നാലു നൂറ്റാണ്ട് പഴക്കമുള്ള ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പിന്തുടര്ച്ചയാണ് തിരുവനന്തപുരം ജില്ലയിലെ കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ദേവീ ക്ഷേത്രത്തിലെ അരിയിട്ടു വാഴ്ച ചടങ്ങ്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ പരദേവതയാണ് തിരുവാറാട്ട്കാവ് ദേവി. മകരക്കൊയ്ത്തിലെ പുന്നെല്ലരി താന്ത്രിക ചടങ്ങുകള്‍ക്കൊടുവില്‍ ദേവിക്കും തുടര്‍ന്നു രാജശിരസിലും അഭിഷേകം ചെയ്യുന്നതാണ് അരിയിട്ടുവാഴ്ചയിലെ പ്രധാനചടങ്ങ്.
തിരുവിതാംകൂര്‍ രാജകുടുംബ സ്ഥാനിയാണ് അരിയിട്ടുവാഴ്ച ചടങ്ങിനെത്തുക. എല്ലാ വര്‍ഷവും മകരം ഒന്‍പതിന് അരിയിട്ടു വാഴ്ച നടക്കുന്നു. ആചാരത്തിനപ്പുറം ഒരു ദേശത്തിന്റെ കാര്‍ഷിക സംസ്കൃതി തൊട്ടുണര്‍ത്തുന്ന ചടങ്ങു കൂടിയാണിത്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുപുറമെ തിരുവിതാംകൂര്‍ രാജസ്ഥാനി ഉടവാളേന്തി ജനങ്ങള്‍ക്കുമുന്നില്‍ വരുന്നത് തിരുവാറാട്ടുകാവിലാണ്. വിള സംരക്ഷിക്കുന്ന ദേവിക്കും രാജ്യഭാരം ഏല്ക്കുന്ന രാജാവിനും മകരക്കൊയ്ത്തിന്റെ ആദ്യ വിള സമര്‍പ്പിക്കുന്നു. മകരം ഒന്നിന് ആരംഭിക്കുന്ന ചടങ്ങിന് അകമ്പടിയായി ദിവസവും കളമെഴുത്തും പാട്ടും നടത്തിവരുന്നു. ഒന്‍പതാം ദിവസമാണ് അരിയിട്ടു വാഴ്ച നടക്കുന്നത്.
കൊല്ലമ്പുഴ കോയിക്കല്‍ കൊട്ടാരക്കെട്ടിനുള്ളിലാണ് തിരുവാറാട്ട്കാവ് ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മണ്ഡപക്കെട്ടിനുള്ളിലെ പള്ളിയറ ഭഗവതിയുടെ ആസ്ഥാനം ഉള്‍പ്പടെ നാലു ക്ഷേത്രങ്ങള്‍ കെട്ടിനുള്ളിലുണ്ട്. ആധുനിക തിരുവിതാംകൂറിന്റെ ശില്പിയെന്ന് അറിയപ്പെടുന്ന അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഉള്‍പ്പടെ തിരുവിതാംകൂര്‍ ഭരിച്ച രാജാക്കന്മാരെല്ലാം ജനിച്ച് വളര്‍ന്നത് കൊല്ലമ്പുഴ കൊട്ടാരത്തിലാണ്. ഏകദേശം പത്തേക്കറില്‍ കേരളീയ വാസ്തുശില്പ മാതൃകയില്‍ കല്ലും മരവും ഉപയോഗിച്ചാണ് കൊട്ടാരത്തിന്റെ നിര്‍മാണം.
എഡി 1305ല്‍ വേണാട്ടരചന് കോലത്ത്നാട്ടില്‍ നിന്നും കുമാരിമാരെ ദത്തെടുത്തു ആറ്റിങ്ങലില്‍ പടിയേറ്റം നടത്തി. വേണാട് സ്വരൂപത്തിലേക്ക് എത്തിയ കുമാരിമാര്‍ക്ക് ആരാധന നടത്തുന്നതിനായ് കണ്ണൂര്‍ മാടായിയിലെ തിരുവര്‍ക്കാട് ദേവിയെ നാന്ദകം വാളില്‍ ആവാഹിച്ച് കോയിക്കലിന് സമീപം കുടിയിരുത്തി. 1307ലാണ് തിരുവാറാട്ട്കാവില്‍ ക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തിയത്. വാമനപുരം ആറിന്റെ കരയിലുള്ള ചെറിയ കുന്നിന്റെ നെറുകയിലാണ് ക്ഷേത്രം. ചതുര്‍ബാഹുരൂപത്തില്‍ പഞ്ചലോഹത്തില്‍ തീര്‍ത്ത ദേവീരൂപമാണ് പ്രതിഷ്ഠ. ശ്രീകോവിലിന്റെ ചുമരില്‍ ദുര്‍ഗ, ഗണപതി, മഹാദേവന്, നരസിംഹമൂര്‍ത്തി, മഹാവിഷ്ണു, ശ്രീകൃഷ്ണന്, കല്‍ക്കി, വേതാളവാഹനത്തില്‍ ഭദ്രകാളി മുതലായ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു.
എല്ലാ കൊല്ലവും തിരുവിതാംകൂര്‍ രാജവംശസ്ഥാനീയന്‍ ഇവിടെ അരിയിട്ട് വാഴ്ച നടത്തണം എന്നാണ് ആചാരം. കഴിയാതെ വന്നാല്‍ ദേവിയുടെ നടയില്‍ പ്രായശ്ചിത്തമായി കാണിക്ക നല്‍കണം. രാജ്യത്തിന്റെയും പ്രജകളുടെയും നന്മയ്ക്കും രാജവംശത്തിന്റെ ശ്രേയസ്സിനുമായാണ് അരിയിട്ടു വാഴ്ച നടത്തി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: