തിരുവനന്തപുരം: ‘ഇവിടെയിരിക്കുന്ന നേതാന്മാരെ ഞങ്ങള്‍ക്കറിയില്ല. ഇവിടെ മത്സരിക്കുന്നവരെയും ഞങ്ങള്‍ക്കറിയേണ്ട. പക്ഷേ ഒരാളെ ഞങ്ങള്‍ മറക്കില്ല. ഞങ്ങടെ രാജേട്ടനെ” ശബരിമല അട്ടത്തോട് ആദിവാസി ഊരു മൂപ്പന് വി.കെ.നാരായണന് ഹൃദയത്തില്‍നിന്നുയര്‍ന്ന വാക്കുകള്‍ കേട്ട് ടി പി സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കയ്യടിച്ചതിനൊപ്പം സ്നേഹാശ്രുവും പൊഴിച്ചു.
‘ശബരിമല അയ്യപ്പന്റെ മാത്രമല്ല ഞങ്ങടെ എല്ലാം കാവാലാളാണ്. ഊരിലെ ആവശ്യം എന്താണെന്ന് പറയാതെ തന്നെ അറിയാവുന്ന ആള്. രാജേട്ടന് ജയിച്ചാല്‍ ഞങ്ങള്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ എപ്പോഴും കൂടെയുണ്ടാകുമെന്നുറപ്പുണ്ട്’ എന്നു പറഞ്ഞ് കുമ്മനം രാജശേഖരനും നേരെ നോക്കി നാരായണന് കൈകൂപ്പിയപ്പോള്‍ സദസ്സില്‍ നിലയക്കാത്ത കയ്യടി.
1982ല്‍ ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിന് നേരെ ഉണ്ടായ അതിക്രമങ്ങളെ നേരിടുന്നതിനായി നടന്ന, പ്രസിദ്ധമായ നിലക്കല്‍ സമരനായകനായിരുന്ന കുമ്മനത്തോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവവും ഊരുമൂപ്പന് പങ്കുവെച്ചു. അന്ന് അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്കിയ ഭരണാധികാരിയുടെ പ്രിയപുത്രനാണ് ഇന്ന് കുമ്മനത്തിന്റെ എതിരാളി എന്നത് സദസ്സിലാരോ അടക്കം പറയുന്നുണ്ടായിരുന്നു.
നേമം നിയോജക മണ്ഡലത്തിലെ എന്‍ഡി എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ മുഖ്യ തെരഞ്ഞെടുപ്പ് കാര്യാലയം കൈമനത്ത് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ഹൃദയ സ്പര്‍ശിയായ നിമിഷങ്ങള്‍്. കുമ്മനത്തിന് കെട്ടിവെയക്കാനുള്ള പണവുമായിട്ടാണ് മൂപ്പന് നാരായണനും സംഘവും ശബരിമല വനമിറങ്ങി നേമത്ത് എത്തിയത്. അട്ടത്തോട്, ശബരിമല മേഖലകളിലെ വനവാസികളില്‍ നിന്നു സമാഹരിച്ച് , കുലപൂജ ചെയ്ത് തലപ്പാറമലയില്‍ ദക്ഷിണയും വെച്ച്് കൊണ്ടുവന്ന പണം , തുമ്പിലയില്‍ വെറ്റ, പാക്ക്, പുകയില എന്നിവ വെച്ച് കുമ്മനത്തിന്റെ കൈകളിലേക്ക് നല്കുമ്പോള് നാരായണന്റെ മുഖത്ത് വിടര്‍ന്ന ചിരിയിലുണ്ടായിരുന്നു എല്ലാം.
പട്ടികജാതി പട്ടികവര്‍ഗ്ഗ മോണിറ്ററിങ്ങ് കമ്മറ്റി അംഗവും കേരളാ ഉളളാള മഹാസഭ ശാഖാ പ്രസിഡന്റുമാണ് വി.കെ.നാരായണന്. കേരളാ മല പണ്ഡാര സംരക്ഷണ സമിതിയുടെ സെക്രട്ടറിയും അട്ടത്തോട് മൂട്ടു കാണിയുടെ അനുജനുമായ പരശുരാമന്, അട്ടത്തോട് നിവാസികളായ വിജയന്, സുജന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു
തെരഞ്ഞെടുപ്പ് കാര്യാലയ ഉദ്ഘാടനം മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ നിര്‍വഹിച്ചു. ബംഗാളില്‍ നിന്നും തൊഴില്‍ തേടി കേരളത്തില്‍ വരുന്നവരുടെ അവസ്ഥ മലയാളികള്‍ക്ക് ഒഴിവാകണമെങ്കില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് പാപ്പനംകോട് സജി അധ്യക്ഷത വഹിച്ചു. കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം സുരേഷ് ഷെട്ടി, ബിജെപി ദക്ഷിണമേഖലാ വൈസ് പ്രസിഡന്റും കൗണ്‍സിലറുമായ എം.ആര്. ഗോപന്, ജില്ലാ വൈസ് പ്രസിഡന്റും കൗണ്‍സിലറുമായ കരമന അജിത്ത്, മണ്ഡലം ജനറല്‍ സെക്രട്ടറി ആലംപുറം കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: