മൃത്യുദേവന്‍ നചികേതസ്സിനു ചൊല്ലിക്കൊടുത്ത മന്ത്രം നമുക്കിങ്ങനെ ഉരുക്കഴിക്കാം:
‘അന്യച്ഛ്രേയോന്യ ദുതൈവ പ്രേയ-
സ്‌തേ ഉഭേ നാനാര്‍ത്ഥേ പുരുഷം സിനീതഃ
തയോഃ ശ്രേയത്തദദാനസ്യ സാധു ഭവതി
ഹീയതേര്‍ത്ഥാദ്യ ഉ പ്രേയോ വൃത്തിതേ
( 121 )
അര്‍ത്ഥം നമുക്കിങ്ങനെ പറയാം. ശ്രേയസ്സും പ്രേയസ്സും രണ്ടും രണ്ടാണ്.അവയില്‍ ശ്രേയസ്സെടുക്കുന്നവന് നല്ലതു വരുന്നു. പ്രേയസ്സെടുക്കുന്നവന്‍ അഭിലഷിതത്തില്‍ നിന്നും വഴുതിപ്പോകുന്നു.
ഒന്നാമധ്യായം രണ്ടാം വല്ലിയിലെ രണ്ടാം ശ്ലോകം കൂടി നോക്കുക.
ശ്രേയശ്ച പ്രേയശ്ച മനുഷ്യമേത-
സ്തൗ സംപരീത്യ വിവിനക്തി ധീരഃ
ശ്രേയോഹിധീരോ ഭി പ്രേയസോ വൃണിതേ
പ്രേയോ മന്ദോ യോഗക്ഷേമാത് വൃണിതേ’
ജീവിതത്തിന് പ്രധാനമായും രണ്ടു ലക്ഷ്യങ്ങളാണുള്ളതെന്ന് കഠോപനിഷത്ത് ഉറക്കെപ്പറയുന്നു. 1.ശ്രേയസ്സ് 2.പ്രേയസ്സ്. ശ്രേയസ്സാണ് ശ്രേഷ്ഠം ഇത് ഒരുവനെ ശാശ്വതസുഖത്തിലേക്കു നയിക്കും. പ്രേയസ്സ് മനുഷ്യനെ ഭൗതികസുഖത്തിലേക്ക് നയിക്കും. ധീരന്‍ പ്രേയസ്സിനേക്കാള്‍ ശ്രേഷ്ഠമെന്നറിഞ്ഞ് ശ്രേയസ്സിനെ വരിക്കുമ്പോള്‍ മൂഢന്‍ ലൗകിക കാര്യങ്ങളിലുള്ള ആശ പെരുത്ത് പ്രേയസ്സിനെ സ്വീകരിക്കുന്നു.
മംഗളസോപാനത്തിലെത്തും. എല്ലാ ദുഃഖങ്ങളില്‍നിന്നും മുക്തനായി അനന്തവും ആത്യന്തികവും അസീമവുമായ ആനന്ദത്തിലെത്തും. മാനവജീവിതത്തിന്റെ പരമലക്ഷ്യമായ പരമാത്മ പ്രാപ്തി അങ്ങനെ കൈവരും. മാനവജീവിതത്തിന്റെ സാര്‍ത്ഥക പരിണതിയത്രെ ഇത്.
പുനര്‍ജന്മവിശ്വാസമില്ലാത്തവരാണ് വിഷയസുഖം തേടിയലയുന്നത്. സുഖരൂപങ്ങള്‍ എന്ന തോന്നലുണ്ടാക്കുന്ന അനിത്യഭോഗപദാര്‍ത്ഥങ്ങള്‍ തേടിയലയുന്നവര്‍ക്ക് ജീവിതം തന്നെ ഒരു പാഴ്‌ചെലവാകും. ഇവരാകട്ടെ വിലയേറിയ മനുഷ്യ ജീവിതത്തെ മൃഗതുല്യം സുഖാനുഭവങ്ങളില്‍ അവസാനിപ്പിക്കുന്നു. ഇഹപരസുകൃതങ്ങളില്‍ വിശ്വാസമുള്ള ചിന്താശീലര്‍ ശ്രേയഃ പ്രേയഃ പ്രശ്‌നം വരുമ്പോള്‍ രണ്ടിനേയും പറ്റി ആലോചിച്ച് പ്രേയസ്സിനെ ഉപേക്ഷിച്ച് ശ്രേയസ്സിനെ സ്വീകരിക്കും. വിവേകശക്തിയുടെ അഭാവം മൂലം ശ്രേയസ്സിന്റെ ഫലങ്ങളെ അവിശ്വസിച്ച് ലൗകികയോഗക്ഷേമത്തിനായി പ്രേയസ്സിനെ സ്വന്തമാക്കും.
ശ്രേയസ്സ് വിദ്യയുടെ മാര്‍ഗം. പ്രേയസ്സ് അവിദ്യയുടെ മാര്‍ഗം. പരസ്പരം വിപരീതങ്ങളാണിവ. പ്രേയോമാര്‍ഗ സഞ്ചാരികള്‍ പണ്ഡിതന്‍മാരെന്ന് സ്വയം ഭാവിച്ചു ഞെളിയുന്നവര്‍ അന്ധനാല്‍ നയിക്കപ്പെടുന്ന അന്ധനാണെന്ന് യമധര്‍മ്മന്‍ നചികേതസ്സിനോടു പറയുന്നു. ഈ ലോകത്തിനും അതിലെ സുഖാനുഭവങ്ങള്‍ക്കുമപ്പുറത്ത് ഒന്നുമില്ലെന്നു കരുതുന്ന മൂഢാത്മാക്കള്‍ക്ക് ഒരിക്കലും ജീവിതചക്രത്തിരിച്ചിലില്‍ നിന്നും മോചനമില്ല. ശാശ്വതചൈതന്യത്തെ ആത്മീയ യോഗത്തിലൂടെ സാക്ഷാത്ക്കരിച്ച് സുഖദുഃഖങ്ങളില്‍നിന്നും വിമുക്തി നേടാന്‍ യമധര്‍മ്മന്‍ നചികേതസ്സിനോട് പറയുന്നു.
മരണം എന്നു കേട്ടാല്‍ നാം നടുങ്ങിപ്പോകാറില്ലേ? മൃത്യഭയം ജന്തുസഹജം. അതുതന്നെയാണ് നചികേതസ്സ് യമനോടു ചോദിച്ചതും. ശ്രവണ മനനനിദിധ്യാസങ്ങളാല്‍ ആര്‍ക്കും മൃത്യുഭീതിയൊഴിഞ്ഞ് ശ്രേയസ്സിലെത്താം. ശ്രവണം, അറിവേറിയ ഗുരുവില്‍ നിന്നും പ്രപഞ്ചരഹസ്യങ്ങള്‍ കേട്ടറിയുക. മനനം കേട്ടറിഞ്ഞതിനെപ്പറ്റി ഉറക്കെ ആലോചിക്കുക. നിദിധ്യാസം, ആലോചിച്ചാലോചിച്ച് ആഅറിവിലേക്ക് തന്മയീഭവിക്കുകഭാരതം പണ്ടുമുതല്‍ക്കേ ലോകത്തിന് ശ്രേയോമാര്‍ഗ്ഗം കാണിച്ച് കൊടുക്കുന്നു. പടിഞ്ഞാറന്‍ സംസ്‌ക്കാരം പ്രായേണ പ്രേയോമാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്നു.
ഓങ്കാരത്തിന്റെ പൊരുളറിയുക എന്നതിനേക്കാള്‍ മനുഷ്യനു വേറെ മഹിമ ഉണ്ടാകാനില്ല. നചികേതസ്സിനോട് യമരാജന്‍ പറയുന്നു.
ന ജായതോ മ്രിയതേ വാ വിപശ്ചിത്
നായം കുതശ്ചിന്ന ബഭ്രൂവ കശ്ചിത്
അജോ നിജ്യശ്ശാശ്വതോത്യയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ
ഓങ്കാരത്തിന് വിഷയമായ ആത്മാവ് ജനിക്കുന്നില്ല, മരിക്കുന്നുമില്ല. അത് അജനാണ്, നിത്യനാണ്. അത് ശരീരം നശിക്കുമ്പോഴും നാശമടയുന്നില്ല. മനസ്സും ബുദ്ധിയുമല്ല ലോകത്തില്‍ അറിവുളവാക്കുന്നത്. അവയ്‌ക്കും ചൈതന്യമേകുന്ന ആത്മാവാണ്. അത് ഉണര്‍വിനും ഉറക്കത്തിനും അപ്പുറത്ത് വ്യാപിച്ചിരിക്കുന്ന മഹാശക്തിയാണ്.
മൃത്യുദേവന്‍ യോഗവിദ്യ എന്തെന്ന് നചികേതസ്സിനു പറഞ്ഞു കൊടുക്കുന്നു. യോഗവിധിയെ പൂര്‍ണമായുള്‍ക്കൊണ്ട നചികേതസ്സ് ബ്രഹ്മത്തെ പ്രാപിച്ച് മരണമില്ലാത്തവനായി തീര്‍ന്നു എന്ന് കഥാശേഷം.
കഠോപനിഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകത പ്രമാണവും പ്രയോഗവും ഒതുക്കി വെടിപ്പോടെ വിവരിച്ചിരിക്കുന്നു എന്നതാണ്. ഇതിലെ അനേകം മന്ത്രങ്ങള്‍ മുണ്ഡകോപനിഷത്തിലും ശ്വേതാശ്വതരത്തിലും മറ്റനേകം ആര്‍ഷഗ്രന്ഥങ്ങളിലും മാറ്റൊലിക്കൊള്ളുന്നത് നമുക്ക് കേള്‍ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: