ന്യൂദല്‍ഹി: 1955-ലെ പൗരത്വ നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) എന്നിവയ്ക്കു കീഴില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ക്കു വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ‘അധികൃത കുടിയേറ്റക്കാരെയും വിദേശികളെയും പാര്‍പ്പിക്കാന്‍, പ്രാദേശിക ആവശ്യങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണപ്രദേശങ്ങളിലെ ഭരണകൂടങ്ങളുമാണ് തടങ്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. അവരില്‍ ചിലര്‍ ശിക്ഷ പൂര്ത്തിയാക്കിട്ടുണ്ടാകാം. യാത്രാരേഖകള്‍ ആവശ്യമുള്ളതിനാല്‍ സ്വദേശത്തേക്ക് അവരെ നാടുകടത്തുന്നതില്‍ തീരുമാനമായിട്ടില്ല’- രാജ്യസഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി.
ദേശീയ തലത്തില്‍ എന്‍ആര്‍സി തയ്യാറാക്കാനുള്ള ഒരു തീരുമാനവും കേന്ദ്രസര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ശിക്ഷ പൂര്‍ത്തിയാക്കിയ വിദേശപൗരന്മാരെ ഉടനടി ജയിലില്‍നിന്ന് മോചിപ്പിക്കണമെന്നും തിരിച്ചയയ്ക്കേണ്ടവരെ യാത്രാനിയന്ത്രണമുള്ള അനുയോജ്യമായ സ്ഥലത്ത് പാര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നുവെന്ന് നിത്യാനന്ദ റായ് പറഞ്ഞു.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്ഥാപിച്ച തടങ്കല്‍ കേന്ദ്രങ്ങള്‍ കേന്ദ്രമല്ല പരിപാലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019-ല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ(സിഎഎ) രാജ്യത്തു പലയിടത്തും പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: