തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആബ്സന്റീ വോട്ടര്‍മാര്‍ക്ക് തപാല്‍ വോട്ടിന് തിരഞ്ഞെടുപ്പ് കമ്മീഷന് അവസരമൊരുക്കിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. 80 വയസിനുമുകളിലുള്ള മുതിര്‍ന്ന പൗരന്മാര്, വോട്ടര്‍പട്ടികയില്‍ ഭിന്നശേഷിക്കാര്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ളവര്‍, കോവിഡ് 19 ബാധിച്ചവരോ, രോഗമുണ്ടെന്ന് സംശയിക്കുന്നവരോ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അവശ്യ സര്‍വീസുകളില്‍ ഉള്‍പ്പെട്ടവര്‍ എന്നിവര്‍ക്കാണ് തപാല്‍ ബാലറ്റ് അനുവദിക്കുന്നത്.
തപാല്‍ വോട്ടിനുള്ള അപേക്ഷ ഫോം 12 ഡി വഴിയാണ് നല്‍കേണ്ടത്. ഫോം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോം 12ഡി വഴി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിച്ച് അര്‍ഹര്‍ക്ക് അതത് നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരികളാണ് തപാല്‍ ബാലറ്റ് അനുവദിക്കുന്നത്. പോളിംഗ് ഓഫീസര്‍ ആബ്സന്റീ വോട്ടറുടെ വീട്ടിലെത്തിയാകും ബാലറ്റ് നല്‍കുക.
വോട്ടര്‍പട്ടികയില്‍ ഭിന്നശേഷിയുള്ള വ്യക്തിയെന്ന് രേഖപ്പെടുത്തിയിട്ടുള്ള ഭിന്നശേഷിക്കാര്‍ക്കാണ് തപാല്‍ ബാലറ്റിന് അര്‍ഹതയുള്ളത്. ഫോം 12 ഡി ക്ക് ഒപ്പം ഇവര്‍ നിശ്ചിത സര്‍ക്കാര്‍ ഏജന്‍സി നല്കിയ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തപാല്‍ ബാലറ്റ് അനുവദിക്കുക. തപാല്‍ വോട്ടിന് അപേക്ഷിച്ച വോട്ടര്‍മാരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘവും സൂക്ഷ്മ നിരീക്ഷകരും സന്ദര്‍ശിച്ച് തപാല്‍ ബാലറ്റ് നല്‍കും. വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് ഉദ്യോഗസ്ഥരെ തിരിച്ചേല്‍പ്പിക്കാം.
വോട്ടര്‍പട്ടികയില്‍ തപാല്‍ ബാലറ്റ് അനുവദിച്ചവരുടെ വിവരം വരണാധികാരി രേഖപ്പെടുത്തും. തപാല്‍ ബാലറ്റ് അനുവദിച്ചവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ വോട്ടര്‍പ്പട്ടികയുടെ പകര്‍പ്പ് സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും നല്‍കും.തപാല്‍ ബാലറ്റ് വിതരണം ചെയ്യുന്ന സമയക്രമവും സ്ഥാനാര്‍ഥികളെ അറിയിക്കും. സ്ഥാനാര്‍ഥികള്‍ക്ക് അംഗീകൃത പ്രതിനിധികളെ വരണാധികാരിയുടെ മുന്‍കൂര്‍ അനുമതിയോടെ തപാല്‍ വോട്ട് വിതരണം ചെയ്യുന്ന സംഘത്തോടൊപ്പം അനുവദിക്കാം. തപാല്‍വോട്ട് രേഖപ്പെടുത്താന്‍ സഹായിയെ ആവശ്യമുള്ളവര്‍ക്ക് (കാഴ്ചപരിമിതര്‍, ശാരീരിക അവശതയുള്ളവര്‍) അനുവദിക്കും. സഹായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നല്കുന്ന ഫോം 14 എ പൂരിപ്പിച്ച് നല്‍കണം. പോളിംഗ് ഏജന്റ്, സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ക്ക് സഹായി എന്ന നിലയ്ക്ക് വോട്ട് രേഖപ്പെടുത്താനാകില്ല.
തപാല്‍ ബാലറ്റ് അനുവദിച്ച കോവിഡ് ബാധിതര്‍ക്ക് പിന്നീട് രോഗം നെഗറ്റീവ് ആയാലും ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല. കോവിഡ്ബാധിതര്‍ക്കും/രോഗം സംശയിക്കുന്നവര്‍ക്കും പോളിംഗിന്റെ അവസാനമണിക്കൂറില്‍ ബൂത്തിലെത്തി വോട്ടുചെയ്യാം. എന്നാല്‍, പൊതു ക്യൂവിലുള്ള എല്ലാവരും വോട്ടുരേഖപ്പെടുത്തിയശേഷമേ ഇവര്‍ക്ക് വോട്ടുചെയ്യാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: