നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധത്തിനെതിരെയാണ് മുന്‍ വനിതാ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ ലതികാ സുഭാഷ് കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ കാര്യാലയത്തിനു മുമ്പില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്. സ്ത്രീപക്ഷത്തിന്റെ അതിശക്തമായ പ്രതിഷേധത്തിന് വഴിയൊരുക്കിയതാണ് ആ അവസരനിഷേധം. തലമുണ്ഡനവും മറ്റും ഇന്നലെ വരെ പ്രവര്‍ത്തിച്ചിരുന്ന സംഘടനയുടെ ഗ്രൂപ്പ് പേരാണെന്ന് വേണമെങ്കില്‍ പറയാം. ആ പ്രതിഷേധത്തോട് കോണ്‍ഗ്രസ്സ് വനിതാ നേതാക്കളായ സോണിയയോ പ്രിയങ്കയോ പ്രതികരിച്ചില്ല. സംസ്ഥാന തലത്തിലെ ഏറ്റവും ഉന്നതയായ വനിതാ നേതാവിന്റെ പ്രതിഷേധത്തോട് നിസ്സംഗത പുലര്‍ത്തിയ അഖിലേന്ത്യാ നേതാക്കളുടെ മൗനമാണ് യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. കേവലം അമ്പത് അംഗങ്ങള്‍ മാത്രമുള്ള കോണ്‍ഗ്രസ്സ് ലോക സഭാ കക്ഷിയിലെ പതിനഞ്ചംഗങ്ങളെ തെരഞ്ഞെടുക്കാനായി കേരളത്തിലങ്ങോളമിങ്ങോളം ഓടിനടന്ന് പ്രവര്‍ത്തിച്ച നേതാവിനെയാണ് അഖിലേന്ത്യാ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ അവഹേളിക്കുന്നത്. കയ്യിലിരുപ്പും കഴിവുകേടും കൊണ്ട് അമേഠിയില്‍ നിന്ന് വയനാട്ടിലേക്ക് ഓടിയെത്തിയപ്പോള്‍ രാഹുലിന് അഭയമൊരുക്കിയ പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ പ്രധാന വനിതാ വക്താവിനോടാണ് സോണിയയും പ്രിയങ്കയും ഇത്തരത്തില്‍ നന്ദികേട് കാട്ടിയത്.
തല മുണ്ഡനം ചെയ്തുള്ള പ്രതിഷേധത്തിനിടയിലും ലതിക വിളിച്ചത് ‘സോണിയാ ഗാന്ധീ സിന്ദാബാദ്’ എന്ന മുദ്രാവാക്യമായിരുന്നു. പ്രതിഷേധത്തോട് തോന്നിയ ഐക്യദാര്‍ഢ്യം അനുകമ്പയായി മാറുന്നതിനിടയാക്കിയതായി ഈ മുദ്രാവാക്യം. അവസര നിഷേധം വിഷയമാക്കുന്നവര്‍ക്ക് അവസരം കവര്ന്നെടുത്തുവരെ നേരെ നിന്ന് വെല്ലു വിളിക്കാനുള്ള ധൈര്യം വേണം. വിവാഹത്തോടെ ഒരു കുടുംബത്തിലെ അംഗമായതിന്റെ പേരും പറഞ്ഞ് അര്‍ഹതയില്ലാത്ത അധികാരം കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലും പാര്‍ട്ടി ഭരിക്കുന്നിടങ്ങളിലും കയ്യാളുന്ന വ്യക്തിയാണ് സോണിയ. അതുകൊണ്ടു തന്നെ അവസരം നിഷേധിക്കപ്പെട്ടെന്ന് കരുതുന്ന ഓരോ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയുടെയും പ്രവര്‍ത്തകന്റെയും ആദ്യ എതിര്‍പ്പുയരേണ്ടത് സോണിയക്കും പ്രിയങ്കക്കും രാഹുലിനുമെതിരെയാണ്.
അര്‍ഹിക്കാത്ത പദവികളില്‍ കയറിയിരിക്കുന്ന അവരെയൊക്കെ എങ്ങനെയാണ് ദന്തഗോപുരങ്ങളില്‍ നിന്ന് താഴെ ഇറക്കേണ്ടത് എന്ന് യഥാര്‍ത്ഥ വനിതാനേതാവ് സ്മൃതി ഇറാനി കാണിച്ച രീതിയാവണം പോരാട്ടത്തിനിറങ്ങുന്ന സ്ത്രീ സമൂഹം സ്വീകരിക്കേണ്ട മാതൃക. 2014 ല്‍ സ്മൃതി രാഹുലിനെതിരെ അമേഠിയില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍ സോണിയാ കുടുംബത്തിന് ആ വനിതാ നേതാവിനോട് അവജ്ഞയായിരുന്നു. ആ പേരു പറഞ്ഞയുടന്‍ പ്രിയങ്ക അഹങ്കാരം പ്രകടമാക്കുന്ന ധിക്കാരിയുടെ ശരീര ഭാഷയോടെ പ്രകോപനപരമായി ചോദിച്ചു ‘ആരാണീ സ്മൃതി?’. മറുപടി കൊടുത്തത് പ്രധാന മന്ത്രിയാകുന്നതിന് മുമ്പുള്ള നരേന്ദ്രമോദിയായിരുന്നു. അദ്ദേഹം തല ഉയര്‍ത്തി നിന്ന് പരിചയപ്പെടുത്തി: ‘എന്റെ സഹോദരിയാണ് സ്മൃതി എന്ന്. പിന്നെ ഭാരതം കണ്ടത് ആ തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും സ്മൃതി അമേഠിയില്‍ നടത്തിയ നിരവധി പൊതുപ്രവര്‍ത്തന ഇടപെടലുകളാണ്. അതോടെ, 2019 പൊതു തിരഞ്ഞെടുപ്പില്‍ രാഹുലിന് അമേഠിയില്‍ നിന്ന് പാലായനം ചെയ്ത് വയനാട്ടില്‍ അഭയം തേടേണ്ടതായും വന്നു.
തങ്ങള്‍ വരേണ്യ വിഭാഗത്തില്‍ പെട്ട ഉന്നതരാണെന്നും സമൂഹത്തിന്റെ പുറമ്പോക്കില്‍ കഴിയുന്നവര്‍ക്ക് തങ്ങളുടെ മുമ്പില്‍ നില്ക്കാനെന്തു യോഗ്യതയെന്നുമുള്ള ധിക്കാരം ഉള്ളില്‍ കരുതുന്ന സോണിയക്കും പ്രിയങ്കക്കുമൊക്കെ മറുപടി പറയുന്നതിനുതകുന്ന ഒരു ജനാധിപത്യ വ്യവസ്ഥ ഭാരതത്തിന് ഉണ്ടെന്ന് ലതികയെ പോലുള്ള നേതാക്കള്‍ ഇനിയെങ്കിലും തിരിച്ചറിയണം. ഭാവാത്മക ചെറുത്ത് നില്പ്പിന് തയ്യാറാകാതെ ലതികാ സുഭാഷിനെ പോലെയുള്ള നേതാക്കള്‍ തങ്ങളെ കെട്ടിയിട്ട ചങ്ങലയെ ചുംബിക്കാന്‍ ഒരുങ്ങുന്നത് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന സാധാരണ സ്ത്രീ സമൂഹത്തെയും നിസ്സഹായരാക്കും.
അരിയും തിന്നു, പിന്നേം പട്ടിക്ക് മുറുമുറുപ്പെന്നു പറയുംപോലെയായി തലമുണ്ഡനം ചെയ്തതിനോടുള്ള കോണ്‍ഗ്രസ്സ് നേതാക്കളുടെ പ്രതികരണങ്ങള്‍. അത് കേട്ടാല്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത സമിതിയില്‍ കെ ആര് ഗൗരിമ്മയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച ഇ.എം. ശ്രീധരന്റെ (ഏലങ്കുളത്ത് മനയ്ക്കലെ ഉണ്ണി നമ്പൂതിരി, ശങ്കരന് നമ്പൂതിരിപ്പാടിന്റെ മകന്) ആത്മാവ് കോണ്‍ഗ്രസ്സ് നേതാക്കളിലൂടെ ജീവിക്കുന്നൂവെന്ന തോന്നലാണ് ഉണ്ടാകുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന് മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചു. തല മൊട്ടയടിച്ചത് സീറ്റു കിട്ടാഞ്ഞതു കൊണ്ടാകില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. എങ്കിലെന്താണാ കാരണമെന്ന് വ്യക്തമാക്കാന്‍ ലതിക ആവശ്യപ്പെട്ടിട്ട് ഇതുവരെ മുല്ലപ്പള്ളി പ്രതികരിച്ചിട്ടുമില്ല. മറ്റു ചില നേതാക്കളും മാന്യതയുടെ സീമകള്‍ ലംഘിച്ചു സോണിയയും പ്രിയങ്കയും ഒഴിച്ചുള്ള സ്ത്രീകള്‍ക്കൊന്നും കോണ്‍ഗ്രസ്സില്‍ സ്വാതന്ത്ര്യത്തിന് അര്‍ഹതയില്ലെന്ന സന്ദേശമാണ് ഇതു നല്‍കുന്നത്.
ചില കോണ്‍ഗ്രസ്സ് നേതാക്കളുടെ സ്ത്രീ വിരുദ്ധ നിലപാടുകളെ കുറിച്ച് ലതികയെ പോലെയുള്ളവര്‍ പാര്‍ട്ടിയില്‍ പുലര്‍ത്തിയ നിശ്ശബ്ദതയെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളും ഉണ്ടാകുന്നു. രമേശ് ചെന്നിത്തലയെന്ന പ്രതിപക്ഷ നേതാവാണെങ്കില്‍ ഇതിനു മുമ്പും സ്ത്രീവിരുദ്ധ നിലപാടിലൂടെ വിവാദത്തിലായ വ്യക്തിയാണ്.
ക്ഷേത്രദര്‍ശനം നടത്തുന്ന സ്ത്രീകളെ അവഹേളിക്കാനും അപമാനിക്കുവാനും അങ്ങനെ ഹിന്ദുവിരുദ്ധവര്ഗീയവാദികളില് നിന്ന് പട്ടും വളയും പത്രാസ്സും തരപ്പെടുത്തുവാനും എഴുതിയ ‘മീശനോവല്‍’ ‘മാതൃഭൂമി’ ഇനി പ്രസിദ്ധീകരിക്കില്ലെന്ന് പറഞ്ഞപ്പോഴും ചെന്നിത്തലയുടെ പ്രതികരണം നിലവാരമില്ലാത്തതായിരുന്നു. തന്റെ മകന്റെ പ്രസിദ്ധീകരണശാല അത് അച്ചടിച്ചിറക്കാന്‍ മുന്നോട്ടുവരുന്നതിന് തയാറാണെന്ന് വിളിച്ചറിയിച്ചതിലൂടെ രമേശ് കേരളത്തിലെ ഹൈന്ദവ സ്ത്രീസമൂഹത്തെ അവഹേളിക്കുകയായിരുന്നു, വെല്ലുവിളിക്കുകയായിരുന്നു. ഡോ. ശശിതരൂരാണെങ്കില്‍ നായര്‍ സ്ത്രീകളെ പരിഹാസപാത്രമാക്കി ഒറ്റപ്പെടുത്തി അവേളിക്കാനിടയാക്കും വിധം തന്റെ നോവലില്‍ കഥ പറഞ്ഞ യോഗ്യനാണ്. ഭര്‍ത്താവ് ഭാര്യയുടെ കിടപ്പുമുറിയുടെ മുന്നിലെത്തുമ്പോള്‍ പരപുരുഷന്റെ ചെരുപ്പു കിടക്കുന്നതു കണ്ടാല്‍ നിശ്ശബ്ദനായി ഒഴിഞ്ഞു പിന്മാറുന്ന ഒരു രീതിയുണ്ടായിരുന്നുന്നെന്നത് കള്ളക്കഥ ലോകത്തോട് വിളിച്ചു പറഞ്ഞുകൊണ്ട് കേരളസ്ത്രീകളോട് എന്തു ധിക്കാരവും പറഞ്ഞാലും ആരും ചോദിക്കാനുണ്ടാകില്ലെന്ന് കരുതി അഹങ്കരിച്ച കോണ്‍ഗ്രസ്സ് നേതാവാണ് ശശി തരൂര്‍.
അത്തരം സ്ത്രീ വിരുദ്ധ മനോഭാവങ്ങള ഇനി വെച്ചു പൊറുപ്പിക്കാന്‍ പാടില്ല. വിപുലമായ വനിതാ സാന്നിദ്ധ്യവും പങ്കാളിത്തവും സാദ്ധ്യമാകാത്തിടത്തോളം ഭാരതത്തില്‍ ജനാധിപത്യത്തിന്റെ മുഖവും മൂല്യവും നഷ്ടപ്പെട്ടു കൊണ്ടിരിക്കും. ഇത് തിരിച്ചറിഞ്ഞുള്ള തിരുത്തലിന് എല്ലാ രാഷ്ട്രീയ കക്ഷികളും പൊതുസമൂഹവും തയാറാകണം. ഈ അനിവാര്യതയാണ് കാലം ആവശ്യപ്പെടുന്നത്. അത്തരമൊരു മാറ്റം ഉറപ്പിക്കണമെങ്കില്‍ വിജയലക്ഷ്മി പണ്ഡിറ്റോ, ഇന്ദിരാ ഗാന്ധിയോ സോണിയയോ പ്രിയങ്കയോ വന്ന വഴിയിലൂടെയല്ല കെ.അര്. ഗൗരിയമ്മയും സുഷമാ സ്വരാജും മായാവതിയും മമതാ ബാനര്‍ജിയും സ്മൃതി ഇറാണിയും രാഷ്ട്രീയ രംഗത്തു വളര്‍ന്നു വന്നതെന്ന് തിരിച്ചറിയണം. ശബരിമല പ്രശ്നം പോലെയുള്ള വിഷയങ്ങളില്‍ കേരളത്തിലെ സ്ത്രീ സമൂഹം തങ്ങളുടെ പോരാട്ട ശേഷി പ്രകടമാക്കിയതോടെ കേരളത്തിലെ സ്ത്രീ സമൂഹത്തിന് അതിനുള്ള കരുത്തുണ്ടെന്ന് തെളിയിച്ചു കഴിഞ്ഞു. അവരോടൊപ്പമോ സമാന വിഷയങ്ങളിലെ ഇടപെടലുകളിലൂടെയോ നേതൃത്വ ശേഷി തെളിയിച്ചു വേണം കേരള സ്ത്രീ സമൂഹം ഭാരതത്തിനെ മുന്നില്‍ നിന്ന് നയിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: