ശാസ്താംകോട്ട: കുന്നത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂരിനുവേണ്ടി പ്രചാരണം നടത്തേണ്ടെന്ന് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ രഹസ്യയോഗത്തില്‍ തീരുമാനം. ദളിത് വിഭാഗത്തില്‍പ്പെട ഒരുകൂട്ടം നേതാക്കളും പ്രവര്‍ത്തകരുമാണ് പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.
നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉയര്‍ത്തിയ ഇവര്‍ തെരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലങ്കില്‍ കൂട്ടത്തോടെ രാജിവയ്ക്കുമെന്നും അറിയിച്ചു. കുന്നത്തൂരിലെ കോണ്‍ഗ്രസ് നേതൃത്വം മാടമ്പികളുടെ കൈകളിലാണെന്നത് അടക്കമുള്ള ആരോപണങ്ങള്‍ ഇവര്‍ അക്കമിട്ട് നിരത്തി. ദളിത് വിഭാഗത്തോട് നേതൃത്വം കാട്ടുന്ന അവഗണനയാണ് ഇത്തരം പരസ്യമായ പ്രതിഷേധത്തിനും തീരുമാനങ്ങള്‍ക്കും പിന്നില്‍.
ദളിതരോടുള്ള അവഗണന കുന്നത്തൂരില്‍ തുടര്‍ക്കഥയാണെന്ന് അവര്‍ പറയുന്നു. മുന്‍പ് എം.എം. ഹസന് കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ കുന്നത്തൂരില്‍ ദളിതരോട് കാട്ടുന്ന അവഗണനയുടെ നേര്‍ക്കാഴ്ച അക്കമിട്ട് നിരത്തിയ പരാതി അദ്ദേഹത്തിന് നല്‍കിയതാണ്. കുന്നത്തൂരെ കെപിസിസി ഭാരവാഹികളായിരുന്ന അന്തരിച്ച കുന്നത്തൂര്‍ ബാലന്, മുന്‍ എംഎല്‍എ ടി.നാണു മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്ന് പരാതി നല്‍കിയിരുന്നത്. പരാതി പിന്നീട് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിക്ക് കൈമാറി. എന്നാല്‍ ഈ പരാതി മാസങ്ങളോളം ഡിസിസി ഓഫീസിലെ ഫയലില്‍ കാലങ്ങളോളം വെളിച്ചം കാണാതിരുന്നു. അന്വേഷണം വൈകിപ്പിക്കുന്നതിനെതിരെ കുന്നത്തൂരിലെ ദളിത് നേതാക്കള്‍ ഡിസിസി പ്രസിഡന്റിനെ പല തവണ സമീപിച്ചു. ഒടുവില്‍ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പരാതി കേള്‍ക്കാന്‍ കുന്നത്തൂരിലെത്തി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനും മാസങ്ങള്‍ക്ക് മുന്‍പായിരുന്നു അത്. കുന്നത്തൂരിലെത്തിയ ബിന്ദുകൃഷ്ണക്ക് മുന്നില്‍ ദളിത് നേതാക്കള്‍ പരാതിയുടെ ഭാണ്ഡക്കെട്ടഴിച്ചു.
കുന്നത്തൂരിലെ 16 മണ്ഡലം കമ്മിറ്റിയിലും രണ്ട് ബ്ലോക്ക് കമ്മിറ്റിയിലും അടക്കം 162 ബൂത്ത് കമ്മിറ്റികളില്‍ ഒരിടത്ത് പോലും പ്രസിഡന്റ്, കണ്‍വീനര്‍ സ്ഥാനങ്ങളില്‍ ദളിത് വിഭാഗത്തില്‍ പെട്ടവരില്ലെന്ന് നേതാക്കള്‍ വിശദീകരിച്ചു. പരാതി കേട്ട ഡിസിസി പ്രസിഡന്റ് ചുമതലയ്ക്ക് അര്‍ഹതയുള്ള ദളിത് നേതാക്കളുടെ ലിസ്റ്റ് ആവശ്യപ്പെട്ടു. തുടര്‍ന്ന് 36 പേരുടെ ലിസ്റ്റ് ഡിസിസി പ്രസിഡന്റിന് കൈമാറി.
ദളിത് നേതാക്കളെ ഉള്‍പ്പെടുത്തി പുതിയ ചുമതല പ്രഖ്യാപിക്കുന്നതും കാത്തിരുന്നവരെ നിരാശരാക്കി അസംബ്ലി തെരഞ്ഞെടുപ്പായിട്ടും പ്രഖ്യാപനം വന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടാകാം പുനസംഘടനയെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇത് ദളിതരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കേണ്ട എന്ന തീരുമാനം ദളിത് വിഭാഗത്തില്‍പ്പെട്ട കുന്നത്തൂരെ നല്ലൊരു വിഭാഗം നേതാക്കള്‍ സ്വീകരിച്ചത്. സംവരണ മണ്ഡലമായ കുന്നത്തൂരെ യുഡിഎഫ് സീറ്റ് കോണ്‍ഗ്രസിന് നല്‍കണമെന്ന പ്രധാന ആവശ്യം അന്ന് തന്നെ ഡിസിസി പ്രസിഡന്റ് തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: