ശ്രുതിവാക്യങ്ങളെ അഞ്ചായിതിരിക്കാറുണ്ട്. വിധി, മന്ത്രം, നാമധേയം, നിഷേധം, അര്‍ത്ഥവാദം എന്നിങ്ങനെ. കേനോപനിഷത്തിലെ ഒന്നും രണ്ടും ഖണ്ഡങ്ങള്‍ മന്ത്രഭാഗംകൊണ്ട് ബ്രഹ്മതത്വം വിവരിക്കുന്നു. മൂന്നും നാലും ഖണ്ഡങ്ങള്‍ അര്‍ത്ഥവാദത്തിന്റേതാണ്.
എന്താണ് അര്‍ത്ഥവാദം? ലളിതമായിപ്പറഞ്ഞാല്‍ കഥയിലൂടെ കാര്യം അവതരിപ്പിക്കുകയാണ് അര്‍ത്ഥവാദം. ഉപാഖ്യാനം എന്നും പറയാം. ‘അര്‍ത്ഥവാദകഥകള്‍’ എന്നൊരിനം തന്നെ ആധ്യാത്മികസാഹിത്യത്തില്‍ നമുക്കുകാണാം. അസംബന്ധമോ അപ്രസക്തമോ ആവാം ഇമ്മാതിരി കഥകള്‍. പക്ഷെ, അവയുടെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യാനാവില്ല. ആസ്തിക്യബോധത്തേയും ധര്‍മ്മനിഷ്ഠയേയും ഇവ ഉത്തേജിപ്പിക്കും.
ദേവാസുരയുദ്ധത്തെ ആസ്പദിച്ചാണ് കേനോപനിഷത്തിലെ യക്ഷകഥ. ദേവന്മാരും അസുരന്മാരും തമ്മില്‍ കൊടിയ യുദ്ധമുണ്ടായി. ദേവന്മാര്‍ വിജയിച്ചു. അസുരന്മാര്‍ പരാജയപ്പെട്ടു. വിജയോന്മാദികളായ ദേവന്മാര്‍ അഹങ്കാരത്തിന്റെ ആള്‍രൂപങ്ങളായി. തങ്ങളുടെ ശക്തിയും മഹത്വവും കൊണ്ടാണ് അസുരന്മാര്‍ പരാജയപ്പെട്ടതെന്ന അഹന്ത. സത്യത്തില്‍ ദേവന്മാര്‍ ജയിച്ചത് ബ്രഹ്മത്തിന്റെ ഇടപെടല്‍കൊണ്ടാണ്. ദേവന്മാരുടെ അഹങ്കാരശമനത്തിനായാണ് കേനോപനിഷത്ത് യക്ഷപ്രശ്‌നം അവതരിപ്പിക്കുന്നത്.
കഥയിലേക്കുകടക്കാം. ഒരുദിവസം ബ്രഹ്മം ഒരു യക്ഷത്തിന്റെ രൂപത്തില്‍ ദേവന്മാര്‍ക്കുമുമ്പില്‍ പ്രത്യക്ഷപ്പെട്ടു. എന്താണ് യക്ഷം? പിശാച്, നായ, മന്ത്രം, പൂജ. യാഗം എന്നൊക്കെയാണ് യക്ഷം എന്ന പദത്തിന് ശബ്ദതാരാവലി നല്കുന്ന അര്‍ത്ഥം. ചില വ്യാഖ്യാതാക്കള്‍ ‘യക്ഷ’ത്തെ ‘യക്ഷന്‍’ ആക്കിയിട്ടുണ്ട്. ഭാഷ്യകാരനായ ശ്രീശങ്കരന്‍ ‘പൂജ്യം മഹത് ഭൂതം’ എന്നാണ് യക്ഷത്തെ നിര്‍വചിച്ചിരിക്കുന്നത്. അതായത് പൂജനീയമായ ഒരു മഹാസത്വമാണ് യക്ഷം. അക്ഷിക്കുവിഷയീഭവിക്കുന്നതെന്തോ അത് യക്ഷം. അതായത് കണ്ണുകൊണ്ട് കാണാവുന്നത്. അശരീരിയായ അമാനുഷരൂപമല്ലെന്നു വിവക്ഷ.
യക്ഷം ദേവലോകത്തില്‍ അഹങ്കാരികളായ ദേവന്മാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ദേവന്മാര്‍ക്ക് ആളി െന പിടികിട്ടിയില്ല. ദേവന്മാര്‍ അഗ്നിയെ വിളിച്ചു. യക്ഷം ആരാണെന്നുകണ്ടുപിടിച്ചുപറയാന്‍ ദേവന്മാര്‍ അഗ്നിയോടപേക്ഷിച്ചു.
എല്ലാമറിയുന്നവന്‍ എന്നു പേരുകേട്ടയാളാണ് അഗ്നിദേവന്‍. ജ്ഞാനസാഗര
പാരംഗതന്‍. വേദത്തില്‍ അഗ്നിയുടെ പ്രസിദ്ധമായ പര്യായമാണ് ജാതവേദസ്സ്. ‘ജാതം സര്‍വ്വം വേത്തി ഇതി ജാതവേദസ്സ്’. സര്‍വ്വജ്ഞന്‍തന്നെ അഗ്നി. ദേവന്മാരുടെ അപേക്ഷ അഗ്നി സ്വീകരിച്ചു.
അഗ്നി യക്ഷത്തെ
പിന്തുടര്‍ന്നു. ‘നീ ആര്?’ എന്ന് യക്ഷം അഗ്നിയോടുചോദിച്ചു. അഗ്നിയുടെ മറുപടി ഇങ്ങനെ: ‘അഹം അഗ്നിഃ വൈ അസ്മി ഇതി, ജാതവേദാഃ വൈ അഹമസ്മി’- ഞാന്‍ അഗ്നിയാണ്, തീര്‍ച്ചയായും ഞാന്‍ ജാതവേദസ്സാണ്. യക്ഷം ചോദ്യം തുടര്‍ന്നു. ‘തസ്മിന്‍ ത്വയി കിം വീര്യമിതി?’ – അങ്ങനെയുള്ള നിന്നില്‍ എന്തു വീര്യമാണുള്ളത്? ‘പൃഥിവിയില്‍ എന്തെല്ലാമുണ്ടോ അതിനെയെല്ലാം ഞാന്‍ ദഹിപ്പിയ്‌ക്കും’. അഗ്നി യക്ഷത്തോടുപറഞ്ഞു. അഗ്നിയുടെ മുമ്പില്‍ ഒരു പുല്ല് ഇട്ടുകൊടുത്തിട്ട് അതു ദഹിപ്പിക്കാന്‍ യക്ഷം ആവശ്യപ്പെട്ടു. തന്റെ സകലവീര്യമുപയോഗിച്ചിട്ടും പുല്ലിന്റെ അഗ്രംപോലും കരിയ്‌ക്കാന്‍ അഗ്നിയ്‌ക്കുകഴിഞ്ഞില്ല.
അഗ്നി പിന്‍വാങ്ങി. ഓടിച്ചെന്ന് ദേവന്മാരോട് പറഞ്ഞു: ‘തനിക്കതെന്താണെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. യക്ഷം എന്തെന്നറിയുവാന്‍ എനിക്കുകഴിഞ്ഞില്ല’.
അനന്തരം ദേവന്മാര്‍ വായുവിനോടുപറഞ്ഞു: ‘വായവേ ഏതത് വിജാനീഹി കിം ഏതത് യക്ഷം ഇതി’- ഹേ വായോ ഈ യക്ഷം ഏതാണെന്നറിഞ്ഞുവന്നാലും. വായു യക്ഷത്തിന്റെയടുത്ത് ഓടിയെത്തി. അവനോട് യക്ഷം ചോദിച്ചു: ‘നീ ആരാണ്?’ വായുവിന്റെ മറുപടി ഇങ്ങനെ: ‘അഹം വായു വൈ അസ്തി ഇതി, മാതരിശ്വാ വാ അഹമസ്മി’ – ഞാന്‍ വായുവാകുന്നു. ഞാന്‍ മാതരിശ്വാവ് ആകുന്നു. വായുവിന്റെ വേദത്തില്‍ പ്രസിദ്ധിയുള്ള പര്യായപദമാണ് മാതരിശ്വാവ്. ‘മാതരി അന്തരിക്ഷേ ശ്വയതീതി’ എന്ന് ശ്രീശങ്കരന്‍. അതായത് അന്തരീക്ഷത്തില്‍ വ്യാപിച്ചുനില്ക്കുന്നത്. യക്ഷം അഗ്നിയോടുചോദിച്ച അതേ ചോദ്യം വായുവിനോടും ചോദിച്ചു. ‘നിന്നില്‍ എന്തുവീര്യമാണുള്ളത്?’ ‘പൃഥിവിയില്‍ എന്തെല്ലാമുണ്ടോ അതിനെയെല്ലാം എനിക്കെടുത്തുമാറ്റാന്‍ കഴിയും’. വായു ഇങ്ങനെ പറഞ്ഞപ്പോള്‍ പുല്‌ക്കൊടി കാട്ടിയിട്ട് അതെടുത്തുമാറ്റാന്‍ യക്ഷം ആവശ്യപ്പെട്ടു. സകലവിധ ശക്തിയുമുപയോഗിച്ചിട്ടും പുല്ല് എടുത്തുപൊക്കാന്‍ വായുഭഗവാനുകഴിഞ്ഞില്ല. വായു ഓടി രക്ഷപ്പെട്ടു. ദേവന്മാരുടെ അടുത്തെത്തി. യക്ഷത്തെ അറിയുവാന്‍ എനിക്കുകഴിഞ്ഞില്ല. തീയും കാറ്റും തോറ്റുതൊപ്പിയിട്ടിടത്ത് ഇനിയും ആരെയാണയയ്‌ക്കേണ്ടത്? ദേവന്മാര്‍ തലപുകച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: