തിരുവനന്തപുരം: ശബരിമല സംബന്ധിച്ച സിപിഎം നിലപാട് ഇന്നത്തെ സമൂഹത്തില്‍ നടപ്പാക്കാനാവില്ലെന്ന് സിപിഎം പിപി അംഗം എം.എ.ബേബി. സ്ത്രീ തുല്യതയുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടെങ്കിലും നാം ജീവിക്കുന്നത് പുരുഷാധിപത്യ സമൂഹത്തിലാണെന്ന് ഓര്‍ക്കണം. പാര്‍ട്ടി നിലപാടെല്ലാം ഭരണം കിട്ടിയാല്‍ നടപ്പാക്കാനാവില്ല. സുപ്രീം കോടതി വിധി വന്നാല്‍ എല്ലാവരുമായും ചര്‍ച്ച ചെയ്തേ നടപ്പാക്കൂ എന്നും എം.എ.ബേബി പറഞ്ഞു.
ശബരിമല യുവതീപ്രവേശ വിഷയത്തില്‍ 2018 ലെ നിലപാടില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഖേദം പ്രകടിപ്പിച്ചതിനെ തള്ളി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തു വന്നതോടെയാണ് ശബരിമല വീണ്ടും തിരഞ്ഞെടുപ്പില്‍ സജീവമായത്.സിപിഎമ്മും ഇടതു സര്‍ക്കാരും സ്വീകരിച്ചതു ശരിയായ നിലപാടായിരുന്നുവെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. കടകംപള്ളി മാപ്പു പറഞ്ഞത് എന്തിനെന്നറിയില്ലെന്നും യച്ചൂരി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയാകാതിരിക്കാന്‍ പാര്‍ട്ടി കരുതലെടുക്കുന്നതിനിടെയാണ് ചാനല്‍ അഭിമുഖത്തില്‍ യെച്ചൂരി ഇങ്ങനെ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: