മുംബൈ: ഗത്യന്തരമില്ലാതെ വന്നപ്പോള്‍ എന്‍സിപിക്കാരനായ മഹരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെ കൈവിട്ട് ശരത്പവാര്‍. ആന്റിലിയ ബോംബ് കേസില്‍ ആദ്യമൊക്കെ അനില്‍ ദേശ്മുഖിനെ രക്ഷിച്ച് ഉദ്ദവ് താക്കറെയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയ ശരത്പവാര്‍ സത്യം പുറത്തുവന്നപ്പോള്‍ മന്ത്രിയെ കൈവിട്ട് സ്വന്തം പ്രതിച്ഛായ രക്ഷിയ്ക്കാനുള്ള ശ്രമത്തിലാണ്.
ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ അനില്‍ ദേശ്മുഖിന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. നേരത്തെ അംബാനിയുടെ വീടിന് മുന്പില് സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിലും മന്‍സുഖ് ഹിരണ്‍ എന്നയാള്‍ ആത്മഹത്യ ചെയ്ത സംഭവത്തിലും സച്ചിന് വാസെ എന്ന പൊലീസുദ്യോഗസ്ഥന്റെ പങ്ക് പുറത്തുകൊണ്ടുവന്നതും ബിജെപിയുടെ പ്രക്ഷോഭമാണ്. ഇതിനെ തുടര്‍ന്നാണ് കേസന്വേഷണത്തിന്റെ ചുമതല എന്‍ ഐഎ ഏറ്റെടുത്തതും സച്ചിന് വാസെയെ അറസ്റ്റ് ചെയ്തതും. കേസില്‍ ഓരോദിവസവും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
എറ്റവുമൊടുവില്‍ മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിന്റ ആരോപണം ശരത്പവാറിനെയും മഹാരാഷ്ട്ര സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ പോലീസ് നടപടികളില്‍ മന്ത്രി അനില്‍ ദേശ്മുഖ് അന്യായമായി ഇടപെടലുകള്‍ നടത്തിയിരുന്നുവെന്നും എല്ലാ മാസവും 100 കോടി രൂപ പിരിച്ചു നല്‍കാനും ആവശ്യപ്പെട്ടന്നായിരുന്നു പരംബീറിന്റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് നല്കിയ കത്തിലാണ് ആഭ്യന്തരമന്ത്രിക്കെതിരെ മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. അംബാനി കേസില്‍ പുറത്താക്കിയ സച്ചിന് വാസെ എന്ന ഉദ്യോഗസ്ഥനെയടക്കം അനില്‍ ദേശ്മുഖ് കൂടി ഇടപെട്ടാണ് നിയമിച്ചതെന്നും പരംബീര്‍ സിങ് ആരോപിച്ചിരുന്നു. ഇക്കാര്യങ്ങള്‍ എന്‍സിപി നേതാവ് ശരദ് പവാറിനെയും അറിയിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുംബൈ പൊലീസ് കമ്മീഷണര്‍ പദവിയില്‍ നിന്നും പരംബീര്‍ സിംഗിനെ മാറ്റി, മുംബൈ പൊലീസിന്റെ കഴിവ് കേടും വീഴ്ചകളും പരംബീര്‍ സിംഗിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ എന്‍സിപിയും ശരത്പവാറും അനില്‍ ദേശ്മുഖും ഉദ്ദവ് താക്കറെയും ശ്രമം നടത്തിയിരുന്നു. ഇതിനെതിരായ പൊട്ടിത്തെറിയാണ് പരംബീര്‍ സിംഗിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
ഇതോടെ ശരത്പവാര്‍ പൂര്‍ണ്ണമായും വെട്ടിലായിരിക്കുകയാണ്. സച്ചിന് വാസെയെ മഹാരാഷ്ട്ര ക്രൈംബ്രാഞ്ചിലേക്ക് വീണ്ടും നിയമിച്ചത് ഉദ്ദവ്താക്കറെയാണ് എന്ന് നേരത്തെ മുതല്‍ ആരോപിച്ചിരുന്ന ശരത്പവാറിന് ഇപ്പോള്‍ പരംബീര്‍ സിംഗിന്റെ വെളിപ്പെടുത്തലോടെ മുഖം നഷ്ടമായിരിക്കുകയാണ്. ഇപ്പോള്‍ അനില്‍ ദേശ്മുഖിനെ ബലിയാടാക്കി പ്രശ്നത്തില്‍ നിന്നും തലയൂരാനുള്ള ശ്രമമാണ് ശരത്പവാര്‍ നടത്തുന്നത്. അനില്‍ ദേശ്മുഖ് ചെയ്തത് ഗൗരവമുള്ള കുറ്റമാണെന്നാണ് ഇപ്പോള്‍ ശരത്പവാര്‍ പറയുന്നത്. മാത്രമല്ല, അനില്‍ ദേശ്മുഖിനെതിരെ അന്തിമ തീരുമാനം എടുക്കേണ്ടത് ഉദ്ദവ് താക്കറെയാണെന്നും അഭിപ്രായപ്പെടുക വഴി വീണ്ടും ഉദ്ദവ് താക്കറെയ്ക്ക് മേല്‍ ഈ ഉത്തരവാദിത്വവും കൂടി കെട്ടിവെക്കാന്‍ ശ്രമിക്കുകയാണ്.
വാസ്തവത്തില്‍ മഹാരാഷ്ട്രസര്ക്കാരിലെ പ്രധാന ഘടകകക്ഷിയായ എന്‍സിപിയ്ക്കെതിരെ കൂടിയാണ് മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിന്റെ ഗുരുതരമായ ആരോപണങ്ങള്‍. അനധികൃതമായി, പൊലീസ് വകുപ്പിന്റെ ധാര്‍ഷ്ട്യം ഉപയോഗിച്ച് ഏല്ലാ മാസവും 100 കോടി വീതം പിരിച്ചെടുക്കാന്‍ ഒരു ആഭ്യന്തരമന്ത്രി മഹാരാഷ്ട്രയിലെ പൊലീസ് സേനയ്ക്ക് ഉത്തരവ് നല്‍കിയെന്നത് ഗുരുതരമായ കുറ്റാരോപണമാണ്. ഇതാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം കടുപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്.
സച്ചിന് വാസെയെ വീണ്ടും പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ട് വന്നത് പരംബീര്‍ സിംഗാണ്, അല്ലാതെ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖല്ല എന്ന പവാറിന്റെ പ്രസ്താവന അര്‍ധസത്യം മാത്രമാണെന്ന് ഫഡ്നാവിസ് കുറ്റപ്പെടുത്തി. ആഭ്യന്തരമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പിന്തുണയില്ലാതെ സച്ചിന് വാസെയെ വീണ്ടും സര്‍വ്വീസില്‍ എടുക്കാന്‍ കഴിയില്ലെന്നും ഫഡ്നാവിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: