മുംബൈ: മന്‍സുഖ് ഹിരന്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണം എന്‍ ഐഎയ്ക്ക് വിട്ട് 24 മണിക്കൂറാകുന്നതിന് മുമ്പ് തന്നെ ഈ കേസില്‍ പ്രതികളെ പിടിച്ചെന്നും കേസിന്റെ ചുരുളഴിച്ചെന്നും മഹാരാഷ്ട്ര പൊലീസിന്റെ കീഴിലുള്ള ആന്റി ടെററിസം സ്ക്വാഡ് (എടിഎസ്).
എടിഎസിന്റെ ഡി ഐജി ശിവ്ദീപ് വാമന്റാവു ലാന്റെയാണ് ഫേസ്ബുക്ക് പോസ്റ്റില്‍ മന്‍സുഖ് ഹിരന്റെ കൊലപാതകക്കേസിന്റെ ചുരുളഴിച്ചെന്ന് അവകാശപ്പെട്ടത്. കൊലപാതകത്തിന് പിന്നിലുള്ളവരെ പിടികൂടിയ എടിഎസ് സഹപ്രവര്‍ത്തകരെ മുഴുവന്‍ ഡി ഐജി തന്റെ പോസ്റ്റില്‍ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.
55 വയസ്സുകാരനായ മുന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ വിനായക് ഷിന്‍ഡെ, 31 കാരനായ വാതുവെപ്പുകാരന് കൂടിയായ നരേഷ് ധാരെ എന്നിവരെയാണ് എടിഎസ് മന്‍സുഖ് ഹിരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എടിഎസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.എന്നാല്‍ കൊലപാതകം എങ്ങിനെയെന്നോ, കുറ്റവാളികള്‍ എന്താണ് ചെയ്തതെന്നോ ഒന്നും എടിഎസ് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നത് മാധ്യമപ്രവര്‍ത്തകരില്‍ സംശയത്തിന്റെ നിഴല്‍ വീഴ്ത്തുന്നു. അതുവരെ കുറ്റവാളികളെ പിടിക്കാന്‍ കഴിയാത്ത എടിഎസ് 24 മണിക്കൂറിനുള്ളില്‍ രണ്ട് കൊലപാതകികളെ ഹാജരാക്കിയിരിക്കുന്നു. എന്നാല്‍ കൊലപാതകത്തെക്കുറിച്ച് വിശദാംശങ്ങള്‍ ഒന്നും ഇതുവരെയും നല്‍കിയിട്ടില്ല.
മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലിയയ്ക്ക് മുന്നില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനത്തിന്റെ യഥാര്‍ത്ഥ ഉടമയാണ് മുന്‍സുഖ് ഹിരന്‍. അദ്ദേഹത്തിന്റെ കാര്‍ സച്ചിന് വാസെ എന്ന മുംബൈ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഈ ദൗത്യത്തിന് ഉപയോഗപ്പെടുത്തിയത് എന്നറിയുന്നു. സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം അംബാനിയുടെ വീടിനു മുന്നില്‍ സ്ഥാപിച്ച് ഇസ്ലാം തീവ്രവാദ സംഘടനയാണ് ഇതിന് പിന്നിലെന്ന് വരുത്തിത്തീര്‍ത്ത് മഹാരാഷ്ട്ര പൊലീസിന് അംബാനിയില്‍ നിന്നും സുരക്ഷയുടെ പേര് പറഞ്ഞ് വന്‍തുക തട്ടിയെടുക്കാനായിരുന്നു പദ്ധതിയെന്നും ആരോപിക്കപ്പെടുന്നുണ്ട്. ഈ ഗൂഡപദ്ധതിയ്ക്ക് പിന്നില്‍ സച്ചിന് വാസെയും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് എന്‍ ഐഎ വ്യക്തമാക്കിക്കഴിഞ്ഞു.
സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മന്‍സുഖ് ഹിരന്റെ മൃതദേഹം മുംബൈയിലെ ഒരു ഹോട്ടലിന് അടുത്തുള്ള കടലിടുക്കില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മന്‍സുഖിന്റെ ഭാര്യ തന്നെയാണ് തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് സച്ചിന് വാസെയാണെന്ന് വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചത്. പിന്നീട് എന്‍ഐഎ ആന്റിലിയ ബോംബ് കേസ് ഏറ്റെടുക്കുകയും സച്ചിന് വാസെയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് മന്‍സുഖിന്റെ കവിളില്‍ അടിയേറ്റ പാടുകളുള്ളതായി കണ്ടെത്തുകയും ആത്മഹത്യയല്ല കൊലപാതകമാണെന്ന നിഗമനത്തില്‍ എന്‍ഐഎ എത്തിച്ചേരുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മന്‍സുഖ് ഹിരന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം എന്‍ ഐഎയ്ക്ക് വിട്ടത്. മന്‍സുഖിന്റെ മരണം നടന്ന് ഇത്രയും ദിവസമായെങ്കിലും കേസ് എന്‍ ഐഎയ്ക്ക് വിട്ടയുടന്‍ കേസിലെ കൊലപാതകികളെ പിടികൂടിയതായി എടിഎസ് നാടകീയമായാണ് പ്രഖ്യാപിച്ചത്. 55 വയസ്സുകാരനായ മുന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ വിനായക് ഷിന്‍ഡെ, 31 കാരനായ വാതുവെപ്പുകാരന് കൂടിയായ നരേഷ് ധാരെ എന്നിവരെയാണ് എടിഎസ് മന്‍സുഖ് ഹിരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
മന്‍സുഖ് ഹിരന്റെ കൊലപാതകം സംബന്ധിച്ച കേസന്വേഷണം എന്‍ ഐഎയെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഏല്‍പ്പിച്ചെങ്കിലും ഇനിയും കേസ് ഫയല്‍ ഇതുവരെ കേസന്വേഷിച്ചിരുന്ന എടിഎസ് കൈമാറിയിട്ടില്ല.
ഇതിനിടെ ആഭ്യന്തരമന്ത്രിയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് രംഗത്തെത്തി. സംസ്ഥാനത്തെ പോലീസ് നടപടികളില്‍ മന്ത്രി അനില്‍ ദേശ്മുഖ് അന്യായമായി ഇടപെടലുകള്‍ നടത്തിയിരുന്നുവെന്നും എല്ലാ മാസവും 100 കോടി രൂപ പിരിച്ചു നല്‍കാനും ആവശ്യപ്പെട്ടെന്നായിരുന്നു പരംബീറിന്റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് നല്കിയ കത്തിലാണ് ആഭ്യന്തരമന്ത്രിക്കെതിരെ മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. അംബാനി കേസില്‍ പുറത്താക്കിയ സച്ചിന് വാസെ എന്ന ഉദ്യോഗസ്ഥനെയടക്കം അനില്‍ ദേശ്മുഖ് കൂടി ഇടപെട്ടാണ് നിയമിച്ചതെന്നും പരംബീര്‍ സിങ് ആരോപിച്ചിരുന്നു. ഇക്കാര്യങ്ങള്‍ എന്‍സിപി നേതാവ് ശരദ് പവാറിനെയും അറിയിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുംബൈ പൊലീസ് കമ്മീഷണര്‍ പദവിയില്‍ നിന്നും പരംബീര്‍ സിംഗിനെ മാറ്റി, മുംബൈ പൊലീസിന്റെ കഴിവ് കേടും വീഴ്ചകളും പരംബീര്‍ സിംഗിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ എന്‍സിപിയും ശരത്പവാറും അനില്‍ ദേശ്മുഖും ഉദ്ദവ് താക്കറെയും ശ്രമം നടത്തിയിരുന്നു. ഇതിനെതിരായ പൊട്ടിത്തെറിയാണ് പരംബീര്‍ സിംഗിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
ഇതോടെ ശരത്പവാര്‍ പൂര്‍ണ്ണമായും വെട്ടിലായിരിക്കുകയാണ്. സച്ചിന് വാസെയെ മഹാരാഷ്ട്ര ക്രൈംബ്രാഞ്ചിലേക്ക് വീണ്ടും നിയമിച്ചത് ഉദ്ദവ്താക്കറെയാണ് എന്ന് നേരത്തെ മുതല്‍ ആരോപിച്ചിരുന്ന ശരത്പവാറിന് ഇപ്പോള്‍ പരംബീര്‍ സിംഗിന്റെ വെളിപ്പെടുത്തലോടെ മുഖം നഷ്ടമായിരിക്കുകയാണ്. ഇപ്പോള്‍ അനില്‍ ദേശ്മുഖിനെ ബലിയാടാക്കി പ്രശ്നത്തില്‍ നിന്നും തലയൂരാനുള്ള ശ്രമമാണ് ശരത്പവാര്‍ നടത്തുന്നത്. അനില്‍ ദേശ്മുഖ് ചെയ്തത് ഗൗരവമുള്ള കുറ്റമാണെന്നാണ് ഇപ്പോള്‍ ശരത്പവാര്‍ പറയുന്നത്. മാത്രമല്ല, അനില്‍ ദേശ്മുഖിനെതിരെ അന്തിമ തീരുമാനം എടുക്കേണ്ടത് ഉദ്ദവ് താക്കറെയാണെന്നും അഭിപ്രായപ്പെടുക വഴി വീണ്ടും ഉദ്ദവ് താക്കറെയ്ക്ക് മേല്‍ ഈ ഉത്തരവാദിത്വവും കൂടി കെട്ടിവെക്കാന്‍ ശ്രമിക്കുകയാണ്.
സച്ചിന് വാസെയെ വീണ്ടും പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ട് വന്നത് പരംബീര്‍ സിംഗാണ്, അല്ലാതെ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖല്ല എന്ന പവാറിന്റെ പ്രസ്താവന അര്‍ധസത്യം മാത്രമാണെന്ന് ഫഡ്നാവിസ് കുറ്റപ്പെടുത്തി. ആഭ്യന്തരമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പിന്തുണയില്ലാതെ സച്ചിന് വാസെയെ വീണ്ടും സര്‍വ്വീസില്‍ എടുക്കാന്‍ കഴിയില്ലെന്നും ഫഡ്നാവിസ് ആരോപിച്ചു. ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭം കടുപ്പിക്കുകയാണ് ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: