ദീര്‍ഘകാലത്തെ കലാസപര്യകൊണ്ട് ഒരു സംസ്കാരത്തെ ധന്യമാക്കിത്തീര്ത്ത വ്യക്തിയായിരുന്നു തിങ്കളാഴ്ച പുലര്‍ച്ചെ നൂറ്റിയഞ്ചാം വയസ്സില്‍ അന്തരിച്ച വിശ്രുത കഥകളിനടന് പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍. 1916 ല്‍ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്തുള്ള ചേലിയയിലെ ഒരു പാരമ്പര്യ കര്‍ഷകകുടുംബത്തില്‍ ജനിച്ച കുഞ്ഞിരാമന് നായര്‍ക്ക് ബാല്യത്തിലെ അച്ഛനമ്മമാരുടെ വിയോഗമുണ്ടായി. തുടര്‍ന്ന് സഹോദരിയുടെ വാത്സല്യപാത്രമായി വളര്‍ന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കഥകളി അഭ്യസിക്കാനായി പുറപ്പെട്ട അദ്ദേഹം ആറുവര്‍ഷം വീതം കഥകളിയിലും നൃത്തകലയിലും ശാസ്ത്രീയമായ പഠനം പൂര്‍ത്തിയാക്കി. ഒരു വ്യാഴവട്ടം നീണ്ട ഈ പരിശീലനത്തിനുശേഷം അദ്ദേഹം പ്രസ്തുതകലകളില് പ്രവീണനാവുകയും വിവിധ വേദികളില്‍ അവയുടെ അവതരണം നടത്തുകയും ചെയ്തു. എന്നുമാത്രമല്ല താന്‍ വശമാക്കിയ വിശിഷ്ടകലയെ വരുംതലമുറയിലേക്ക് പകര്‍ന്നുകൊടുക്കാനായി വിവിധ ദിക്കുകളില്‍ കലാവി ദ്യാലയങ്ങള്‍ സ്ഥാപിച്ച് അനേകം പേരെ കഥകളിയും നൃത്തവും അഭ്യസിപ്പിച്ച് തന്റെ കലോപാസന തുടര്‍ന്നുവന്നു.
ഒരു നൂറ്റാണ്ടിലേറെ ജീവിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായരെത്തേടി ദേശീയവും അന്തര്‍ദേശീയവുമായ അനേകം പുരസ്കാരങ്ങള്‍ എത്തുകയുണ്ടായി. പദ്മശ്രീ നല്കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. ബാലസംസ്ക്കാരകേന്ദ്രത്തിന്റെ 1913 ലെ ജന്മാഷ്ടമി പുരസ്കാരം അദ്ദേഹത്തിനായിരുന്നു നല്‍കിയത്. പ്രമുഖ കഥകളി നടന് കലാമണ്ഡലം ഗോപിയാശാനാണ് അദ്ദേഹത്തിന് സമര്‍പ്പിച്ചത്.
ഇവയിലൊന്നിലും പരിധിക്കപ്പുറം ആകൃഷ്ടനാകാതെ, വാര്‍ദ്ധക്യത്തെപ്പോലും പരിഗണിക്കാതെ അദ്ദേഹം തന്റെ കലാജീവിതം തുടര്‍ന്നു. സംശുദ്ധമായ ജീവിതചര്യയിലൂടെ നര്ത്തനമെന്ന കലയെ ദീര്‍ഘകാലം സേവിക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നത് അദ്ദേഹത്തിന്റെ കലാതപസ്സിന്റെ വിജയമാണ്. തന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടന്ന ആഘോഷത്തില്‍പ്പോലും വേഷമിട്ട് ആടാന്‍ അദ്ദേഹം തയ്യാറായി എന്നത് അദ്ദേഹത്തിന്റെ നൃത്താസക്തിയുടെ പെരുമയെ വെളിവാക്കുന്നതായിരുന്നു. ആ ഇച്ഛാശക്തി കലയ്ക്കായി ജീവിതമുഴിഞ്ഞുവെച്ച എല്ലാവര്ക്കും പ്രചോദനമേകുന്നതായിരുന്നു.
എഴുതപ്പെട്ട എല്ലാ ആട്ടക്കഥകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശ്രീകൃഷ്ണവേഷം അദ്ദേഹത്തിന്റെ ഭക്തിനിര്‍ഭരമായ സങ്കല്പത്തില്പ്പെട്ടതായിരുന്നു. ഭഗവാന്റെ വേഷം ആടിത്തിമിര്ക്കുമ്പോള് അതിലദ്ദേഹം മുഴുകിപ്പോകുമായിരുന്നുവെന്നതിന് അനേകം ഉദാഹരണങ്ങള്‍ നിരത്താനാവും. അത്രത്തോളമായിരുന്നു ഭഗവാന് കൃഷ്ണനെന്ന പാത്രത്തോടുള്ള അദ്ദേഹത്തിന്റെ തന്മയീഭാവം. അദ്ദേഹത്തിന്റെ ശ്രീകൃഷ്ണവേഷം പ്രേക്ഷകരേയും ഭക്തിയുടെ ഉത്തുംഗതയിലേക്ക് എത്തിക്കുന്നതായിരുന്നു.
ഒരു വിശിഷ്ടസങ്കല്പത്തിനായി, നൈരന്തര്യത്തോടെ ഇത്രയും പതിറ്റാണ്ടുകള്‍ ലയിച്ചു ജീവിച്ച ദീര്ഘതപസ്വിയായ കുഞ്ഞിരാമന് നായരുടെ ഓര്‍മ്മകള്‍ വരും. തലമുറകളിലെ കലാകാരന്മാര്ക്കെല്ലാം പ്രേരണദീപമാകട്ടെ. അദ്ദേഹത്തിന്റെ പാവന സ്മരണയ്ക്കുമുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: