ന്യൂദല്‍ഹി: ഇന്ത്യയുടെ ജനാധിപത്യത്തെ ഗദ്ദാഫിയുടെ ലിബിയയോടും സദ്ദാം ഹുസൈന്റെ ഇറാഖിനോടും രാഹുല്‍ ഗാന്ധി താരതമ്യം ചെയ്തത് 80 കോടി ഇന്ത്യക്കാരായ വോട്ടര്‍മാരെ അപമാനിക്കലാണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍.
സ്വീഡന് ആസ്ഥാനമായ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാധ്യമറിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഇന്ത്യ ഒരു ജനാധിപത്യരാഷ്ട്രമല്ലെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടിരുന്നു. ബ്രൗണ്‍ സര്‍വ്വകലാശാല പ്രൊഫസര്‍ അശുതോഷ് വര്ഷ്നെയോടും ഫാക്കല്‍റ്റി അംഗങ്ങളോടും വിദ്യാര്‍ത്ഥികളോടും സംവദിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ വിവാദ അഭിപ്രായപ്രകടനമുണ്ടായത്: ‘സദ്ദാം ഹുസൈനും ഗദ്ദാഫിയും തെരഞ്ഞെടുപ്പുകള്‍ നടത്താറുണ്ട്. അവര്‍ അത് ജയിക്കാറുമുണ്ട്. അവിടെ അവരാരും വോട്ടു ചെയ്യുന്നില്ല എന്നതല്ല, പക്ഷെ അവരുടെ വോട്ടിനെ സംരക്ഷിക്കാനുള്ള ജനാധിപത്യസ്ഥാനപങ്ങളുടെ ചട്ടക്കൂട് അവിടെയില്ല’- രാഹുല്‍ പറഞ്ഞു.
‘തെരഞ്ഞെടുപ്പ് എന്നത് വോട്ടിംഗ് യന്ത്രത്തിന്റെ ബട്ടണ്‍ അമര്‍ത്തല്‍ മാത്രമല്ല. തെരഞ്ഞെടുപ്പ് എന്നത് ആശയങ്ങളുടെ പ്രകടനമാണ്. തെരഞ്ഞെടുപ്പ് എന്നത് രാജ്യത്തെ ജനാധിപത്യസ്ഥാപനങ്ങളുടെ ചട്ടക്കൂട് കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തലാണ്. തെരഞ്ഞെടുപ്പ് എന്നാല്‍ നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷമായ പ്രവര്‍ത്തനവും പാര്‍ലമെന്റില്‍ നടക്കുന്ന സംവാദവുമാണ്. വോട്ടുകള്‍ എണ്ണുന്നതിന് ഇതെല്ലാം ആവശ്യമാണ്.’- ഇതായിരുന്നു രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ മറ്റൊരു വാദമുഖം.
രാഹുല്‍ ഗാന്ധിയുടെ ഈ അഭിപ്രായപ്രകടനങ്ങള്‍ക്ക് യാതൊരു പ്രാധാന്യവുമില്ലെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ‘ഇന്ത്യയുടെ ജനാധിപത്യത്തെ ഗദ്ദാഫിയോടും സദ്ദാം ഹുസൈനോടും താരതമ്യം ചെയ്തത് രാജ്യത്തെ 80 കോടി വോട്ടര്‍മാരെ അധിക്ഷേപിക്കലാണ്. അടിയന്തരാവസ്ഥക്കാലത്ത് മാത്രമാണ് രാജ്യത്ത് ഗദ്ദാഫിയുടെയും സദ്ദാമിന്റെയും പോലുള്ള കാലമുണ്ടായത്,’ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വിശദീകരിച്ചു.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ഭരിയ്ക്കുമ്പോഴാണ് ഇന്ത്യയെ കരിനിഴലിലേക്ക് തള്ളിയ, എല്ലാ സ്വാതന്ത്ര്യങ്ങളേയും അറുത്തുമാറ്റിയ അടിയന്തരാവസ്ഥയുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: