കൊച്ചി: ശബരിമലയില്‍ ഇരുളിന്റെ മറവില്‍ യുവതികളെ പ്രവേശിപ്പിച്ചതും സര്‍ക്കാരിന്റെ ഒത്താശയോടെ ആചാര ലംഘനങ്ങള്‍ നടത്തിയതും ചര്‍ച്ചയാകുമ്പോള്‍ കൃത്യമായ ഉത്തരം നല്കാനാവാതെ വിയര്‍ക്കുകയാണ് ഇടതു സര്‍ക്കാര്‍. കോടതി വിധിക്ക് കാക്കാം, വിധി വന്നിട്ട് ഭക്തരുമായി ചര്‍ച്ച നടത്താം, വിധി പാലിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട് എന്നൊക്കെയുള്ള മുട്ടാപ്പോക്ക് മറുപടി മാത്രമാണ് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നല്‍കാനുള്ളത്.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നും ആചാര ലംഘനം പാടില്ലെന്നുമുള്ളതാണ് വിശ്വാസികളുടെയും ഹിന്ദു സംഘടനകളുടെയും നിലപാട്. എന്നാല്‍, യുവതികളെ കയറ്റണമെന്നതാണ് സിപിഎമ്മിന്റെയും സിപിഐയുടെയും ഇടതു സര്‍ക്കാരിന്റെയും നിലപാട്.
യുവതികളെ കയറ്റാന്‍ അവര്‍ കോടതി വിധിക്ക് കാത്തു നില്‍ക്കുകയായിരുന്നു. അതിനാലാണ് വിധി വന്നയുടന്‍ അതിന്റെ മറവില്‍ ആക്ടിവിസ്റ്റുകളായ, എന്നാല്‍ ഭക്തരേയല്ലാത്ത സ്ത്രീകളെ അവിടേക്ക് രാത്രിയില്‍ ആരുമറിയാതെ കയറ്റിയതും. ഇത് വലിയ തിരിച്ചടിയായപ്പോള്‍ അവര്‍ മലക്കം മറിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നതിനാലാണ് അവര്‍ മാപ്പു പറഞ്ഞതും ഖേദം പ്രകടിപ്പിച്ചതും. ബിന്ദു അമ്മിണി ഭക്തയല്ല ആക്ടിവിസ്റ്റാണെന്ന് ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.
സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പൊടുന്നനെ പാര്‍ട്ടിയുടെ യഥാര്‍ഥ നിലപാട് വ്യക്തമാക്കിയതോടെ മാപ്പു പറഞ്ഞും മറ്റുമുള്ള കളി പൊളിഞ്ഞു. മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാട് ആത്മാര്ഥതയില്ലാത്തതും പൊള്ളയാണെന്നും തെളിഞ്ഞു.
സര്‍ക്കാരിന്റെ നിലപാട് ആത്മാര്‍ഥമാണെങ്കില്‍ വിധി വന്ന ശേഷമല്ല, ഇപ്പോഴാണ് കൃത്യമായ നിലപാട് പ്രഖ്യാപിക്കേണ്ടത്. അങ്ങനെയെങ്കില്‍ യുവതീ പ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലം പിന്‍വലിച്ച് പുതിയത് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ അങ്ങനെ ചെയ്യുമെന്നു സര്‍ക്കാര്‍ പറയുന്നില്ല.
നിലപാടില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി തന്നെ മാപ്പു പറയുകയുംപുതിയ നിലപാട് പ്രഖ്യാപിക്കുകയുമാണ് ചെയ്യേണ്ട മറ്റൊന്ന്. മുഖ്യമന്ത്രി അതിന് തയാറാകുന്നില്ലെന്നു മാത്രമല്ല യെച്ചൂരിയുടെ നിലപാടിന് അനുകൂലമായി പ്രതികരിക്കുന്നു. അതിനര്‍ഥം നിലപാട് മാറിയിട്ടില്ലെന്നും യെച്ചൂരി പറഞ്ഞതു തന്നെയാണ് പാര്‍ട്ടി, സര്‍ക്കാര്‍ നിലപാടെന്നുമാണ്.
മാത്രമല്ല വിധി എതിരാണെങ്കില്‍ എന്തു ചെയ്യുമെന്ന് പറയേണ്ടതും സര്‍ക്കാരാണ്, പ്രത്യേകിച്ച് തുടര്‍ ഭരണം ലഭിക്കുമെന്ന് അവകാശപ്പെടുന്ന സാഹചര്യത്തില്‍. വിധി മറികടക്കാന്‍ നിയമം കൊണ്ടുവരുമോയെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. എന്നാല്‍, അത്തരമൊരു മറുപടിയും പിണറായി സര്‍ക്കാര്‍ നല്‍കുന്നില്ല. ഗൂഢലക്ഷ്യവും നിലപാടില്‍ കള്ളത്തരവുമുള്ളതിനാലാണ് സര്‍ക്കാരിന് കൃത്യമായ ഉത്തരം നല്കാന് കഴിയാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: