ലോകം അംഗീകരിച്ചിട്ടും നാട് അറിയാതെ പോയ ഒരു നാട്ടുമ്പുറത്തുകാരന്‍-ശിലാ സന്തോഷ്. പത്തനംതിട്ട ജില്ലയിലെ അടൂര്‍ മാഞ്ഞാലി സ്വദേശി. സന്തോഷിന്റെ വീട്ടില്‍ ഞങ്ങളെത്തുമ്പോള്‍ സ്വീകരിച്ച് ആനയിച്ചത് ഒറിജിനലിനെ വെല്ലുന്ന പ്ലാവും അതിലെ ഫലങ്ങളുമായിരുന്നു. ശില്‍പ്പങ്ങളാലും ത്രിമാന ചിത്രങ്ങളാലും നിറഞ്ഞ ചുമരുകളും, നിറയെ ഫലകങ്ങള്‍ നിറഞ്ഞ സ്വീകരണ മുറിയുമൊക്കെയായി ഒരു വലിയ ‘കലാലയം’ തന്നെയാണ് ഈ മുപ്പത്തെട്ടുകാരന്റെ വാസസ്ഥലം. ഏറ്റവും കൂടുതല്‍ പു
രാവസ്തുക്കള്‍ വീട്ടില്‍ ശേഖരിച്ച് അത് മ്യൂസിയമാക്കിയും, സന്ദര്‍ശകര്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കുകയും ചെയ്തതിന് അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, ബിബിസി അവാര്‍ഡ്, ഇന്ത്യന്‍ നാഷണല്‍ ന്യൂസ് അവാര്‍ഡ്, വേള്‍ഡ് നുമാസ്റ്റിക് അവാര്‍ഡ് ഉള്‍പ്പെടെ 200-ലേറെ അംഗീകാരങ്ങള്‍ ഇതിനോടകം സന്തോഷിനെ തേടിയെത്തിയിട്ടുണ്ട്. ഒരു യഥാര്‍ത്ഥ പ്രകൃതിസ്നേഹി. മികച്ച ചിത്രകാരനായും മോട്ടിവേറ്ററായും മജീഷ്യനായും ശില്‍പ്പിയായും വാസ്തുവിദഗ്ധനായും ഇന്റീരിയര്‍ ഡിസൈനറായും ജീവകാരുണ്യ പ്രവര്‍ത്തകനായും കര്‍ഷകനായും ഔഷധസസ്യങ്ങളുടെ പരിപാലകനായും തന്റെ കര്‍മ്മമേഖലയില്‍ സന്തോഷ് നിറഞ്ഞു നില്‍ക്കുന്നു.
പതിനാലാം വയസില്‍ തുടങ്ങിയ ഹോബി
സന്തോഷ് ഇങ്ങനെ പറഞ്ഞു തുടങ്ങി: ”കൂട്ടുകാര്‍ പലരും പഠിപ്പിസ്റ്റുകളായി പരക്കം പായുന്ന കാലത്ത് പറമ്പിലും പാടത്തുമുള്ള പാഴ് വസ്തുക്കള്‍ പെറുക്കി വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ അമ്മയുടെ ശകാരം കേട്ടത് മറക്കാന്‍ കഴിയില്ല. ഈ സ്വഭാവം ഞാന്‍ നിര്‍ത്തുന്നില്ല എന്ന് ബോധ്യപ്പെട്ട രക്ഷിതാക്കള്‍ പിന്നീടങ്ങോട്ട് എന്നോടൊപ്പം കൂടുകയാണ് ചെയ്തത്.” ചുരുങ്ങിയ വയസ്സിനുള്ളില്‍ സന്തോഷ് ശേഖരിച്ച പുരാവസ്തുക്കള്‍ നേരില്‍ കണ്ട പ്രമുഖര്‍ക്കെല്ലാം ഇവിടുത്തെ കാഴ്ചകള്‍ അത്ഭുതമായിരിക്കുകയാണ്. ഒരു പത്താം ക്ലാസുകാരന്റെ ചരിത്രാവബോധം ഇവിടെയെത്തുന്ന ഗവേഷണവിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റുള്ളവര്‍ക്കും ശരിക്കും പ്രയോജനം ചെയ്യുന്നുണ്ട്. ‘മ്യൂസിയവീട്’ കണ്ടിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും മറ്റും വാക്കുകള്‍ ഇതിന്റെ നേര്‍സാക്ഷ്യമാണ്. താന്‍ പരിചയപ്പെടുന്ന എന്തിനെക്കുറിച്ചും-അത് പുരാവസ്തുക്കളാകാം, ഔഷധച്ചെടികളാകാം, കൗതുക വസ്തുക്കളാകാം, വൃക്ഷങ്ങളാകാം, പുത്തന്‍ അറിവുകളാകാം, എന്തിന് വ്യക്തികളായാല്‍പ്പോലും-അവയെയെല്ലാം ആഴത്തിലും പരപ്പിലും ആധികാരികമായും മനസ്സിലാക്കി ആ അറിവുകള്‍ സമൂഹനന്മയ്‌ക്ക് ഉപയുക്തമാക്കുകയെന്നതാണ് സന്തോഷിന്റെ ചെറുപ്പത്തിലേയുള്ള ശീലം.
വീടിന്റെ അകത്തളങ്ങളില്‍ മുഴുവന്‍ തന്റെ കരവിരുതും കലാവിരുതുംകൊണ്ട് നിറഞ്ഞ കൗതുക വസ്തുക്കളും വൈവിധ്യമായ ശേഖരങ്ങളും കാണുവാന്‍ ഏതൊരാള്‍ക്കും ഇവിടെ പ്രവേശിക്കാം. ബെഡ്‌റൂം പോലും സന്ദര്‍ശകര്‍ക്കായി തുറന്നിട്ടിരിക്കുകയാണ്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറ്റമ്പതോളം പേര്‍ ദിവസേന സന്ദര്‍ശകരായി എത്തുന്നുണ്ടെന്ന് സന്തോഷ് പറയുന്നു.
ഏകദേശം തൊള്ളായിരം ചതുരശ്ര മീറ്ററില്‍, വളരെ അടുത്തടുത്തായി സൂക്ഷിച്ചിരിക്കുന്ന ഈ ശേഖരങ്ങള്‍ ഒരു മുപ്പതിനായിരം ചതുരശ്ര മീറ്ററിലെങ്കിലും പ്രദര്‍ശിപ്പിക്കുവാനുള്ള വകയുണ്ട് എന്നാണ് സന്തോഷിന്റെ ഭാഷ്യം. കുറേക്കൂടി വിശാലമായി പ്രദര്‍ശിപ്പിക്കുവാന്‍ സൗകര്യമില്ലാത്തതാണ് സന്തോഷിനെ ഇപ്പോള്‍ അലട്ടുന്നത്. സന്തോഷ് സ്ഥലത്തില്ലാത്ത സമയങ്ങളിലും മ്യൂസിയം കാണാന്‍ വരുന്നവര്‍ക്ക് എല്ലാം പറഞ്ഞുകൊടുക്കുവാനായി ഭാര്യ സന്ധ്യയും, മക്കളായ അതുല്യയും അര്‍പ്പിതയും തയാറായി നില്‍പ്പുണ്ടാവും.
കാര്‍ഷിക ശേഖരണത്തില്‍ നിന്ന് തുടങ്ങാം
ലോകകാര്‍ഷിക സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ബ്രസീലില്‍ പോയ വയനാട്ടിലെ നെല്ലച്ഛന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചെറുവയല്‍ രാമേട്ടനെക്കുറിച്ച് പറയുമ്പോള്‍ സന്തോഷിന് നൂറ് നാവാണ്. അദ്ദേഹത്തെ പരിചയപ്പെട്ടതില്‍ പിന്നെ വീട്ടിലെ ഒരംഗമായിട്ടാണ് കാണുന്നത്. അദ്ദേഹത്തിന്റെ പക്കല്‍ നിന്ന് ലഭിച്ച ഇരുപതിനം നെല്‍ വിത്തുകള്‍ ഉള്‍പ്പെടെ നാ
ല്‍പ്പതില്‍പരം വിത്തിനങ്ങള്‍ സന്തോഷിന്റെ പക്കലുണ്ട്. ഈ അപൂര്‍വ നെല്‍വിത്തുകള്‍ തെക്കന്‍ കേരളത്തില്‍ ആദ്യമായി കൃഷി ചെയ്ത് വിളവെടുത്തതിന്റെ വലിയ സന്തോഷം സന്തോഷിന്റെ വാക്കുകളില്‍ കാണാം. സന്തോഷിനെ സമീപിച്ചാല്‍ ഈ നെല്‍വിത്തുകള്‍ ആര്‍ക്കും കിട്ടും. പക്ഷേ ഒരു നിബന്ധന മാത്രം. കൃഷിക്കായി രണ്ടു കിലോ വിത്ത് വാങ്ങിയാല്‍ വിളവെടുക്കുമ്പോള്‍ നാല് കിലോ തിരിച്ചു കൊടുക്കണം. നിരവധി പേരാണ് നെല്‍വിത്തുകള്‍ ശേഖരിക്കുവാന്‍ ദിനംപ്രതി ഇവിടെയെത്തുന്നത്. ആദിവാസികള്‍ ദിവ്യഔഷധമായി ഉപയോഗിച്ചിരുന്ന ‘അന്നൂരി’ നെല്ല് എന്ന വിത്തിനം ഇവിടുത്തെ ഏറ്റവും പുതിയ അതിഥിയാണ്. രണ്ടാഴ്‌ച്ച കൊണ്ട് വളര്‍ച്ച പൂര്‍ത്തിയാവുകയും, സൂര്യോദയത്തിന് മുന്‍പ് കുടം വരുകയും, ഉച്ചയോടെ പകുതി വിളവെത്തി വൈകുന്നേരം പാകമായി കൊഴിഞ്ഞു വീഴുകയും ചെയ്യുന്നതാണ് അന്നൂരി നെല്ലിന്റെ പ്രത്യേകത. പൂര്‍വികര്‍ രോഗശമനത്തിന് ഉപയോഗിച്ച ആരോഗ്യപ്പച്ചയും ഇവിടുത്തെ അതിഥിയാണ്.
കരിമഞ്ഞളും കസ്തൂരി മഞ്ഞളും
കിലോക്ക് ലക്ഷങ്ങള്‍ വിലമതിക്കുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ കരിമഞ്ഞള്‍ സന്തോഷിന്റെ ശേഖരത്തിലുണ്ട്. കരിമഞ്ഞളിന്റെ ഔഷധഗുണം മനസ്സിലാക്കിയിട്ടാകണം, ചലച്ചിത്ര താരം സുരേഷ് ഗോപി സന്തോഷിനെ ബന്ധപ്പെട്ടതും, അദ്ദേഹത്തിന്റെ പക്കല്‍ നിന്നും ഒരു തൈ സ്വന്തമാക്കിയതും.
”നമ്മള്‍ പൊതുവിപണിയില്‍ നിന്നും വാങ്ങുന്ന മഞ്ഞ നിറത്തിലുള്ള കസ്തൂരി മഞ്ഞള്‍ യഥാര്‍ത്ഥമല്ല. മഞ്ഞ കൂവയില്‍പ്പെട്ട ഒരു ചെടിയാണത്. യഥാര്‍ത്ഥ കസ്തൂരി മഞ്ഞളിന്റെ നിറം വെണ്ണയുടെ നിറമാണ്” വീട്ടുമുറ്റത്ത് കവറില്‍ മുളപ്പിച്ച് വളര്‍ത്തുന്ന കസ്തൂരി മഞ്ഞളിന്റെ തൈകള്‍ ചൂണ്ടിക്കാട്ടി സന്തോഷ് പറയുന്നു. ഇത് തേച്ചുകുളിച്ചാല്‍ ശരീരത്തിലെ പാടുകള്‍ മാറുമെന്ന് മാത്രമല്ല, കുളിര്‍മയും ലഭിക്കും എന്നതാണ് സന്തോഷിന്റെ അനുഭവം. മാനസിക രോഗത്തിന് പ്രതിവിധിയെന്നു ആയുര്‍വ്വേദം പറയുന്ന സോമലത ഇവിടുത്തെ ഔഷധ ശേഖരത്തില്‍പ്പെടുന്നു. ഇത് ഉപയോഗിച്ചാണ് സോമയാഗം നടത്തുന്നതും, സോമരസം എന്ന പാനീയം ഉണ്ടാക്കുന്നതും.
ലോകത്തിലെ ഏറ്റവും വിലകൂടിയ ‘ഊദു’ മരവും നക്ഷത്രവനവും ‘കായ’ മരവും ഇവിടുത്തെ കാഴ്ചകളാണ്. അപൂര്‍വമായ പുരാവസ്തുക്കളോ ഔഷധച്ചെടികളോ ലോകത്തിന്റെ ഏത് കോണില്‍ ഉണ്ടെന്നറിഞ്ഞാലും അത് സ്വന്തമാക്കുവാന്‍ സന്തോഷ് കാട്ടുന്ന താല്‍പ്പര്യം എടുത്തുപറയേണ്ട ഒന്നാണ്. എല്ലാ ഔഷധച്ചെടികളും ശേഖരിച്ച് ഒരു വലിയ ഔഷധത്തോട്ടം ഉണ്ടാക്കുകയും, അത് സമൂഹത്തിന് പ്രയോജനം ചെയ്യുന്ന തരത്തില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാണ് സന്തോഷിന്റെ അടുത്ത ലക്ഷ്യം. ഇപ്പോള്‍ തന്നെ ആയിരത്തില്‍ പരം ഔഷധ സസ്യങ്ങളുടെ ശേഖരം ആയിക്കഴിഞ്ഞു.
കണ്ടു മതിവരാത്ത കൗതുക ശേഖരങ്ങള്‍
സന്തോഷിന്റെ സ്വീകരണ മുറിയിലേക്ക് നമ്മളെ സ്വാഗതം ചെയ്യുന്നത് പ്രശസ്തരോടൊത്തുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളാണ്. അത് വെറുതെയുള്ള ചിത്രങ്ങളല്ല. തന്റെ കലാവിരുതില്‍പ്പെട്ടതും കൈമുതലായിട്ടുമുള്ള കൗതുക വസ്തുക്കളും ഔഷധച്ചെടികളും കൈമാറുന്ന ചിത്രങ്ങളാണ്. മോഹന്‍ലാലിന് ചങ്ങലയാല്‍ കൊരുത്ത മോതിരവും, മഞ്ജുവാര്യര്‍ക്കും ഇന്ദ്രന്‍സിനും ആറന്മുള കണ്ണാടിയും, സുരേഷ് ഗോപിക്ക് കരിമഞ്ഞള്‍ കൈമാറുന്ന ചിത്രവുമാണ് പ്രധാനമായിട്ടുള്ളത്.
ഏടാകൂടം, ഊരാക്കുടുക്ക്, ചിന്നമരുത് -പെരിയ മരുത്, രാജവംശ കാലത്ത് ഉപയോഗിച്ചിരുന്ന ബൂമറാങ് (വളരി), അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടന്ന കല്ലുമാല സമരത്തിലെ ‘കല്ലുമാല,’ തോലില്‍ വരച്ച വിക്ടോറിയ രാജ്ഞിയുടെ ചിത്രം, ആറന്മുള കണ്ണാടിയുടെ വിവിധ ഇനങ്ങള്‍, തോല്‍മാപ്പ്, ആദിവാസികള്‍ ഉപയോഗിച്ചിരുന്ന തടിയുടെ ചെരുപ്പ്, ഏറ്റവും ചെറിയ ബൈബിള്‍, വെഞ്ചാമരം, രണ്ടു കോടി വര്‍ഷം പഴക്കമുള്ള മരത്തിന്റെ ഫോസില്‍ (കല്‍മരം), ലോകത്തിലെ ഏറ്റവും ചെറിയ ആറന്മുള കണ്ണാടി, ഏറ്റവും ചെറിയ പുസ്തകം, താഴിട്ട് പൂട്ടിയ മുട്ടത്തോട്, ഏറ്റവും ചെറിയ ചര്‍ക്ക, ഏറ്റവും ചെറിയ കളര്‍ ചിത്രം, മുട്ടയ്‌ക്കുള്ളില്‍ വരച്ച ചിത്രം, അനാമോര്‍ഫിങ് പെയിന്റിങ്ങുകള്‍, ദേവനാഗരി ലിപിയില്‍ ഓലയില്‍ എഴുതിയ മഹാഭാരതം, ബ്രിട്ടീഷ് ഭരണ കാലത്ത് ഉപയോഗിച്ചിരുന്ന കൈവിലങ്ങ്, ലോകത്തിലെ ഏറ്റവും ചെറിയ നാണയം, ലോകത്തിലെ ഏറ്റവും വലിയ നോട്ട്, ലോകത്തിലെ ഏറ്റവും ചെറിയ തേങ്ങ, പത്തുലക്ഷം കോടിയുടെ ഒറ്റനോട്ട് (സിംബാബ്‌വേ), ആയിരം കോടിയുടെ ഒറ്റനോട്ട്, (യുഗോ സ്ലാവിയ), സന്തോഷ് അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന അദ്ദേഹത്തിന്റെ തന്നെ ത്രീ ഡി ചിത്രം, നമ്മളെ പ്രപഞ്ചത്തിന്റെ മാസ്മരിക ലോകത്തേക്ക് എത്തിക്കുന്ന ഊണ് മുറിയിലെ കൃത്രിമ വെള്ളച്ചാട്ടം, ബെഡ് റൂമിലെ വാഴത്തോട്ടം തുടങ്ങി അപൂര്‍വങ്ങളില്‍ അപൂര്‍വവും മനസ്സിനെ അത്ഭുതപ്പെടുത്തുന്നതുമായ നിരവധി കൗതുക കാഴ്ചകളാണ് സന്തോഷിന്റെ ഈ ചെറിയ വീട്ടില്‍ ഒരുക്കിയിരിക്കുന്നത്.
ആയുധപ്പുരയിലേക്ക് ഒരെത്തി നോട്ടം
ഒരു രാജകൊട്ടാരത്തിലെ ആയുധപ്പുരയില്‍ പ്രവേശിച്ച പ്രതീതി ആയിരുന്നു വീടിന്റെ അടുത്ത മുറിയില്‍ ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്. ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം പിടിച്ച ഉറുമി, പരിച, കായംകുളം വാള്‍, പല്ലവ വാള്‍, ഇരുതല വാള്‍, ആദിവാസികള്‍ ഉപയോഗിച്ചിരുന്ന വിവിധ ആയുധങ്ങള്‍, കുറിച്യരുടെ അമ്പും വില്ലും, ലോകത്തെ ഏറ്റവും മൂര്‍ച്ചയേറിയ വാള്‍, മലപ്പുറം കത്തി, തിരുവിതാംകൂര്‍ കത്തി, പണ്ടുകാലത്ത് ആനയുടെ കാല്‍വെട്ടിയിരുന്ന കത്തി, അഞ്ചല്‍ കുന്തം, പു
രാതന കാലത്തെ മഴു, ചുരിക, ഒറ്റച്ചുരിക, വാരിക്കുന്തം തുടങ്ങി പുതിയ തലമുറ കാണാത്ത, അവരുടെ ചരിത്രപഠനത്തിന് ഉതകുന്നതരത്തിലുള്ള ശേഖരങ്ങളാണ് ഇവിടെയുള്ളത്. സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നും നിരവധി കുട്ടികളും അദ്ധ്യാപകരും ഇവിടെ വന്നുപോകുന്നു. സൗജന്യമായി പ്രവേശനമുള്ള ഈ മ്യൂസിയ വീട്ടിലേക്ക് ഇപ്പോഴും അതിഥികള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ശേഖരങ്ങളുള്ള ഈ മ്യൂസിയത്തില്‍ എല്ലാം വിശദമായി ഒന്ന് കണ്ടിറങ്ങുവാന്‍ നാല് മണിക്കൂറെങ്കിലും വേണ്ടി വരും.
അപൂര്‍വ നാണയങ്ങളും കറന്‍സികളും
വീടിന്റെ താഴത്തെ നിലയില്‍ നിന്നും ഒന്നാം നിലയിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത് ഇതുവരെ കാണാന്‍ കഴിഞ്ഞതില്‍ നിന്നും വ്യത്യസ്തമായ കാഴ്ചകളിലേക്കാണ്.
രണ്ടായിരം വര്‍ഷം പഴക്കമുള്ള റോമന്‍ നാണയവും, യേശുവിനെ ഒറ്റുക്കൊടുത്ത വെള്ളിക്കാശ്, 2236 വര്‍ഷം മുന്‍പ് അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്തെ നാണയം, 1200വര്‍ഷം പഴക്കമുള്ള തിരുവിതാംകൂറിന്റെ പ്രഥമ നാണയമായ വീരകേരള പണം, 600 വര്‍ഷം പഴക്കമുള്ള ചൈനീസ് നാണയം, 100 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഉപയോഗിച്ചിരുന്ന നാണയങ്ങള്‍, തുടങ്ങി 235 രാജ്യങ്ങളിലെ നാണയങ്ങള്‍ ലോകത്തില്‍ ഏറ്റവും അധികം മുസ്ലിങ്ങള്‍ താമസിക്കുന്ന ഇന്തോനേഷ്യയില്‍ ഇറങ്ങിയ ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത കറന്‍സി, യുഗോസ്ലോവിയയിലെ ആയിരംകോടി രൂപയുടെ ഒറ്റനോട്ട്, 1995 മുതല്‍ 1970 വരെ യുഎഇയില്‍ ഉപയോഗിച്ചിരുന്ന ഇന്ത്യയില്‍ അച്ചടിച്ച നോട്ടുകള്‍ തുടങ്ങി 200 രാജ്യങ്ങളിലെ കറന്‍സികളും, പണ്ട് കാലത്ത് നാണയങ്ങള്‍ എണ്ണിയിരുന്ന ചിത്ര പാലകയും സന്തോഷിന്റെ ശേഖരത്തില്‍പ്പെടുന്നു. ഇന്ത്യയിലെ എല്ലാ പ്രധാനമന്ത്രിമാരുടെയും രാഷ്‌ട്രപതിമാരുടെയും ജനന തീയതിയായി വരുന്ന ഒരേ സീരിയല്‍ നമ്പറിലുള്ള പത്തുരൂപ നോട്ടുകളുമുണ്ട്. ഈ അടുത്ത കാലത്ത് തായ്‌ലന്‍ഡില്‍ നടന്ന മുപ്പതു രാജ്യങ്ങള്‍ പങ്കെടുത്ത നുമാസ്റ്റിക് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പോയ സന്തോഷിനായിരുന്നു ഒന്നാം സ്ഥാനം.
പത്രങ്ങള്‍, കാര്‍ട്ടൂണുകള്‍,സ്റ്റാമ്പുകള്‍…
മലയാളത്തിലെ ചില ദിനപത്രങ്ങളുടെ ആദ്യ പതിപ്പുകള്‍, 1890മുതലുള്ള ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, ജയന്‍ തുടങ്ങിയവരുടെ മരണം, 1924ലെ വെള്ളപ്പൊക്കം തുടങ്ങി പ്രധാന സംഭവങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ എല്ലാ ദിനപ്പത്രങ്ങളുടെയും പതിപ്പുകള്‍, 1917ല്‍ ഇറങ്ങിയ യങ് ഇന്ത്യാ പത്രം, ഹരിജന്‍ ദിനപത്രം തുടങ്ങി നൂറ് രാജ്യങ്ങളിലെ പത്രങ്ങള്‍, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും പത്രങ്ങള്‍ ഉള്‍പ്പെടെ അറുനൂറോളം പത്രങ്ങള്‍ ശിലാ മ്യൂസിയത്തില്‍ ഉണ്ട്.
ലോകത്തിലെ ആദ്യത്തെ സ്റ്റാമ്പ് ആയ പെനി ബ്ലാക്ക് (ഇംഗ്ലണ്ട്), ഇന്ത്യയിലെ ആദ്യത്തെ സ്റ്റാമ്പ്, ലോകരാജ്യങ്ങളിലെ നിരവധി സ്റ്റാമ്പുകള്‍, അഞ്ചല്‍ കാര്‍ഡ്, ബ്രിട്ടീഷ് ഇന്ത്യയുടെ പോസ്റ്റ് കാര്‍ഡ്, ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പോസ്റ്റ് കാര്‍ഡ് എന്നിവയും ഇവിടെ കാണാം.
ഇന്ത്യന്‍ കാര്‍ട്ടൂണുകളുടെ കുലപതിയായ ശങ്കര്‍, യേശുദാസന്‍, ടോംസ്, കുട്ടി, വേഗവരയ്‌ക്ക് ലോക റെക്കോര്‍ഡ് നേടിയ ജിതേഷ്ജി, പാച്ചന്‍ കൊട്ടിയം, വിനോബ് കാരക്കാട് തുടങ്ങി പ്രമുഖരായ 170 കാര്‍ട്ടൂണിസ്റ്റുകളുടെ 1700ല്‍ പരം കാര്‍ട്ടൂണുകള്‍, 1912മുതലുള്ള ആദ്യകാല കാര്‍ട്ടൂണ്‍ മാസികകള്‍, നൂറ് വര്‍ഷം പഴക്കമുള്ള പുസ്തകങ്ങള്‍, തുടങ്ങി നിരവധി ശേഖരങ്ങളും കൈവശമുണ്ട്. ആദ്യത്തെ ബൈനോക്കുലര്‍, 1951ലെ ആദ്യ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച ബാലറ്റ് പെട്ടി, ആദ്യകാല അളവ് തൂക്കത്തിന് ഉപയോഗിച്ചിരുന്ന തോല, മുപ്പത്തിയഞ്ചോളം വിവിധ ത്രാസുകള്‍, 1922ലെ ക്യാമറ, നൂറിലധികം വര്‍ഷം പഴക്കമുള്ള പിയാനോ, താളിയോലകളില്‍ എഴുതിയ നൂറില്‍പരം ഗ്രന്ഥക്കെട്ടുകളും ഉള്‍പ്പെടെ എഴുതിയാല്‍ തീരാത്ത അപൂര്‍വ ഇനം പുരാവസ്തുക്കളുടെ ഉടമയാണ് ഈ മുപ്പത്തെട്ടുകാരന്‍.
പത്തനംതിട്ട ജില്ലയിലെ ആദിവാസി വീടുകളില്‍ എല്ലാമാസവും ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും എത്തിക്കുന്ന ‘സ്‌നേഹപ്പച്ച’ എന്ന കൂട്ടായ്മയുടെ ചെയര്‍മാനും ‘നേച്ചര്‍ പ്ലസ് കേരള ‘എന്ന പരിസ്ഥിതി സംഘടനയില്‍ സജീവ സാന്നിധ്യവുമാണ് സന്തോഷ്. തടിയിലും സിമന്റിലും കല്ലിലും നിര്‍മിച്ച സന്തോഷിന്റെ കൈവിരുതിന്റെ നേര്‍സാക്ഷ്യങ്ങളായ നിരവധി ശില്‍പ്പങ്ങളും വീടിന്റെ അകത്തളങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നമുക്ക് കാണുവാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: