കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഇനി പുതിയ കാവല്‍മുറികളിലേക്ക്. കരിക്കോട് വെയര്‍ ഹൗസിംഗ് കോര്‍പറേഷനില്‍ സൂക്ഷിച്ചിരുന്നവയാണ് പുറത്തെടുത്ത് വിതരണം ചെയ്തത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടറുടെ മേല്‍നോട്ടത്തിലായിരുന്നു നടപടികള്‍.
റിട്ടേണിംഗ് ഓഫീസര്‍മാര്‍ കൈപ്പറ്റിയ മെഷീനുകള്‍ 11 നിയോജകമണ്ഡലങ്ങളിലേയും സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റും. പ്രത്യേക പോലീസ് കാവലാണ് ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തുക. ബാര്‍കോഡിംഗ് വഴി സുരക്ഷ ഉറപ്പാക്കിയായിരുന്നു വിതരണം. ഇവിഎം സിസ്റ്റം മാനേജ്മെന്റ് സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് ക്രമീകരണങ്ങള്‍. വിവി പാറ്റ് മെഷീനുകളാണ് ആദ്യം പരിശോധിച്ചത്. പിന്നാലെ വോട്ടിംഗ് മെഷീനുകളും. കവചിത വാഹനങ്ങളില്‍ പോലീസ് അകമ്പടിയോടെയാണ് ഇവ നിയോജക മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളില്‍ സജ്ജമാക്കിയ സ്ട്രോംഗ് റൂമുകളിലേക്ക് എത്തിച്ചത്.
സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും സ്ഥാപിക്കുന്ന ഇവിഎം കമ്മിഷനിംഗ് സമയത്ത് മാത്രമെ ഇവ പുറത്തെടുക്കുകയുളളൂ. തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുമ്പുള്ള ദിവസമായ ഏപ്രില്‍ അഞ്ചിന് മെഷീനുകള്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും. ജില്ലയിലെ 3213 പോളിംഗ് സ്റ്റേഷനുകള്‍ക്കായി 3966 കണ്ട്രോള് യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളാണ് നല്‍കിയത്. വോട്ട് രേഖപ്പെടുത്തി കൃത്യത ഉറപ്പാക്കുന്നതിനുള്ള 4272 വിവി പാറ്റ് മെഷീനുകളും (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) വിതരണം ചെയ്തു.
സബ് കളക്ടര്‍ ശിഖാ സുരേന്ദ്രന്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ സി.എസ്. അനില്‍, സൂപ്രണ്ട് അജിത്ത് ജോയി, റിട്ടേണിംഗ്-അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, തെരഞ്ഞെടുപ്പ്-പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: