‘ജനേയൂ’ എന്നതിന് ഗുരുനാനാക് നല്കുന്ന വിവക്ഷ ഇങ്ങനെ: ജനേയൂ കരുണയുടെ പഞ്ഞികൊണ്ട് ഉണ്ടാക്കണം. സത്യസന്ധതകൊണ്ട് ഇഴ പിരിക്കണം. നൂല്, തൃപ്തികൊണ്ടാവണം. ഗ്രന്ഥി (കെട്ട്) ആത്മനിയന്ത്രണമാവണം. ഈ പൂണൂല് കൊണ്ട് മനസ്സിനെ ബന്ധിക്കുക. ഒരിക്കലും പൊട്ടാന്‍ അനുവദിക്കരുത്.
വിജയത്തിന്റെയും ശക്തിയുടെയും പ്രതീകങ്ങള്‍ എപ്പോഴും കൈയിലുണ്ടെങ്കിലും അഹങ്കാരം അല്പം പോലുമില്ലാതെ ആത്മനിയന്ത്രണത്തോടെ കഴിയാന്‍ ഹനുമാന് കഴിഞ്ഞു.
ശങ്കരസുവന് കേസരീ നന്ദന്
തേജപ്രതാപ് മഹാജഗ ബന്ദന്
(അര്‍ഥം: ഹേ, ശങ്കരസൂനൂ, ഹേ! കേസരിയുടെ പുത്രാ, അങ്ങയുടെ തേജസ്സും, പ്രതാപവും ലോകത്തില്‍ വാഴ്ത്തപ്പെടുന്നു.)
ഹനുമാന്റെ വംശപാരമ്പര്യവും ഇവിടെ സൂചിപ്പിക്കുന്നു. ഇതും ഹനുമാന്റെ മഹത്വത്തെ ചൂണ്ടിക്കാട്ടുകയാണ്.
ശങ്കരസുവന്: ഹനുമാന് ശ്രീപരമേശ്വരന്റെ പുത്രനാണ്. ഇതെങ്ങനെയെന്നോര്ത്ത് നമ്മള് അത്ഭുതപ്പെടും. ഹനുമാന് വായുപുത്രനെന്നാണ് നമുക്ക് അറിയാവുന്നത്. അതേസമയം കേസരിയെന്ന വാനര രാജാവാണ് ഹനുമാന്റെ പിതാവെന്നും കേട്ടിരിക്കും.
ലോകസംരക്ഷണാര്ഥം ഭഗവാന് വിഷ്ണു അവതാരം കൈകൊള്ളുമ്പോള്‍ ബ്രഹ്മാവിന്റെ നിര്‍ദേശപ്രകാരം എല്ലാ ദേവകളും ഭഗവാനെ സഹായിക്കുവാന്‍ വാനരരായി ജന്മമെടുത്തു. സൂര്യന്റെ മകനായി സുഗ്രീവന്, ബ്രഹ്മദേവന്റെ മകനായി ജാംബവാന് എന്നിങ്ങനെ…
വായുഭഗവാന് ഹനുമാന്റെ മാതാപിതാക്കളായ അഞ്ജനയെയും കേസരിയെയും തന്റെ ചൈതന്യത്താല്‍ അനുഗ്രഹിച്ചുവെന്നും ഹനുമാന് അങ്ങനെ വായുപുത്രനായി എന്നും പറയപ്പെടുന്നു.
കൈകേയിക്കു ലഭിച്ച പുത്രകാമേഷ്ടിയിലെ പ്രസാദം ഒരു പരുന്ത് തട്ടിക്കൊണ്ടുപോയെന്നും അത് താഴെ വീണപ്പോള്‍ വായുഭഗവാന്, തപസ്സനുഷ്ഠിച്ചിരുന്ന അഞ്ജനയ്ക്കു നല്‍കിയെന്നുമാണ് മറ്റൊരു കഥ, ഇതല്ലാതെ മൂന്നാമതൊരു കഥകൂടിയുണ്ട്. ശ്രീപരമേശ്വരന് ശ്രീരാമനെ സഹായിക്കാന്‍ ഭൂമിയില്പിറവിയെടുക്കണമെന്നു തോന്നി. പരമേശ്വരന് തന്റെ തേജസ്സ് വായു മുഖാന്തിരം ഹനുമാന് നല്‍കിയെന്നതാണ് ആ കഥ. അങ്ങനെയാണ് ഹനുമാന് ഒരേ സമയം പരമേശ്വരന്റെ മകനും അവതാരവുമാകുന്നത്. സത്യത്തില്‍ നാമോരോരുത്തരും ശൈവാംശവും ശിവപുത്രന്മാരുമാണ്.
ഇനി കേസരിയെക്കുറിച്ച് പരാമര്‍ശിക്കാം. പേരു സൂചിപ്പിക്കുന്നതു പോലെ സിംഹസമാനനായിരുന്നുവത്രേ കേസരി. വീരശൂര പരാക്രമി. ഹനുമാനും ഇതേ ഗുണഗണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. നാമോരോരുത്തരും നമ്മുടെ മാതാപിതാക്കളില്‍ നിന്നും അവരുടെ ഗുണങ്ങള്‍ സ്വീകരിക്കുന്നു. അഞ്ചോആറോ വയസ്സിനുള്ളില്‍ തന്നെ ഈ ഗുണങ്ങള്‍ കുട്ടികളിലുണ്ടാകും. നല്ലതായാലും മോശമായാലും ഇതില്‍ ഏതാണ് നമ്മള് പ്രകടിപ്പിക്കുന്നത് എന്നത് പ്രധാനമാണ്. ശ്രീശങ്കരന്റെ ഭക്തിയും കരുണയും വായുദേവന്റെ സേവന മനോഭാവവും ശക്തിയും കേസരിയുടെ വീര്യവും ആത്മാര്ഥതയുമൊക്കെ ഹനുമാനിലുണ്ട്.
ബ്രഹ്മചാരി സുധീര്‍ ചൈതന്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: