കുമ്മനം രാജശേഖരന് മത്സരിക്കുന്ന ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്തെയും, മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും ജനവിധി തേടുന്ന ധര്‍മടത്തെയും കേന്ദ്രീകരിച്ചാണ് രണ്ടാഴ്ചയിലേറെയായി ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ച നടക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി താമര വിരിഞ്ഞ നിയമസഭാ മണ്ഡലമായ നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട നേമത്ത് അതിനുശേഷം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപിയുടെ വോട്ട് ഗണ്യമായി വര്‍ധിച്ചതില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും കടുത്ത അമര്‍ഷത്തിലാണ്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സിപിഎമ്മിന് വന്‍തോതില്‍ വോട്ടുമറിച്ചിട്ടും ജനങ്ങള്‍ ബിജെപിക്കൊപ്പം നിന്ന ഈ മണ്ഡലത്തില്‍, അന്നത്തെ രഹസ്യധാരണയുടെ തുടര്‍ച്ചയെന്നോണം കെ. മുരളീധരന് എന്ന അവസരവാദ രാഷ്ട്രീയക്കാരനെ കരുത്തനാക്കി അവതരിപ്പിച്ച് രംഗത്തിറക്കിയിരിക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ അശ്ലീലമെന്ന് വിശേഷിപ്പിക്കാവുന്ന പല രാഷ്ട്രീയ നാടകങ്ങളിലെയും നായകനായ മുരളീധരന്റെ നേമത്തെ സ്ഥാനാര്ത്ഥിത്വത്തിനും ആദര്ശരാഷ്ട്രീയവുമായി ബന്ധമൊന്നുമില്ല.ശ
ബിജെപിയെ ഒറ്റ സീറ്റില്‍പ്പോലും ജയിക്കാന്‍ അനുവദിക്കില്ലെന്നത് സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും പ്രഖ്യാപിത നയമാണ്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പുവരുത്താന്‍ വിവിധ തെരഞ്ഞെടുപ്പുകളില്‍ ഇരു പാര്‍ട്ടികളും ഒത്തുകളിച്ചിട്ടുള്ളതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. ഏറ്റവും ഒടുവില്‍ രമേശ് ചെന്നിത്തലയുടെ നാടായ തൃപ്പെരുന്തുറ പഞ്ചായത്തില്‍ ബിജെപിയെ അധികാരത്തിനു പുറത്തുനിര്‍ത്താന്‍ കോണ്‍ഗ്രസ്സ് സിപിഎമ്മിനെ ആവര്‍ത്തിച്ച് പിന്തുണച്ചുകൊണ്ടിരിക്കുകയാണല്ലോ. നേമത്ത് കുമ്മനത്തിനെതിരെ കരുത്തനെ നിര്‍ത്തുന്നതിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടിയോ ചെന്നിത്തലയോ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണത്തിനിടെയാണ് വടകര എംപിയായ മുരളീധരനെ കെട്ടിയിറക്കിയത്. പരാജയ ഭീതികൊണ്ട് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പിന്തിരിഞ്ഞ നേമത്തേക്ക് മുരളീധരന് പാഞ്ഞുകയറിയതിനു പിന്നില്‍ പിണറായിയുടെ കയ്യുണ്ടെന്ന് ഉറപ്പിക്കാം. കരുണാകരന്റെ പാര്‍ട്ടിയായിരുന്ന ഡിഐസി ഇടതുമുന്നണിയില്‍ ചേക്കേറിയ കാലം മുതല്‍ പിണറായിയും മുരളീധരനും അടുത്ത സൗഹൃദത്തിലാണ്. ലാവ്ലിന് അഴിമതി കേസില്‍ പ്രതിയായ പിണറായിയെ പരസ്യമായി പ്രശംസിക്കാന്‍ മടിക്കാതിരുന്ന കോണ്‍ഗ്രസ്സ് നേതാവുമാണ് മുരളീധരന്. നേമത്ത് യഥാര്‍ത്ഥത്തില്‍ മുരളീധരന് ആരുടെ സ്ഥാനാര്‍ത്ഥിയാണെന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞാലറിയാം.
നേമത്ത് താന്‍ തോല്‍ക്കുമെന്ന് മുരളീധരന് ഉറപ്പാണ്. അങ്ങനെ സംഭവിച്ചാലും എംപിയായി തുടരാമെന്നതാണ് ധൈര്യം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എംപി സ്ഥാനം രാജിവയ്ക്കണമെന്ന നിബന്ധന ഉണ്ടായിരുന്നെങ്കില്‍ നേമത്തിന്റെ പരിസരത്തേക്കുപോലും മുരളീധരന് വരില്ലായിരുന്നു. നേമത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ കാണിക്കുന്ന ‘കരുത്ത്’ എന്തുകൊണ്ടാണ് ധര്‍മടത്ത് പിണറായിയെ തോല്‍പ്പിക്കാന്‍ കാണിക്കാത്തതെന്ന് ഒരു കോണ്‍ഗ്രസ്സ് നേതാവും പറയുന്നില്ല. ധര്‍മടത്ത് കരുത്തനെ ഇറക്കുമെന്ന് കൊട്ടിഘോഷിച്ചവര്‍ അവിടെ നിര്‍ത്തിയിരിക്കുന്നത് കഷ്ടിച്ച് ഒരു പഞ്ചായത്തില്‍ മാത്രം അറിയപ്പെടുന്ന നേതാവിനെയാണ്. കേരള രാഷ്ട്രീയത്തിനൊപ്പം വളര്‍ന്ന സി.കെ. പത്മനാഭന് എന്ന കരുത്തനെയാണ് പിണറായിയെ നേരിടാന്‍ ബിജെപി രംഗത്തിറക്കിയിട്ടുള്ളത്. ഉമ്മന്‍ചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളിയിലും, ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട്ടും ദുര്‍ബല സ്ഥാനാര്‍ത്ഥികളെയാണ് സിപിഎമ്മും നിര്‍ത്തിയിട്ടുള്ളത്. ഇവിടങ്ങളില്‍ രാഷ്ട്രീയ പോരാട്ടമാണത്രേ നടത്തുന്നത്. ജയിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ചുരുക്കം. ബിജെപിയും സിപിഎമ്മും തമ്മില്‍ ഡീലുണ്ടെന്ന് കള്ളക്കഥ പ്രചരിപ്പിക്കുന്നവര്‍ തമ്മിലാണ് ഒത്തുകളിയെന്ന് ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: