മാഡ്രിഡ്: സ്പാനിഷ് കരുത്തന്മാരായ റയല്‍ മാഡ്രിഡ് റോയലായി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ ഇടം പിടിച്ചു. ഇറ്റാലിയന്‍ കരുത്തരായ അറ്റ്ലാന്റയെ രണ്ടാം പാദത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് മാഡ്രിഡ് ടീമിന്റെ മുന്നേറ്റം. ആദ്യ പാദത്തില്‍ 1-0ന് ജയിച്ച റയല്‍ ഇരുപാദങ്ങളിലുമായി 4-1ന്റെ ആധികാരിക വിജയമാണ് കരസ്ഥമാക്കിയത്. മൂന്ന് സീസണിന്റെ ഇടവേളയ്ക്കു ശേഷമാണ് റയല്‍ ടൂര്‍ണമെന്റിന്റെ അവസാന എട്ടില്‍ ഇടം നേടുന്നത്.
സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാം പാദത്തിന്റെ 34-ാം മിനിറ്റില്‍ കരീം ബെന്‍സേമയിലൂടെയാണ് റയല്‍ ആദ്യ ഗോള്‍ നേടിയത്. ലൂക്ക മോഡ്രിച്ച് ഒരുക്കിയ അവസരത്തില്‍ നിന്നായിരുന്നു ബെന്‍സേമയുടെ ഗോള്‍. ഈ ഗോളിന് ആദ്യപകുതിയില്‍ അവര്‍ മുന്നിട്ടുനിന്നു. പിന്നീട് 60-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സെര്‍ജിയോ റാമോസ് ലീഡ് രണ്ടാക്കി. വിനീഷ്യസ് ജൂനിയറിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് സ്പോട്ട് കിക്ക് ലഭിച്ചത്. 83-ാം മിനിറ്റില്‍ അറ്റ്ലാന്റക്കായി മ്യൂറിയേല്‍ ഫ്രൂട്ടോ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും തൊട്ടടുത്ത മിനിറ്റില്‍ മാര്‍ക്കോ അസെന്‍സിയോ റയലിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
ഈ വിജയത്തോടെ ഏറ്റവുമധികം തവണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെത്തുന്ന ടീം എന്ന റെക്കോഡ് റയല്‍ ഊട്ടിയുറപ്പിച്ചു. 36-ാം തവണയാണ് റയല്‍ ക്വാര്‍ട്ടറില്‍ ഇടം നേടിയത്. 30 തവണ പ്രവേശിച്ച ബയേണ്‍ മ്യൂണിക്കാണ് രണ്ടാമത്.
ആധികാരികമായി മാഞ്ചസ്റ്റര്‍ സിറ്റി
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിലേക്ക് കുതിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി ആധികാരിക ജയത്തോടെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ക്വാര്‍ട്ടറില്‍. രണ്ടാംപാദത്തില്‍ ജര്‍മ്മന്‍ ക്ലബ് ബൊറുസിയ മോചെന്ഗ്ലാഡ്ബാഷിനെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് സിറ്റി അവസാന എട്ടില്‍ ഇടം നേടിയത്. രണ്ട് പാദങ്ങളിലുമായി എതിരില്ലാത്ത നാല് ഗോളിന് സിറ്റിയുടെ ജയം.
സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തില്‍ കെവിന് ഡി ബ്രൂയിന്, ഗുണ്ടോഗന് എന്നിവര്‍ സിറ്റിയുടെ ഗോളുകള്‍ നേടി. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. 12-ാം മിനിറ്റില്‍ റിയാദ് മെഹ്റസിന്റെ അസിസ്റ്റിലാണ ഡി ബ്രൂയിന് വല കുലുക്കിയത്. ആറ് മിനിറ്റുകള്‍ക്ക് ശേഷം ഗുണ്ടോഗനും സിറ്റിക്ക് ലീഡ് സമ്മാനിച്ചു. ഇത്തവണ ഫില്‍ ഫോഡനാണ് ഗോളിന് വഴിയൊരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: