പടിഞ്ഞാറന്‍ ബംഗാളില്‍ 1977 തൊട്ട് 34 വര്‍ഷം തുടര്‍ച്ചയായി വാഴ്ചയിലിരുന്ന ഇടതുപക്ഷം 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് തലകുത്തി വീണത്. മുഖ്യ പ്രതിയോഗിയായിരുന്ന മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, തുടര്‍ന്ന് ആധിപത്യമുറപ്പിച്ചു. ‘ഓപ്പറേഷന് ബര്‍ഗ’ എന്ന പേരില്‍ ഇടതുപക്ഷം നടപ്പാക്കാന്‍ ശ്രമിച്ച ഭൂപരിഷ്കരണം എന്ന അജന്‍ഡ ഏറ്റെടുത്തുകൊണ്ട് കര്‍ഷകരുടെ പിന്തുണ നേടിയ മമത മുസ്ലിം ന്യൂനപക്ഷത്തിന്റെ അനുഭാവം ആര്‍ജിക്കുന്നതിലും മിടുക്ക് കാണിച്ചു. പക്ഷേ, നാളുകള്‍ നീങ്ങവെ തൃണമൂല്‍ നേതൃത്വത്തെ ഗ്രസിച്ചുകൊണ്ടിരുന്ന അഹന്തയും ഭരണതലത്തില്‍ വ്യാപകമായിത്തീര്‍ന്ന അഴിമതിയും മമതയുടെ ജനപ്രിയതയില്‍ വിള്ളലുണ്ടാക്കി. 2018 ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷി അവലംബിച്ച പേശീബല രാഷ്ട്രീയം തൃണമൂലിനു ക്ഷീണമുണ്ടാക്കിയ മറ്റൊരു ഘടകമാണ്.
ഈ രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കെയാണ് നേരത്തെ മമത ബാനര്‍ജിയുടെ പ്രധാന രാഷ്ട്രീയ എതിരാളിയായിരുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനത്തേക്ക് ഭാരതീയ ജനതാ പാര്‍ട്ടി ഉയര്‍ന്നുവന്നത്. മുന്‍കാലത്ത് ബിജെപിക്ക് തെല്ലും വേരോട്ടമില്ലാതിരുന്ന ബംഗാളില്‍ ആ പാര്‍ട്ടി വലിയ അളവില്‍ കരുത്താര്‍ജിച്ചു എന്നതിന്റെ തെളിവായിരുന്നു 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. 42 പാര്‍ലമെന്റ് സീറ്റുകളില്‍ 18 എണ്ണം ബിജെപി സ്വന്തമാക്കി. 2014 ല്‍ 34 സീറ്റ് കിട്ടിയിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ സീറ്റ് 22 ആയി കുറഞ്ഞു. വോട്ട് വിഹിതത്തിലും വന്‍കുതിപ്പാണ് ബിജെപി നടത്തിയത്. 2014 ലെ 17 ശതമാനത്തില്‍നിന്നു 40.3 ശതമാനമായി ഉയര്‍ന്നു ആ പാര്‍ട്ടിയുടെ വോട്ട് വിഹിതം.
സമകാലിക മലയാളം
2021 മാര്‍ച്ച് 15
പ്രതികരിക്കാൻ ഇവിടെ എഴുതുക: