മുംബൈ: മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ മുംബൈ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ സച്ചിന് വാസെ ഉപയോഗിച്ചതെന്ന് കരുതുന്ന മേഴ്സിഡസ് കാര്‍ എന്‍ഐഎ കസ്റ്റഡിയില്‍. ഇതില്‍ നിന്നും നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
കാറില്‍നിന്ന് നോട്ടെണ്ണല്‍ മെഷീന്, അഞ്ച് ലക്ഷം രൂപ, വസ്ത്രങ്ങള്‍, മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ കാറിന്റെ ലൈസന്‍സ് പ്ലേറ്റ് എന്നിവ കണ്ടെടുത്തു. സച്ചിന് വാസെ ഈ ആഡംബര കാര്‍ ഉപയോഗിച്ചിരുന്നതായും കാറിന്റെ ഉടമസ്ഥാവകാശം പരിശോധിക്കുന്നതായും മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥന് അനില്‍ ശുക്ല പറഞ്ഞു.
അംബാനിയുടെ വീട്ടുപടിക്കല്‍ എത്തിയ സ്കോര്‍പിയോ കാര്‍ മരിച്ച മന്‍സുക് ഹിരണിന്റേത് അല്ലെന്നും വാസയുടെ കാറാണ് അംബാനിയുടെ വീട്ടുപടിക്കല്‍ എത്തിയതെന്നും ഹിരണിന്റെ ഭാര്യ എടിഎസിനു (തീവ്രവാദവിരുദ്ധസേന) മൊഴി നല്കിയ സാഹചര്യത്തില്‍ ഈ ആരോപണവും അന്വേഷിക്കുമെന്നു എന്‍ഐഎ അറിയിച്ചു. സച്ചിന് വാസെയുടെ ഓഫീസില്‍ എന്‍ഐഎ സംഘം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ലാപ്ടോപ്, ഐപാഡ്, മൊബൈല്‍ ഫോണ്‍ എന്നിവ കസ്റ്റഡിയിലെടുത്തിരുന്നു. നിര്‍ണായക തെളിവുകള്‍ ലഭിച്ചതായും സൂചനയുണ്ട്.
വാസെയുടെ സഹപ്രവര്‍ത്തകനായ അസിസ്റ്റന്റ് പോലീസ് ഇന്‍സ്പെക്ടര്‍ റിയാസുദ്ദീന്‍ കാസിയെ ചോദ്യം ചെയ്തു. വാസെയുടെ താനെയിലെ താമസ സമുച്ചയത്തിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ യൂണിറ്റ് കാസിയാണ് കസ്റ്റഡിയിലെടുത്തത്. തെളിവ് നശിപ്പിക്കാനാണിതെന്ന് എന്‍ഐഎ സംശയിക്കുന്നു.
സ്ഫോടക വസ്തുക്കള്‍ സഹിതം ഉപേക്ഷിച്ച വാഹനത്തിനു വ്യാജ നമ്പര്‍ പ്ലേറ്റ് സംഘടിപ്പിച്ചതും ഈ ഉദ്യോഗസ്ഥനാണെന്നാണു സൂചന. അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ അടക്കം ഏഴ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ എന്‍ഐഎ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: