അധിനിവേശങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒരു ഭാരതീയന് ആദ്യം ഓര്‍മ്മയില്‍ വരേണ്ടത് ഒരേയൊരു പേരാവണം. – രാജാ ദാഹിര്‍. ഒപ്പം അദ്ദേഹത്തിന്റെ വീരാംഗനമാരായ രണ്ട് പുത്രിമാരേയും !
ആരായിരുന്നു രാജാ ദാഹിര്‍ ?
ചന്ദര്‍ രാജയുടെ മകനായിരുന്ന ദാഹിര്‍ സെന്‍
CE 663 ലാണ് ജനിച്ചത്. സിന്ധിലെ അവസാനത്തെ ഹിന്ദു രാജാവായിരുന്നു ദാഹിര്‍ .
ഇത്രയും പറഞ്ഞ് അവസാനിപ്പിക്കേണ്ട വ്യക്തിത്വമായിരുന്നോ അദ്ദേഹം ?
ഇമാം ഹുസൈന്‍ (ഹുസെന്‍ ഇബന്‍ അലി) ഈ പേര് കേട്ടിട്ടുണ്ടൊ ?
പ്രവാചകന്‍ മുഹമ്മദ് നബിയുടെ പേരക്കുട്ടിയാണ്.അദ്ദേഹം രാജാ ദാഹിറിന്റെ സിന്ധിലേക്ക് പുറപ്പെട്ടതായിരുന്നു. അപ്പോഴാണ് കര്‍ബല യുദ്ധമുണ്ടായി അദ്ദേഹം കൊല്ലപ്പെടുന്നത്.
പ്രവാചകന്റെ ഈ പേരക്കുട്ടിയെ രക്ഷിക്കാന്‍ വേണ്ടിയാണ് രാജാ ദാഹിര്‍ കര്‍ബല യുദ്ധത്തില്‍ പങ്കെടുക്കാനിറങ്ങിയത്.
പക്ഷെ അദ്ദേഹം യുദ്ധഭൂമിയിലെത്തിയപ്പോഴേക്കും ഹുസൈന്‍ മരണപ്പെട്ടിരുന്നു.
പക്ഷെ കര്‍ബല യുദ്ധത്തിലുണ്ടായ കാഫിറിന്റെ സഹായങ്ങളെക്കുറിച്ച്, അവരുടെ ധീര മരണങ്ങളെക്കുറിച്ച്, ഒരിക്കലും പുറം ലോകമറിയില്ലല്ലോ. ആ യുദ്ധത്തിന് ശേഷം തന്റെ കൂടെ വന്ന മുഹമ്മദ് ബിന്‍ അലഫിക്ക് ദാഹിര്‍ രാജ സിന്ധ് ഭൂമിയില്‍ അഭയവും കൊടുത്തു.
ഭാരതത്തിന്റെ ദൗര്‍ഭാഗ്യങ്ങള്‍ എല്ലാം തന്നെ രാജാ ദാഹിറിന്റെ സിന്ധ് ഭൂമിയില്‍ നിന്ന് ആരംഭിക്കുന്നതാണ്.
ഭാരതാംബയുടെ ആത്മാഭിമാനികളായ പെണ്‍മക്കളുടെ ആത്മഹൂതികളാരംഭിച്ച ഭൂമിയാണത്. ഭാരത സ്ത്രീകളെ വെറും ചരക്കുകളാക്കി ചന്തയില്‍ വില്‍ക്കാനാരംഭിച്ച ഭൂമിയാണത്. കൂടെ നിന്നവര്‍ പോലും സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി ചതിക്കാനാരംഭിച്ച ഭൂമിയാണത്.
അതിനാല്‍ തന്നെ സിന്ധിന് ഏതൊരു രാജ്യസ്‌നേഹിയുടെയും മനസ്സുലക്കുന്ന ചരിത്രമാണ് മുമ്പോട്ടു വെയ്‌ക്കാനുള്ളത്.
അക്കാലത്തെ സിന്ധ്, അധിനിവേശകരുടെ ഒരു സ്വപ്ന ഭൂമിയായിരുന്നു. അതു കൊണ്ട് തന്നെ സിന്ധിലേക്ക് അധിനിവേശ ശ്രമങ്ങളും ഒരു പാട് നടന്നിരുന്നു.. പക്ഷെ അവയിലെല്ലാം പരാജയപ്പെട്ടതിന് ശേഷം ഇറാഖിലെ ഗവര്‍ണര്‍ ആയി മതഭ്രാന്തനായ ഹജാജ് ബിന്‍ യൂസഫ് സ്ഥാനമേറ്റെടുത്തു.
തുടര്‍ച്ചയായി ഒരു പാട് പരാജയങ്ങള്‍ ഏറ്റു വാങ്ങിയതിനാല്‍ ഭാരതവുമായി വീണ്ടുമൊരു രക്തച്ചൊരിച്ചിലില്‍ ഖലീഫയായ വാഹിദിന് വലിയ താല്‍പര്യമുണ്ടായിരുന്നിലെങ്കിലും ഇസ്ലാമിന്റെ അഭിമാനത്തെക്കുറിച്ചും മറ്റുമോര്‍മ്മിപ്പിച്ച് ഹജാജ് അത് സമ്മതിപ്പിച്ചെടുത്തു.
സിന്ധ് കീഴടക്കുവാന്‍ ഇക്കുറി നറുക്ക് വീണത് ഹജാജിന്റെ മരുമകനും 17 വയസ്സുകാരനുമായ മുഹമ്മദ് ബിന്‍ കാസിമിനായിരുന്നു. കാസിമിന്റെ നേതൃത്വത്തില്‍ അറബികള്‍ ആദ്യമെത്തിയത് ദേബ(വ)ലിലാണ്. ദേവലിനെ ആദ്യം കയ്യടക്കി. അവിടത്തെ ക്ഷേത്രം തകര്‍ത്തു.
തുടര്‍ന്ന് ദേവലിന് ശേഷം, നേറുണില്‍ (Nerun) വെച്ച് അവിടത്തെ ബൗദ്ധ പ്രമാണി എളുപ്പത്തില്‍ത്തന്നെ കീഴടങ്ങി. ആരു ഭരിച്ചാലും തങ്ങള്‍ക്ക് വ്യത്യാസമൊന്നുമില്ല എന്ന ബൗദ്ധരുടെ നട്ടെല്ലില്ലാ നയം ഭാരതത്തിന് മുഴുവന്‍ ദോഷം ചെയ്തു. യുദ്ധത്തിലെ രക്തച്ചൊരിച്ചിലൊഴിവാക്കുവാനായി അവര്‍ പെട്ടെന്ന് കീഴടങ്ങുകയായിരുന്നു. ഇതിന്റെ വില പിന്നീടവര്‍ അനുഭവിക്കുകയും ചെയ്തു. ശേഷം, അഭയം നല്‍കി, സ്ഥാനമാനങ്ങള്‍ നല്‍കി, കര്‍ബല യുദ്ധത്തിന് ശേഷം ദാഹിറിന്റെ കൂടെ അഭയാര്‍ത്ഥികളായി വന്ന അലഫിയും കൂട്ടരും, വിശുദ്ധ യുദ്ധത്തിന് വേണ്ട ഒത്താശകള്‍ ചെയ്തു.
ദാഹിറിന്റെ പദ്ധതികള്‍ മുഴുവന്‍ മുഹമ്മദ് കാസിം ന് വിവരിച്ചു നല്‍കിക്കൊണ്ട് ഒരിക്കല്‍ തന്റെ രക്ഷകനായിരുന്ന ദാഹിറിനോടുള്ള ‘നന്ദി’ കാണിച്ചു. എന്നിട്ടും പതിനൊന്നാം ദിവസം വരെ രാജാ ദാഹിര്‍ പൊരുതി നിന്നു.
ഒടുവില്‍ ദാഹിറിന്റെ പടയിലെ സൈന്യാധിപന്‍ മോഖന്‍ (Mokah) എതിര്‍പാളയത്തിലേക്ക് കൂറുമാറിയതോടെ അത് സംഭവിച്ചു. ദാഹിര്‍ രാജ കൊല്ലപ്പെട്ടു. അതെ, ഹിന്ദു ചരിത്രത്തില്‍, യുദ്ധങ്ങള്‍ക്കിടെ, വിജയ വാതില്‍ക്കലെത്തി നില്‍ക്കുമ്പോഴുള്ള കൂറുമാറ്റങ്ങളുടെ, ചതികളുടെ തുടര്‍ പരമ്പരകള്‍ക്ക് തുടക്കം കുറിക്കുന്നത് മോഖനില്‍ നിന്നാണ്.
അങ്ങനെ 15 തവണകളിലായി, 9 ഖലീഫമാര്‍ക്ക് കീഴില്‍ 74 വര്‍ഷത്തെ അധിനിവേശങ്ങള്‍ ഒടുവില്‍ ഫലം കണ്ടു. സിന്ധ് അന്യാധീനപ്പെട്ടു.
ഭാരത ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങള്‍ക്ക് തുടക്കമായി.ഇവയുടെയെല്ലാം ആരംഭം ദേവലിലെ ക്ഷേത്ര ധ്വജം മുറിച്ചു കൊണ്ടായിരുന്നുവെന്നത് കേവല യാദൃശ്ചികതയായി കരുതാമോ എന്നറിയില്ല.
ആണെങ്കിലും അല്ലെങ്കിലും ഭാരതത്തിന്റെ നിര്‍ഭാഗ്യത്തിന്റെ ആരംഭം ആ ക്ഷേത്രധ്വജത്തിന്റെ വീഴ്ചയോടെയായിരുന്നു.
യുദ്ധത്തിന് ശേഷം മുഹമ്മദ് ബിന്‍ കാസിം, രാജാ ദാഹിറിന്റെ തല വെട്ടിമാറ്റി ഗവര്‍ണര്‍ ഹജാജ് ബിന്‍ യൂസഫ്‌ന് അയച്ചു കൊടുത്തു.
അപ്പോള്‍ അവിടെയുള്ള ഒരു സഭാംഗം ഇങ്ങനെ പറഞ്ഞുവത്രേ ‘ഒരു പാട് ബുദ്ധിമുട്ടുകള്‍ക്ക് ശേഷം സിന്ധ് നമ്മള്‍ കീഴടക്കിയിരിക്കുന്നു. കാഫിറുകള്‍ക്ക് അവര്‍ അര്‍ഹിക്കുന്നത് ലഭിച്ചു…. അവരുടെ ധനം ഇനി നമുക്കാണ്. കസ്തൂരി മാനുകളെപ്പോലെ ഗന്ധവും നിറവുമുള്ള അവരുടെ സ്ത്രീകള്‍, ഇനി നമ്മുടെ അന്ത:പ്പുരങ്ങളിലുറങ്ങും’
അങ്ങനെ പതിവു പോലെ അറബി പട്ടാളം ആര്‍ത്തി പിടിച്ച് തങ്ങളുടെ ഇരകളെ തേടിയിറങ്ങി.
സിന്ധിലെ സുന്ദരികളായ 20000 പെണ്‍കുട്ടികളാണ് ആ യുദ്ധത്തിന് ശേഷം അടിമചന്തയില്‍ വെപ്പാട്ടികളായി ഒടുങ്ങിപ്പോയത്.
പക്ഷെ അവയില്‍ പെടാതെ കൊട്ടാരത്തില്‍ ദാഹിറിന്റെ പത്‌നി ലാടിയും മറ്റു ചില രാജ സ്ത്രീകളും ജൗഹറനുഷ്ഠിച്ചു.
അങ്ങനെ സിന്ധിലാരംഭിച്ച ആ ജൗഹറോടെയാണ് ഭാരത ചരിത്രത്തില്‍ എണ്ണമറ്റ ജൗഹര്‍ പരമ്പരകള്‍ക്ക് തുടക്കം കുറിക്കപ്പെടുന്നത്. പക്ഷെ അതില്‍ പെടാതെ നിന്ന കൊട്ടാരത്തിലെ രണ്ടു പെണ്‍കുട്ടികളെ – ദാഹിര്‍ രാജയുടെ രണ്ട് പെണ്‍മക്കളെ – സൂര്യയും പരിമളയും – മുഹമ്മദ് കാസിം പിടിച്ചു കെട്ടി ഖലീഫ വാലിദിന് ഭോഗിക്കാനായി ബാഗ്ദാദിലേക്കയച്ചു. .. അതേക്കുറിച്ചാണ് തുടര്‍ ചരിത്രം. എന്നാല്‍ ചന്തയില്‍ പെട്ട അടിമപ്പെണ്ണുങ്ങളെ പോലെ അവരിരുവരും അത്രയെളുപ്പത്തില്‍ ആണുങ്ങളുടെ ഭോഗവസ്തുക്കളായി ഒടുങ്ങാന്‍ നിശ്ചയിച്ചവരായിരുന്നില്ല.
സിന്ധിന് വേണ്ടി മരണം വരിച്ച തങ്ങളുടെ അച്ഛന്റെ വെട്ടിമാറ്റപ്പെട്ട തലയുടെ കണക്ക് അദ്ദേഹത്തിന്റെ ഘാതകനില്‍ തീര്‍ത്ത് വേണം മരിക്കാന്‍ എന്ന് അവര്‍ ഉറപ്പിച്ചിരുന്നു.
ഒരു പക്ഷെ ഈ ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടാവാം അവര്‍ ജൗഹര്‍ ചെയ്ത് ഒടുങ്ങാതിരുന്നതും. അങ്ങനെ ഖലീഫാ വാലിദിന് മുമ്പിലെത്തിയ സൂര്യയും പരിമളയും നന്നായ്‌ത്തന്നെ അഭിനയിച്ചു.
തങ്ങള്‍ കന്യകമാരല്ല എന്നും, തങ്ങളുടെ കന്യകാത്വം കാസിം നശിപ്പിച്ചതിനാല്‍ ഖലീഫയുടെ അന്ത:പ്പുരത്തില്‍ തങ്ങളൊരിക്കലും ശോഭിക്കില്ല എന്നും സൂര്യ ദേവി വാലിദിന്റെ മുഖത്ത് നോക്കി ദു:ഖത്തോടെ ഉണര്‍ത്തിച്ചു. ഇത് കേട്ട ഖലീഫ കോപം കൊണ്ടുറഞ്ഞു. ഉടന്‍ തന്നെ കാസിമിനെ കാളയുടെ തുകലിനുള്ളിലാക്കി ബാഗ്ദാദിലേക്ക് കൊണ്ടുവരാന്‍ ഖലീഫ ഉത്തരവിട്ടു. അങ്ങനെ ബാഗ്ദാദിലെത്തിയപ്പൊഴേക്കും അഴുകിത്തുടങ്ങിയ കാസിമിന്റെ ജഡത്തെക്കണ്ട് സൂര്യ ദേവിയും പരിമളാ ദേവിയും പൊട്ടിച്ചിരിച്ചു കാണും. ഒരു പക വീട്ടലിന്റെ സംതൃപ്തിയോടെ പുഞ്ചിരിച്ചു കൊണ്ട് അവര്‍ ഖലീഫയെ നോക്കിക്കാണും.
രണ്ടടിമ പെണ്‍കുട്ടികളുടെ വാക്ക് കേട്ടയുടനെ, അത് ശരിയാണോ എന്ന് പരിശോധിക്കുക പോലും ചെയ്യാതെ, വിശ്വസ്തനായ ഒരു സൈനികന് വധശിക്ഷ നല്‍കിയ താന്‍ എവിടത്തെ ഖലീഫയാണെടോ എന്ന് തന്നെയാവും അവര്‍ അയാളുടെ മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ടാകുക ..
രണ്ടു പെണ്‍കുട്ടികളുടെ മുന്നില്‍ തോറ്റമ്പി ഒരു നിമിഷം തലതാഴ്‌ത്തി നിന്നെങ്കിലും ‘ധീര’ നായ ഖലീഫ അവര്‍ക്ക് അര്‍ഹമായ ശിക്ഷ വിധിക്കാന്‍ ഒട്ടും അമാന്തിച്ചില്ല.. കുതിരകളുടെ വാലില്‍ തലമുടി കെട്ടിയശേഷം പെണ്‍കുട്ടികളെ ബാഗ്ദാദിലെ തെരുവുകളിലൂടെ വലിച്ചിഴച്ചു കൊന്നുവത്രേ. അവരെ ജീവനോടെ ചുമര്‍ കെട്ടി കൊന്നു എന്നും ചരിത്രത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഖലീഫയുടെ സ്വഭാവമനുസരിച്ച്, ഏറ്റ അപമാനത്തിന്റെ തോത് വെച്ച്, ആദ്യത്തേ ശിക്ഷാ വിധിക്കാണ് കൂടുതല്‍ സാധ്യത കാണുന്നത്.
ഇതാണ് ആ ചരിത്രം ! സിന്ധിലെ അവസാനത്തെ ഹിന്ദു രാജാവിന്റെ അദ്ദേഹത്തിന്റെ പെണ്‍മക്കളുടെ ചരിത്രം !
ഭാവിയിലേക്കുള്ള ചവിട്ടുപടികളാണ് ഭൂതകാലങ്ങള്‍. ഭാരതത്തിന്റെ ഈ ആദ്യാധിനിവേശ ഭൂതകാലത്തിന് വര്‍ത്തമാന കാലത്തിനോടും ഭാവികാലത്തിനോടും ചിലത് പറയാനുണ്ട്.
അത് കൂടി കേട്ട്, ഉള്‍ക്കൊണ്ടാല്‍ മാത്രമേ ഈ ചരിത്ര കഥനം സാര്‍ത്ഥകമാകൂ. ഈ ഭൂതകാലത്തില്‍ നിന്നും നാം മനസ്സിലുറപ്പിക്കേണ്ടവ എന്തെല്ലാമാണ് ?
ഭാരതത്തിന്റെ നിര്‍ഭാഗ്യം ഒരു ക്ഷേത്രധ്വജത്തിന്റെ തകര്‍ച്ചയോടെയാണ് ആരംഭിക്കുന്നത്.
ബൗദ്ധരുടെ അഹിംസാ സിദ്ധാന്തത്തിനും നിരുത്തരവാദപരമായ സമീപനത്തിനും രാഷ്‌ട്ര ബോധമില്ലായ്മക്കും അവര്‍ പില്‍ക്കാലത്ത് നല്‍കേണ്ടി വന്ന വില സ്വന്തം നിലനില്‍പ്പ് തന്നെ ഇല്ലാതാക്കുന്നതായിരുന്നു. രക്ഷകരെപ്പോലും കുറ്റബോധമില്ലാതെ ഒറ്റിക്കൊടുക്കുവാന്‍ മനുഷ്യരെ പ്രാപ്തരാക്കുന്നതില്‍ അവരിലെ മതബോധത്തിനുള്ള പങ്ക് വളരെ വലുതാണ്.
മരണമുറപ്പിച്ചു കൊണ്ട് ശത്രുവിന്റെ കൂടാരത്തിലെത്തി കണക്കു തീര്‍ക്കാന്‍ ചങ്കുറപ്പുണ്ടായിരുന്ന ബുദ്ധിമതികളായ പെണ്‍കുട്ടികളുടെ ഭൂമിയാണ് ഭാരതം. സിന്ധ് യുദ്ധത്തിനിറങ്ങും മുമ്പ് രാജാ ദാഹിര്‍ ഇങ്ങനെ പറഞ്ഞിരുന്നു.
‘അറബികളുമായുള്ള യുദ്ധത്തില്‍ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കുന്നതാണ്. അവരെ എനിക്ക് തോല്‍പ്പിക്കാനായാല്‍ അതോടെ എന്റെ രാജ്യത്തിന്റെ അടിത്തറ ബലപ്പെടും. അഥവാ ഞാന്‍ വീര ചരമമടഞ്ഞാല്‍ അതെക്കുറിച്ച് അറേബ്യയും ഭാരതവും എഴുതി വെക്കും. മഹാന്മാര്‍ അതേക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കും. ശത്രുവിനെതിരെയുള്ള യുദ്ധത്തില്‍ രാജാ ദാഹിര്‍ തന്റെ വിലപ്പെട്ട ജീവിതം മാതൃഭൂമിക്ക് വേണ്ടി ബലികഴിച്ചുവെന്ന് ലോകത്തെ മറ്റു രാജാക്കന്മാര്‍ അറിയും ‘
എന്നിട്ട് എന്താണീ ധീരന് നമ്മള്‍ പകരമായി നല്കിയത് ?
അദ്ദേഹത്തെ ആരാണറിയുന്നത് ?
എന്താണ് ആ നന്ദികേടിന് പരിഹാരം ?
രാജാ ദാഹിറിനോട്, സൂര്യയോട്, പരിമളയോട് ചെയ്ത തെറ്റിന് പരിഹാരം എന്താണ് ?
– കൃഷ്ണ പ്രിയ
പ്രതികരിക്കാൻ ഇവിടെ എഴുതുക: