ന്യൂദല്‍ഹി: സാമൂഹ്യമാധ്യമങ്ങളില്‍ ഹിന്ദുക്ഷേത്രങ്ങള്‍ക്ക് അക്രമകേന്ദ്രങ്ങളെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ ‘സോറി ആസിഫ്’ കാമ്പയിനുമായി ഹിന്ദുവിരുദ്ധ, ബിജെപി വിരുദ്ധ സംഘങ്ങള്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒരു മുസ്ലിം യുവാവിനെ ക്ഷേത്രത്തില്‍ വെള്ളം കുടിക്കാന്‍ കയറിയതിന് മര്‍ദ്ദിച്ചു എന്ന കാമ്പയിനാണ് സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷവും സ്വതന്ത്രവാദികളും ബിജെപി-ആര്‍എസ്എസ് വിരുദ്ധരും ചര്‍ച്ചയാക്കുന്നത്. മര്‍ദ്ദനമേറ്റ ആസിഫിന് അനുകൂല തരംഗമുണ്ടാക്കാന്‍ സോറി ആസിഫ് എന്ന ടാഗ് ഉപയോഗിച്ചാണ് ഇടത്-സ്വതന്ത്ര-മനുഷ്യാവകാശ-ആര്‍എസ്എസ് വിരുദ്ധ സംഘങ്ങളുടെ പ്രചാരണം.
എന്തിനാണ് ആസിഫിനോട് ഇക്കൂട്ടര്‍ക്ക് കുറ്റബോധം എന്ന് മനസ്സിലാകുന്നില്ല. ആസിഫിനോട് മാപ്പ് പറയേണ്ട സാഹചര്യമെന്താണെന്നും അറിയുന്നില്ല. ഹിന്ദുക്കള്‍ക്കിടയില്‍ പോലും കുറ്റബോധത്തെ വളര്‍ത്തുക വഴി ഹിന്ദുക്ഷേത്രങ്ങളെ ഭീകരവല്ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ കാമ്പയിന്. ഹിന്ദുക്കളില്‍ ഒരു വിഭാഗത്തിനിടയില്‍ ഈ പ്രശ്നത്തില്‍ കുറ്റബോധം വളര്‍ത്തി അതുവഴി വലിയൊരു ഹിന്ദുവിഭാഗത്തിനിടയില്‍ കുറ്റബോധം വളര്‍ത്തുകയാണ് സോറി ആസിഫിന്റെ ലക്ഷ്യം.
ഒരു പാട് നാളായി ഈ പ്രദേശത്ത് നിലനില്‍ക്കുന്ന ഹിന്ദു-മുസ്ലിം വൈരമാണ് ഒടുവില്‍ ആസിഫിന്റെ മര്‍ദ്ദനത്തില്‍ കലാശിച്ചത്. ഇതേക്കുറിച്ച് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന് യതി നരസിംഹാനന്ദ് സരസ്വതി പറയുന്ന കഥ മറ്റൊന്ന്-
“ഈ പ്രദേശത്ത് 95ശതമാനത്തിലധികം മുസ്ലിം ജനവിഭാഗമാണ്. ഹിന്ദുക്കള്‍ ആകെ അഞ്ച് ശതമാനമേയുള്ളൂ. തൊട്ടടുത്ത ഗ്രാമങ്ങളില്‍ നിന്നുള്ള ഹിന്ദുസ്ത്രീകള്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. പക്ഷെ അപ്പോഴൊക്കെ പലപ്പോഴും മുസ്ലിം ഗുണ്ടകള്‍ ഈ സ്ത്രീകളെ ആക്രമിക്കുന്ന പതിവുണ്ട്. എപ്പോഴെങ്കിലും ഹിന്ദു സ്ത്രീകള്‍ പരാതിപ്പെട്ടാല്‍ മുസ്ലിങ്ങള്‍ കൂട്ടത്തോടെ പ്രതികളുടെ രക്ഷയ്ക്കെത്തുകയാണ് പതിവ്,” മുഖ്യപുരോഹിതന്‍ യതി നരസിംഹാനന്ദ് പറയുന്നു.
ഈ ക്ഷേത്രത്തില്‍ ആരാധനയ്ക്കെത്തുന്ന ഹിന്ദു സ്ത്രീകളെ മുസ്ലിം ചെറുപ്പക്കാര്‍ ശാരീരികമായി ഉപദ്രവിക്കുന്നത് നിത്യസംഭവമാണെന്ന് പ്രദേശവാസികളും പറയുന്നു.
ക്ഷേത്രത്തില്‍ മോഷണം, ആക്രമണം, ഹിന്ദു സ്ത്രീഭക്തര്‍ക്ക് നേരെയുള്ള ഉപദ്രവം- ഇതെല്ലാം പതിവായപ്പോള്‍ ഹിന്ദു ക്ഷേത്രപരിസരത്തേക്ക് മുസ്ലിങ്ങളുടെ പ്രവേശനം നിരോധിക്കാന്‍ ക്ഷേത്രം നടത്തിപ്പുകാര്‍ നിര്‍ബന്ധിതരായി. ‘ഒരു ഹിന്ദു ആണ്‍കുട്ടിയാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചതെങ്കില്‍ അത് ആവര്‍ത്തിക്കരുതെന്ന് മാതാപിതാക്കള്‍ കുട്ടിയെ ഉപദേശിക്കും. എന്നാല്‍ മുസ്ലിം കുട്ടികളുടെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിക്കുന്നത്’ പുരോഹിതന് പറയുന്നു.
അങ്ങിനെയാണ് മുസ്ലിങ്ങള്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ട് ബോര്‍ഡ് വെച്ചത്. മുസ്ലിങ്ങളെ ക്ഷേത്രത്തിലേക്ക് വിലക്കിക്കൊണ്ടുള്ള ബോര്‍ഡ് വെച്ചതിനെ മതഭ്രാന്തായാണ് സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷ-സ്വതന്ത്ര-മനുഷ്യാവകാശ-തീവ്ര ഇസ്ലാം വിഭാഗങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇതാണ് സോറി ആസിഫ് കാമ്പയനിലെ പ്രധാന പോയിന്റ്.
മറ്റൊന്ന് കുടിവെള്ളത്തിനെത്തിയ മുസ്ലിം യുവാവിനെ ആക്രമിച്ചു എന്ന കുറ്റമാണ് വലിയ അപരാധമായി സോറി ആസിഫ് പരത്താന്‍ ശ്രമിക്കുന്നത്. ആക്രമിക്കപ്പെട്ടെന്ന് കരുതുന്ന മുസ്ലിം ആണ്‍കുട്ടിയുടെ ശ്രമം ക്ഷേത്രത്തിലെ വെള്ളം കുടിക്കല്‍ അല്ലായിരുന്നുവെന്നും മുഖ്യപുരോഹിതന്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് തെളിവായി ക്ഷേത്രത്തിന് മുന്പില് കുടിവെള്ളത്തിനായി സ്ഥാപിച്ചിട്ടുള്ള രണ്ട് പൈപ്പുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘ഒരു പൈപ്പ് റോഡിനരികിലാണെങ്കില്‍ മറ്റൊരെണ്ണം ക്ഷേത്രകവാടത്തില്‍ തന്നെയാണ്. കുട്ടിക്ക് ഇതിലെ പൈപ്പില്‍ നിന്നും വെള്ളം കുടിക്കാവുന്നതേയുള്ളൂ. അപ്പോള്‍ വെള്ളം കുടിക്കുക എന്നതല്ല കുട്ടിയുടെ ലക്ഷ്യം.’- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മൂന്നാമത്തെ വാദം ക്രമസമാധാനത്തിന് പൊലീസ് ഉള്ളപ്പോള്‍ അതിക്രമിച്ച് കയറിയവരെ ക്ഷേത്രത്തിലുള്ളവര്‍ മര്‍ദ്ദിക്കരുതെന്നുള്ളതായിരുന്നു. ഇവിടെ ഈ ക്ഷേത്രത്തിന്റെ ചരിത്രം അല്പം കേള്‍ക്കുന്നത് നല്ലതാണ്.
ഈ ക്ഷേത്രം നാല് തവണയെങ്കിലും മുസ്ലിം സംഘങ്ങളാല്‍ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. നിരവധി മുഖ്യപുരോഹിതന്മാര് കൊല്ലപ്പെടുകയോ സ്ഥലം വിട്ടുപോകാന്‍ പ്രേരിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇതാണ് ക്ഷേത്രത്തിന്റെ ചരിത്രമെന്നും പുരോഹിതന് പറയുന്നു.
പ്രാര്‍ത്ഥിക്കാനായി വരുന്ന മുസ്ലിങ്ങളെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കൊള്ളയടിക്കാനോ, സ്ത്രീകളെ ഉപദ്രവിക്കാനോ കൊലപാതക ഗുഡാലോചനയുമായി വരുന്നവരെയോ അനുവദിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തനിക്ക് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ നിന്നും വധഭീഷണിയുണ്ടായ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ക്ഷേത്രം സ്വകാര്യസ്വത്താണ് അല്ലാതെ പൊതുസ്വത്തല്ല. മുസ്ലിങ്ങളെ ഒരു കാരണവശാലും ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നും യതി നരസിംഹാനന്ദ് സരസ്വതി പറയുന്നു. പ്രദേശിക എംഎല്‍എയായ അസ്ലം ചൗധരിയുടെ മകനെ ക്ഷേത്രത്തിനകത്ത് ഒരു ഹിന്ദു പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന്റെ പേരില്‍ മര്‍ദ്ദിക്കുകയുണ്ടായി. ക്വിന്റോ, ദി വൈര്‍ മാഗസിനോ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തില്ല.
ആസിഫ് എന്ന കുട്ടിയെ മര്‍ദ്ദിച്ചത് മുസ്ലിമായതിനാലാണ് എന്നായിരുന്നു ക്വിന്റ് മാസികയുടെ വാദം. എന്നാല്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയതിനായിരുന്നു മര്‍ദ്ദനമെന്നായിരുന്നു മുഖ്യപുരോഹിതന്റെ വാദം. അതുകൊണ്ട് ഈ ക്ഷേത്രം നിലകൊള്ളുന്ന പ്രദേശത്തിന്റെ സവിശേഷതയും ചരിത്രവും കണക്കിലെടുത്ത് ഈ സംഭവത്തെ വിലയിരുത്തുമ്പോള്‍ സോറി ആസിഫ് കാമ്പയിന് പിന്നീല് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തകര്‍ക്കാനുള്ള ഗൂഡശക്തികളാണെന്ന് പറയേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: