ആഗോള ഇസ്ലാമിക ഭീകര സംഘടനയായ ഐഎസിന്റെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന അഞ്ചുപേരെ ദേശീയ അന്വേഷണ ഏജന്‍സി-എന്‍ഐഎ കേരളത്തില്‍നിന്ന് അറസ്റ്റു ചെയ്തത് അതീവ ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മതേതരത്വത്തെക്കുറിച്ചുള്ള മധുരോദാരമായ വര്‍ത്തമാനങ്ങളും, മതസൗഹാര്‍ദത്തെക്കുറിച്ചുള്ള ഒടുങ്ങാത്ത അവകാശവാദങ്ങളും തുടരുന്നതിനിടെ കേരളം മതഭീകരവാദികളുടെ സ്വന്തം നാടായി മാറിയിരിക്കുന്നു എന്നതിന്റെ അനിഷേധ്യമായ തെളിവുകളിലൊന്നാണ് ഈ അറസ്റ്റുകള്‍. ഐഎസിന്റെ ജിഹാദി സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും, ജമ്മുകശ്മീരിലേക്ക് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ചാവേറാക്രമണത്തിനും ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്ന ഒരു സംഘത്തിന് നേതൃത്വം നല്കിയ മലപ്പുറം സ്വദേശി മുഹമ്മദ് അമീന് അടുത്തിടെ എന്‍ഐഎയുടെ പിടിയിലാവുകയുണ്ടായി. ബഹ്റനില്‍നിന്ന് മടങ്ങിയെത്തിയ ഇയാള്‍ ദല്‍ഹിയില്‍ തങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. ഇയാളില്‍നിന്നു കിട്ടിയ വിവരമനുസരിച്ചാണ് കൊല്ലം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി എട്ടിടങ്ങളില്‍ റെയ്ഡ് നടന്നത്. ബെംഗളൂരുവില്‍ രണ്ടിടത്തും ദല്‍ഹിയില്‍ ഒരിടത്തും ഇതോടൊപ്പം എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.
കേരളത്തില്‍നിന്ന് ഇപ്പോള്‍ പിടിയിലായിരിക്കുന്ന ഒരാള്‍ കൊല്ലം സ്വദേശിയായ ഡോക്ടര്‍ റഹീസ് റഷീദാണ്. കാസര്‍കോടുനിന്ന് ലണ്ടനിലേക്ക് പഠിക്കാന്‍ പോയിരിക്കുന്ന ടി.കെ. ഇര്‍ഷാദിന്റെ വീട്ടിലും എന്‍ഐഎ റെയ്ഡ് നടത്തി. ഇതിനു മുന്‍പും ഇസ്ലാമിക ഭീകരവാദവുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്ന് പിടിയിലായ പലരും വിദ്യാസമ്പന്നരായ യുവതീയുവാക്കളാണ്. തൊഴിലില്ലായ്മയും അറിവില്ലായ്മയുമാണ് യുവാക്കളെ വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതെന്നും, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നതോടെ ഈ പ്രവണത അവസാനിക്കുമെന്നും ചിലര്‍ വാദിച്ചുപോന്നിരുന്നു. ഈ വാദഗതി അടിസ്ഥാനപരമായി തെറ്റാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയാണ്. കൊവിഡ് മഹാമാരിയുടെ പിടിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ മറ്റുള്ളവര്‍ രാപകല്‍ അധ്വാനിക്കുമ്പോള്‍ അഭ്യസ്തവിദ്യരായ ചിലര്‍ ലോകത്ത് ഭീകരവാദം പ്രചരിപ്പിക്കുകയാണെന്ന് അടുത്തിടെ കൊല്‍ക്കത്തയിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. കേരളത്തില്‍ ഇക്കൂട്ടരുടെ സംഖ്യ വളരെ കൂടുതലാണെന്ന് ആഗോള ഇസ്ലാമിക ഭീകരവാദവുമായി ബന്ധപ്പെട്ട് പിടിയിലാവുന്നവരുടെ എണ്ണം തെളിയിക്കുന്നു.
ഇസ്ലാമിക ഭീകരവാദം ഒരു ആഗോള പ്രതിഭാസമാണെങ്കിലും ഇന്ത്യയില്‍ അതിന്റെ വിളനിലമായി കേരളം തുടരുന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. കേരളത്തില്‍നിന്നുള്ളവര്‍ പ്രതികളായ നിരവധി കേസുകള്‍ എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വനിതയടക്കം ചിലര്‍ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ ഭീകരപ്രവര്‍ത്തനത്തിന്റെതായ ഒരു പശ്ചാത്തലമുള്ളത് കാണാതിരുന്നുകൂടാ. ഇവിടുത്തെ രാഷ്ട്രീയ-ഭരണ കേന്ദ്രങ്ങളില്‍നിന്ന് തീവ്രവാദികള്‍ക്കും ഭീകരവാദികള്‍ക്കും പരസ്യമായ പിന്തുണ ലഭിക്കുന്നു. ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ സംഘടന രൂപീകരിച്ച് രാഷ്ട്രീയത്തിലിടപെടുകയും, തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുന്നു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ ആരാകണമെന്നുപോലും ഈ സംഘടനകള്‍ തീരുമാനിക്കുന്ന അവസ്ഥയുണ്ട്. ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി-കുറ്റിയാടി മണ്ഡലങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധം ഇതാണ് കാണിക്കുന്നത്. ഭീകരവാദത്തെ ശരിയായി തുറന്നുകാണിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവുന്നില്ല. ചില മാധ്യമങ്ങള്‍ വിധ്വംസക ശക്തികളുടെ വക്താക്കളായിത്തന്നെ പെരുമാറുന്ന സാഹചര്യമാണ്. അന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ ശക്തമായി ഇടപെടുകയും, കേസില്‍ പ്രതികളാകുന്നവര്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുകയും വേണം. ഇതുമാത്രമാണ് നമുക്ക് മുന്നിലുള്ള അടിയന്തര പോംവഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: