തികച്ചും അവസരവാദപരമായി എടുത്തണിയുന്ന മുഖംമൂടികള്‍ സ്വയം അഴിച്ചുമാറ്റുകയെന്നത് സിപിഎമ്മിന്റെ പതിവുശീലമാണ്. ഇരട്ടത്താപ്പ് ഒരു നയമായി കൊണ്ടുനടക്കാന്‍ ഈ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് ഒരു മടിയുമില്ല. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നാല്‍ പ്രത്യയശാസ്ത്രംകൊണ്ടല്ല, തൊലിക്കട്ടികൊണ്ടാണ് പ്രതിരോധിക്കുക. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും, അവശേഷിക്കുന്ന പാര്‍ട്ടി വോട്ടുകള്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ക്ക് സന്തോഷത്തോടെ നല്‍കുകയും ചെയ്യുമ്പോള്‍ അഴിഞ്ഞുവീഴുന്നത് കേരളത്തില്‍ മാത്രം കോണ്‍ഗ്രസ്സ് വിരോധം അഭിനയിക്കുന്ന സിപിഎമ്മിന്റെ മുഖംമൂടിയാണ്. ഇപ്പോഴിതാ ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിലും അത് സംഭവിച്ചിരിക്കുന്നു. ശബരിമലയില്‍ യുവതികളെ ബലമായി പ്രവേശിപ്പിച്ചതിലും, അതിനെതിരായ പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമര്‍ത്തിയതിലും പാര്‍ട്ടിക്ക് ഖേദമുണ്ടെന്ന് ഏറ്റുപറയുകയും, ഇക്കാര്യത്തില്‍ ഇനി സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ വിധി എന്തുതന്നെയായിരുന്നാലും എല്ലാവരുമായി കൂടിയാലോചിച്ചു മാത്രമേ നടപ്പാക്കുകയുള്ളൂവെന്നും പറഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിതന്നെ തള്ളിപ്പറഞ്ഞതോടെ സിപിഎമ്മിന്റെ മുഖംമൂടി ഒരിക്കല്‍ക്കൂടി അഴിഞ്ഞുവീണിരിക്കുകയാണ്. കടകംപള്ളിയുടെ നിലപാടുമാറ്റം തട്ടിപ്പാണെന്നു തെളിഞ്ഞിരിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് വരുത്താനുള്ള ശ്രമമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയോടെയായിരുന്നു കടകംപള്ളിയുടെ മലക്കംമറിച്ചില്‍. കാരണം, കടകംപള്ളി പറഞ്ഞതാണോ സര്‍ക്കാരിന്റെ നിലപാടെന്ന് വ്യക്തമാക്കാന്‍ പല കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടും പിണറായി കുറ്റകരമായ മൗനം പാലിച്ചു. ഇങ്ങനെയൊരു തെറ്റിദ്ധാരണ നിലനിന്നാല്‍ വിശ്വാസികളുടെ വോട്ടും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടുമെന്ന് പിണറായി കണക്കുകൂട്ടി. ഈ കണക്കുകൂട്ടല്‍ സ്വന്തം പാര്‍ട്ടി നേതാവുതന്നെ കാറ്റില്‍പ്പറത്തിയിരിക്കുന്നു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നു തന്നെയാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും നയമെന്നും, അതില്‍ മാറ്റമില്ലെന്നുമാണ് യെച്ചൂരി വ്യക്തമാക്കിയത്. കടകംപള്ളി എന്തിനാണ് ഖേദം പ്രകടിപ്പിച്ചതെന്ന് അറിയില്ലെന്നും യെച്ചൂരി പറഞ്ഞതോടെ വിശ്വാസികളെയും അയ്യപ്പഭക്തന്മാരെയും കബളിപ്പിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തന്ത്രമാണ് പൊളിഞ്ഞത്. ആരാച്ചാര്‍ അഹിംസാവാദിയാണെന്ന് പറയുന്നപോലത്തെ വിരോധാഭാസമാണ് സിപിഎം ശബരിമല വിശ്വാസികള്‍ക്ക് ഒപ്പമാണെന്ന് അവകാശപ്പെടുന്നത്.
കേരളത്തില്‍ ഇന്നുവരെ അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരും സ്വീകരിക്കാത്തതുപോലുള്ള ശത്രുതാപരമായ സമീപനമാണ് ശബരിമലയോടും അയ്യപ്പഭക്തരോടും സിപിഎമ്മും പിണറായി സര്‍ക്കാരും കാണിച്ചത്. യുവതീപ്രവേശനം ആകാമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനല്ല, അതിന്റെ പേരില്‍ ശബരിമലയെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിച്ചത്. 1952 ല്‍ ചില മതശക്തികള്‍ ശബരിമല തീവച്ചു നശിപ്പിച്ചതുപോലുള്ള അതിക്രമമായിരുന്നു ഇതും. നവോത്ഥാന സമിതിയുണ്ടാക്കിയും, വനിതാമതില്‍ സംഘടിപ്പിച്ചും ഹിന്ദുക്കളെ ഭിന്നിപ്പിക്കുകയും അയ്യപ്പഭക്തരെ വേട്ടയാടുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. മന്ത്രി കടകംപള്ളിയും മുഖ്യമന്ത്രി പിണറായിയും ഇതിന്റെ മുന്നില്‍ തന്നെയുണ്ടായിരുന്നു. ഇതിനുള്ള ശിക്ഷ നിരീശ്വരവാദികളായ ഇവര്‍ അനുഭവിക്കണം. തിരിച്ചടി ഭയന്നാണ് ഇപ്പോള്‍ തങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത്. ഈ കള്ളത്തരം യെച്ചൂരിയിലൂടെ തന്നെ തുറന്നുകാട്ടപ്പെട്ടതില്‍ അയ്യപ്പന്റെ അദൃശ്യശക്തി പ്രവര്‍ത്തിച്ചിട്ടുണ്ടാവാം. ശബരിമലയുടെ വിശുദ്ധി സംരക്ഷിക്കാന്‍ ഹൈന്ദവ സംഘടനകളും അയ്യപ്പ ഭക്തന്മാരും ജീവന്‍കൊണ്ടും ജീവിതംകൊണ്ടും പോരാടിയപ്പോള്‍ ഗ്യാലറിയിലിരുന്ന് കളി കാണുന്ന ലാഘവബുദ്ധിയോടെ കണ്ടുരസിച്ചവരാണ് കോണ്‍ഗ്രസ്സിലെ ഉമ്മന്‍ചാണ്ടിമാരും ചെന്നിത്തലമാരും. ഇക്കൂട്ടരുടെയും ദല്ലാളുകളുടെയും തനിനിറം എന്തെന്നും അയ്യപ്പഭക്തര്‍ക്കറിയാം. വോട്ടെടുപ്പില്‍ അത് പ്രതിഫലിക്കുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: