്ക് മാത്രം കമ്മീഷന് ചെലവായത് 92.54 ലക്ഷം രൂപയാണ്.മുഖ്യമന്ത്രിയുടെ തള്ളലുകള്‍ വൈറലാക്കാന്‍ സോഷ്യല്‍ മീഡിയ സംഘത്തെ നിയോഗിച്ചു.അതില്‍ ഒരാള്‍ക്ക് പ്രതിമാസം കേരളം നല്‍കേണ്ടി വന്നത് 54,814 രൂപയാണ്. ആറ്റിങ്ങലില്‍ തോറ്റ സമ്പത്തിനെ മുതല്‍ ബ്രിട്ടാസിനെയും പ്രഭാവര്‍മ യേയും പോലുള്ളവരെ കുടിയിരുത്താന്‍ ചെലവാക്കിയത് എത്ര കോടികളാണ്! ഉപദേശികളുടെ ഒരു വലിയ നിര യാണ് മുഖ്യമന്ത്രിക്ക് ചുറ്റും നിയോഗിക്കപ്പെട്ടത്.ആറു കമ്മീഷനുകള്‍ രൂപീകരിച്ചതില്‍ ചെലവായത് എത്രയാണെന്ന് കണക്കില്ല. ഒന്നര കോടി രൂപയുടെ ബുള്ളറ്റ് പ്രൂഫ്കാറ്റ പുതുതായി വാങ്ങിയത് നിലവില്‍ അത്തരം 4 കാറുകള്‍ ഉള്ളപ്പോഴാണ്. സര്‍ക്കാറിന്റെ കീഴില്‍ ഉള്ള വെള്ളാനകള്‍ കോടികളാണ് തുലച്ചു കൊണ്ടിരിക്കുന്നത്. റബ്കോ 238 കോടി, മാര്‍ക്കറ്റ് ഫെഡ് 27 കോടി, റബര്മാര്ക്ക-41 കോടി തുടങ്ങി നടത്തിപ്പിലെ പിഴവുകള്‍ മൂലം ഖജനാവിന് നഷ്ടമാവുന്നത് എത്ര കോടികളാണ്.
കേരളത്തിലെ യുവജനങ്ങള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. വ്യവസായ പ്രവര്‍ത്തനങ്ങളുടെ വികേന്ദ്രീകരണം, ഗ്രാമ പ്രദേശങ്ങളുടെ വികസനം, സ്വയംസംരംഭങ്ങള്‍ക്ക് നല്കിയ പ്രോത്സാഹനം ,മികച്ച അക്കാദമിക് വൈദഗ്ധ്യമുള്ളവരുടെ ഇടപെടല്‍ എന്നിവയിലൂടെ ഇന്ത്യയിലെ യുവതലമുറ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ എന്ന പ്രശ്നം ഫലപ്രദമായ പരിഹാരം കണ്ടെത്താന്‍ മോദി ഗവണ്മെന്റ് ശ്രമിച്ച്പ്പോള്‍ ഇങ്ങ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍കീഴില്‍ കേരളത്തിലെ യുവജനങ്ങളെ വഴിയാധാരമാക്കുകയായിരുന്നു. കേരളത്തില്‍ പി എസ് സി റാങ്ക് ജേതാക്കള്‍ തെരുവില്‍ മുട്ടിലിഴയുകയായിരുന്നു. യുവജന വഞ്ചനയുടെ നേര്‍ക്കാഴ്ചയാണ് കഴിഞ്ഞ 5 വര്‍ഷത്തിലുണ്ടായത്. സംസ്ഥാന സര്‍ക്കാരാകട്ടെ ഫ്യൂഡല്‍ കാലത്തെ തമ്പ്രാക്കളുടെ റോളിലായിരുന്നു.മുദ്ര വായ്പ മുതല്‍ നൂറുകണക്കിന് പദ്ധതികളിലൂടെ കേന്ദ്ര സര്‍ക്കാര്‍ യുവാക്കളെ പുരോഗതിയുടെ ആത്മനിര്‍ഭരതയിലേക്ക് നയിക്കുമ്പോഴാണ് കേരള സര്‍ക്കാര്‍ യുവാക്കളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. കേരളത്തെ ഭാരതത്തിന്റെ വികസന പന്ഥാവിലേക്ക് നയിക്കാന്‍ ഈ തെരഞ്ഞെടുപ്പിനെ ഫലപ്രദമായി വിനിയോഗിക്കാന്‍ യുവസമൂഹം തയാറാവണം.
അഖില്‍ രവീന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: