ശിവാജി ആഗ്രയില്‍നിന്നും ഔറംഗസേബിന്റെ തടവറ ഭേദിച്ച് മഹാരാഷ്ട്രയില്‍ എത്തിയിരിക്കുന്നു എന്ന വാര്‍ത്ത കേട്ട് ദക്ഷിണ ദേശത്തിലെ ശിവാജിയുടെ ശത്രുക്കളുടെ കാലുവിറക്കാന് തുടങ്ങി. അക്കാലത്തെ ഭരണാധികാരികളുെട പത്രവ്യവഹാരത്തില്നിന്നും ഇവരുടെ ഭയം സ്പഷ്ടമാകുന്നുണ്ട്. സഹ്യാദ്രി സിംഹം ആഗ്രാ നഗരത്തില്‍ അപമാനിതനായതിന്റെ തിരിച്ചടി ദക്ഷിണ ദേശത്തെ തന്റെ ശത്രുക്കളില്‍ പ്രയോഗിക്കുമോ എന്നതായിരുന്നു അവരുടെ ഭയകാരണം. ഔറംഗസേബിനും അതു തന്നെയായിരുന്നു ഭയം.
എന്നാല്‍ ശിവാജി സ്വീകരിച്ച തന്ത്രം ഭിന്നമായിരുന്നു. അതിനാല്‍ ഔറംഗസേബ് തന്നെ ആശ്ചര്യചകിതനായി. രാജഗഡില്‍ എത്തിയ ഉടനെ ശിവാജി ബാദശാഹയ്ക്ക് സന്ധി പത്രം എഴുതി. കാരണം! ‘പുരന്ദര്‍ സന്ധിക്കു’ ശേഷം മുഗള്‍ സാമ്രാജ്യവുമായി സംഘര്‍ഷം നടത്താന്‍ മാത്രം ശക്തി സ്വരാജ്യത്തിനില്ലായിരുന്നു. സ്വരാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കണം, കോട്ടകളുടെ സംരക്ഷണ വ്യവസ്ഥ ശക്തിപ്പെടുത്തണം, പശ്ചിമതീരത്ത് സ്വരാജ്യത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കണം. ഫലപ്രദവും സാര്‍ത്ഥകവുമായ പ്രതികാരം ചെയ്യണമെങ്കില്‍ ശക്തിയും സാമര്‍ത്ഥ്യവും വര്‍ധിപ്പിക്കുക തന്നെ വേണം. ഏതുവരെ അതുണ്ടാവില്ലയൊ അതുണ്ടാവുന്നതുവരെ പ്രതീക്ഷിച്ചിരിക്കേണ്ടിവരും. ശിവാജിയുടെ തന്ത്രങ്ങളുടെയെല്ലാം പുറകെ ഒരേയൊരു ലക്ഷ്യമാണുള്ളത്. അന്തിമ വിജയം, എന്നതാണത്.
ശിവാജി ഔറംഗസേബിന് എഴുതിയ കത്തിന്റെ ഉള്ളടക്കം എന്തായിരുന്നു എന്ന് നോക്കാം. താങ്കളുടെ ഈ സേവകന്, താങ്കളുടെ സേവനത്തില്‍ ജീവിത സാഫല്യം കാണുന്നു. എന്റെ അധീനതയില്‍ ഉണ്ടായിരുന്ന കോട്ടകള്‍ നേരത്തെ തന്നെ താങ്കളുടെ അധീനതയില്‍ ഏല്‍പ്പിച്ചിരുന്നു. അവശേഷിക്കുന്ന കോട്ടകള്‍ കൂടി താങ്കള്‍ക്ക് സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. ദയവായി ഈ അപേക്ഷ അംഗീകരിച്ച് എന്നെ അനുഗ്രഹിക്കണം. താങ്കളുടെ സേവനം ചെയ്യുന്നതിന് അനുകൂലമാകുന്ന രീതിയില്‍ എന്റെ മകന് സംഭാജിക്ക് അയ്യായിരം സൈന്യത്തിന്റെ നായകന് എന്ന പദവി നല്കി അനുഗ്രഹിക്കണം. ഇങ്ങനെ എഴുതിയിട്ട് അവസാനം, അനുമതി വാങ്ങാതെ ആഗ്രയില്‍നിന്ന് വന്നതിന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് ക്ഷമ യാചിക്കുന്നു. എന്ന് താങ്കളുടെ വിനീത സേവകന് ശിവാജി.
ഈ എഴുത്ത് വായിച്ച ഔറംഗസേബ് എന്തായിരിക്കും ചിന്തിച്ചിരിക്കുക? വഞ്ചിച്ചുകടന്നു കളഞ്ഞവനോട് ക്ഷമിക്കണം! മരിച്ചുപോയി എന്ന് പ്രചരിപ്പിച്ച്, അന്വേഷണം നിര്ത്തിവെച്ചവന് സൈനിക പദവി കൊടുക്കണം! ബാദശാഹ എഴുത്തിന് മറുപടിയൊന്നും കൊടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: